ദോഹ: പരമ്പരാഗത അറേബ്യൻ ചിത്രത്തുന്നലായ സദൂ നെയ്ത്ത് പഠിക്കാൻ താൽപര്യമുള്ളവർക്ക് ശിൽപശാലയുമായി കതാറ.കതാറ സാംസ്‌കാരിക ഗ്രാമത്തിലെ കെട്ടിടം 46ൽ ആഗസ്റ്റ് 18 മുതൽ 22 വരെയാണ് ശിൽപശാല സംഘടിപ്പിക്കുന്നത്. സദൂ നെയ്ത്തിൽ മിടുക്കരായ ഖത്തരി കരകൗശല വിദഗ്ധരാണ് ശിൽപശാലക്ക് നേതൃത്വം നൽകുന്നത്. ശിൽപശാലയിൽ പങ്കെടുക്കുന്നവർക്ക് സദൂ നെയ്ത്തിന്റെ ഉത്ഭവവും അറബ് സംസ്‌കാരവുമായി സദൂവിനുള്ള ബന്ധവും പഠിക്കാനുള്ള അവസരം ലഭിക്കുന്നതോടൊപ്പം ഓരോരുത്തരെയും സ്വന്തമായി സദൂ നെയ്തെടുക്കാൻ പ്രാപ്തരാക്കുകയും ചെയ്യും. ശിൽപശാലക്കൊടുവിൽ മികച്ച സദൂ നെയ്ത്തുകാരെ തിരഞ്ഞെടുക്കുകയും ചെയ്യും. ഖത്തരി പൈതൃകവുമായി ബന്ധപ്പെട്ട സദൂ നെയ്ത്തിൽ വൈദഗ്ധ്യമുള്ള കരകൗശല വിദഗ്ധരെ ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വിഭിന്നങ്ങളായ ജ്യാമിതീയ രൂപങ്ങൾ കൈകൊണ്ട് നെയ്‌തെടുക്കുന്ന പ്രത്യേക തരം ചിത്രത്തുന്നലാണ് സദൂ. പൗരാണിക കാലം മുതൽ തന്നെ മരുഭൂമിയിലെ സ്ത്രീകൾ പരിശീലിക്കുന്ന കരകൗശല വിദ്യയാണ് സദൂ നെയ്ത്ത് എന്നത് ശ്രദ്ധേയമാണ്. ഒട്ടക രോമം, ആട്ടിൻ രോമം അല്ലെങ്കിൽ ചെമ്മരിയാടിന്റെ കമ്പിളി തുടങ്ങിവയായിരുന്നു നെയ്ത്തിന് ഉപയോഗിച്ചിരുന്നത്.
സാങ്കേതിക വികാസമോ ആധുനികതയോ നഗരത്തിന്റെ ആഡംബരമോ ഒട്ടും ബാധിച്ചിട്ടില്ലാത്ത സദൂവിന് പൈതൃക സ്വത്തുക്കളെ മുറുകെ പിടിക്കുന്ന ഖത്തരി ജനങ്ങളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനവും പദവിയുമാണുള്ളത്. ഖത്തരി വീടുകളുടെയും മജ്‌ലിസുകളുടെയും അലങ്കാരങ്ങളിൽ സദൂ ഇന്നും ഒരു അവിഭാജ്യ ഘടകമാകുന്നത് അതുകൊണ്ടാണ്.സദൂ ചിത്രത്തുന്നൽ ഒരു കലയും കരകൗശലവുമായി, പൈതൃകത്തെ ആധുനികതയുമായി ബന്ധിപ്പിച്ച് ഇന്നും തലമുറകളിലേക്ക് കൈമാറിക്കൊണ്ടിരിക്കുന്നു. ജനങ്ങളുടെ വീടുകളും സ്വീകരണ മുറികളും അലങ്കരിക്കുന്ന വൈവിധ്യമാർന്ന നിറങ്ങളോടുകൂടിയ മനോഹരമായ ചിത്രത്തുന്നലായി ഇന്നും സദൂ നിലനിൽക്കുന്നു. തിളക്കവും കടുപ്പവുമുള്ള നിറങ്ങളും ജ്യാമിതീയ രൂപങ്ങളുമാണ് സദൂവെന്ന ചിത്രത്തുന്നലിനെ മറ്റു നെയ്ത്തുകളിൽനിന്നും വ്യത്യസ്തമാക്കുന്നത്.
അഞ്ച് ഘട്ടങ്ങളിലൂടെയാണ് സദൂ നെയ്ത്ത് കടന്നുപോകുന്നത്. ജസീസ്, നഫീഷ്, കമ്പിളിയെ നൂലാക്കി മാറ്റുക, പ്രൈമിങ്, ആവശ്യാനുസരണം പല നിറങ്ങളിൽ ഇതിനെ ചായം പൂശി സദൂവാക്കി മാറ്റുകയാണ് അവസാന ഘട്ടം.
വീടുകളിലെ അലങ്കാരങ്ങൾക്കുപുറമേ ബൈത്ത് അൽ ശഅ്ർ (പോയട്രി ഹൗസ്), റഗ്ഗുകൾ, തലയണകൾ, കുതിരകളുടെയും ഒട്ടകങ്ങളുടെയും മേൽ അണിയിക്കുന്ന അലങ്കാരങ്ങൾ എന്നിവയിലെല്ലാം സദൂവിന്റെ മാതൃകകൾ കാണാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.