ലിൻസി വർക്കി 

സംസ്കൃതി ഖത്തർ - സി.വി. ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം ലിന്‍സി വര്‍ക്കിക്ക്

ദോഹ: ഖത്തര്‍ സംസ്കൃതി- സി.വി. ശ്രീരാമന്‍ ചെറുകഥാ സാഹിത്യ പുരസ്‌കാരം ഇംഗ്ലണ്ടിൽ നിന്നുള്ള മലയാളി എഴുത്തുകാരി ലിൻസി വർക്കിക്ക്. ​​ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി പ്രവാസി എഴുത്തുകാർക്കായി സംഘടിപ്പിച്ച ചെറുകഥാ മത്സരത്തിൽ പ​ങ്കെടുത്ത 75ഓളം കഥകളിൽ നിന്നാണ് ഇംഗ്ലണ്ടി​ൽ നഴ്സായി ജോലി ചെയ്യുന്ന ലിൻസി വർക്കിയുടെ രചന തെരഞ്ഞെടുത്തതെന്ന് സംസ്കൃതി ഖത്തർ ഭാരവാഹികൾ ദോഹയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

‘പാദാന്‍ ആരാമിലെ പ്രണയികള്‍‘ എന്ന ചെറുകഥയാണ് പുരസ്കാരത്തിന് അര്‍ഹമായത്. 50,000 രൂപയും പ്രശസ്തിഫലകവും അടങ്ങിയ പുരസ്കാരം ഡിസംബറില്‍ ദോഹയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സമ്മാനിക്കും. പ്രശസ്ത സാഹിത്യകാരന്മാരായ ടി.ഡി. രാമകൃഷ്ണന്‍, വി. ഷിനിലാല്‍, എസ്. സിതാര എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര നിർണയം നടത്തിയത്.

ഇടുക്കി ജില്ലയിലെ കട്ടപ്പന സ്വദേശിനിയായ ലിൻസി വർക്കി കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലെ കെന്റിലാണ് താമസിക്കുന്നത്. ബ്രിട്ടീക് നാഷണൽ ഹെൽത്ത് സർവിസിൽ നഴ്‌സായി ജോലി ചെയ്യുന്നു. ഭർത്താവ് റെന്നി വർക്കി, മക്കൾ വിവേക്, വിനയ.

2017ൽ എഴുതിത്തുടങ്ങിയ ലിൻസിയുടെ കഥകൾ ഓൺലൈനിലും ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓഷുൻ, ഹാർട്ട് പെപ്പർ റോസ്‌റ്റ്, മിയ മാക്സിമ കുൽപ, നിശാചരൻ എന്നിവ ഉൾപ്പെടെ നിരവധി കഥകൾ ശ്രദ്ധേയമായി.

തെസ്സലോനിക്കിയിലെ വിശുദ്ധൻ എന്ന കഥയ്ക്ക് നല്ലെഴുത്ത് ഓൺലൈൻ കൂട്ടായ്മയുടെ ‘കാഥോദയം അവാർഡ്’, ദ്രവശില എന്ന കഥയ്ക്ക് ഡി.സി ബുക്സുമായി ചേർന്ന് അഥീനിയം യു.കെ സാഹിത്യ മത്സരത്തിൽ ഒന്നാം സമ്മാനം, അഡ്രിയാന എന്ന കഥയ്ക്ക് തായംപൊയിൽ ലൈബ്രറി സുഗതകുമാരിയുടെ സ്മരണക്കായി സംഘടിപ്പിച്ച രാത്രിമഴ അവാർഡ് എന്നീ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

അന്തരിച്ച സാഹിത്യകാരന്‍ സി.വി. ശ്രീരാമന്‍റെ സ്മരണാര്‍ത്ഥം ഖത്തർ സംസ്കൃതി ഏർപ്പെടുത്തിയ പ്രവാസി സാഹിത്യ പുരസ്കാരത്തിന്റെ പത്താം വാർഷികമായ ഇത്തവണ ഗൾഫ്, യൂറോപ്യൻ, അമേരിക്കൻ, മറ്റു ഏഷ്യൻ രാജ്യങ്ങളിൽ നിന്നായി 75ഓളം കഥകൾ ലഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളില്‍ സ്ഥിരതാമസക്കാരായ 18 വയസിനു മുകളില്‍ പ്രായമുള്ള പ്രവാസിമലയാളികളുടെ പ്രസിദ്ധീകരിക്കാത്ത ​മൗലിക രചനകളാണ് അവാര്‍ഡിന് പരിഗണിച്ചത്. 

സംസ്കൃതി ഖത്തർ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ

 

വാർത്താ സമ്മേളനത്തിൽ സംസ്കൃതി പ്രസിഡന്റ് അഹമ്മദ് കുട്ടി ആറളയില്‍, ജനറല്‍ സെക്രട്ടറി എ.കെ. ജലീല്‍, പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്റ്ററും സംസ്കൃതി മുന്‍ ജനറല്‍ സെക്രട്ടറിയും ആയ ഇ.എം. സുധീര്‍, സംസ്കൃതി - സി.വി. ശ്രീരാമന്‍ സാഹിത്യ പുരസ്കാര സമിതി കണ്‍വീനര്‍ ബിജു പി. മംഗലം എന്നിവര്‍ പങ്കെടുത്തു.   

Tags:    
News Summary - Sanskriti Qatar - C.V. Sreeraman award to Lincy Varkey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.