ദോഹ: ആരാധനാലയങ്ങൾക്കും ട്രാഫിക് സൂചന ബോർഡുകൾക്കും അരികിലെ പരസ്യങ്ങൾ വിലക്കി മാർഗനിർദേശങ്ങളുമായി മുനിസിപ്പാലിറ്റി മന്ത്രാലയം. പരസ്യങ്ങൾക്കായുള്ള ചട്ടങ്ങൾ പരിഷ്കരിച്ചാണ് രണ്ടാം പതിപ്പ് മന്ത്രാലയം പുറത്തിറക്കിയത്. അതത് മുനിസിപ്പാലിറ്റികളിൽനിന്ന് അനുമതി നേടാതെയും ആവശ്യമായ ചാർജുകളും സെക്യൂരിറ്റി ഡെപ്പോസിറ്റും നൽകാതെയുമുള്ള പരസ്യങ്ങൾ സ്ഥാപിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
പരസ്യവും പരസ്യവുമായി ബന്ധപ്പെട്ട ആസൂത്രണ, നിയന്ത്രണ ആവശ്യകതകളും നടപടികളും എന്ന തലക്കെട്ടിൽ 89 പേജുകളിലായാണ് രണ്ടാം പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. മന്ത്രാലയത്തിന്റെ സുപ്രധാന സ്ട്രാറ്റജിക് പദ്ധതികളിലൊന്നാണ് പരസ്യഗൈഡ്. പത്രങ്ങൾ, മാഗസിനുകൾ, ജേണലുകൾ, വെബ്സൈറ്റുകൾ, റേഡിയോ, ടെലിവിഷൻ, സിനിമ സ്ക്രീനുകൾ തുടങ്ങിയവയിലെ പരസ്യങ്ങൾ ഒഴികെ, പരസ്യത്തിനായി ഉപയോഗിക്കുന്ന സ്ഥിരമായ, പോർട്ടബിൾ, പരമ്പരാഗത, ഇ-സൈൻ ബോർഡുകൾ, താൽക്കാലിക-സ്ഥിരമായ പരസ്യങ്ങൾ സംബന്ധിച്ച മാർഗനിർദേശങ്ങളാണ് രണ്ടാം പതിപ്പിൽ വിശദീകരിച്ചിരിക്കുന്നത്.
ആരാധനാലയങ്ങൾ, ചരിത്രപ്രാധാന്യമുള്ളതും പുരാവസ്തു സംബന്ധവുമായ കെട്ടിടങ്ങൾ, സ്ഥാപനങ്ങളും അവയുടെ ചുറ്റുമതിലുകളും മരങ്ങൾ, ചെടികൾ നട്ട കണ്ടെയ്നർ, ട്രാഫിക് സൈൻ ബോർഡുകൾ, സിഗ്നലുകൾ എന്നിവയിൽ പരസ്യങ്ങൾ സ്ഥാപിക്കുകയോ പതിക്കുകയോ നിർമിക്കുകയോ തൂക്കിയിടുകയോ ചെയ്യുന്നതും നിരോധിച്ചു.
അറബി, ഇംഗ്ലീഷ് അക്ഷരങ്ങളുടെ വലുപ്പവുമായി ബന്ധപ്പെട്ട് സൈൻ ബോർഡുകളുടെ ഡിസ്പ്ലേ പാനലിൽ അറബി, ഇംഗ്ലീഷ് വാക്കുകൾക്കിടയിലെ കാഴ്ച സന്തുലിതമാക്കുകയും വിവർത്തനത്തിന്റെ കൃത്യത ഉറപ്പാക്കുകയും ചെയ്യണമെന്നും ഗൈഡിൽ വ്യക്തമാക്കുന്നു. അതേസമയം, വിവിധ നഗരപ്രദേശങ്ങൾക്കനുസരിച്ച രീതികൾ തെരഞ്ഞെടുക്കുന്നത് അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
പരസ്യങ്ങൾ സ്ഥാപിക്കുന്നതിനുമുമ്പ് സേവന വകുപ്പിൽ നിന്നുള്ള മാനദണ്ഡങ്ങളും ആവശ്യങ്ങളും അനുമതിക്കായി അപേക്ഷിക്കുന്നവർ പാലിച്ചിരിക്കണം. സിവിൽ ഡിഫൻസ് നിർദേശമനുസരിച്ച്, കെട്ടിടത്തിലോ ചുറ്റുമുള്ള കെട്ടിടങ്ങളിലോ വെന്റിലേഷൻ മാർഗങ്ങൾ, രക്ഷാപ്രവർത്തനങ്ങൾ, എമർജൻസി എക്സിറ്റുകൾ, പ്രവേശന കവാടങ്ങൾ എന്നിവക്ക് പരസ്യങ്ങൾമൂലം തടസ്സം സംഭവിക്കരുത്. ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിലോ കാഴ്ചയെ ബാധിക്കുന്ന ലൈറ്റുകൾ ഉപയോഗിച്ചതോ കാൽനടക്കാരുടെ പാതയിലോ പരസ്യങ്ങൾ സ്ഥാപിക്കരുതെന്ന് ഗതാഗത ജനറൽ ഡയറക്ടറേറ്റും നിർദേശം നൽകുന്നു.
പരസ്യങ്ങൾ വലുപ്പത്തിലും നിറത്തിലും ആകൃതിയിലും ട്രാഫിക് സിഗ്നലുകൾക്കോ സൈൻ ബോർഡുകൾക്കോ സമാനമായിരിക്കരുത്. പരസ്യ ലൈസൻസ് റദ്ദാക്കുക, പുതുക്കുക, നൽകുക തുടങ്ങി ഇലക്ട്രോണിക് പരസ്യ ലൈസൻസിങ് സംവിധാനത്തിൽ ആവശ്യമായ മുഴുവൻ രേഖകൾ സംബന്ധിച്ചും ഗൈഡിൽ വ്യക്തമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.