ദോഹ: നയതന്ത്രബന്ധം പുനഃസ്ഥാപിച്ച്, സൗഹൃദം ഊഷ്മളമാക്കാനുള്ള സൗദി, ഇറാൻ തീരുമാനത്തെ ഖത്തർ സ്വാഗതംചെയ്തു. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല അൽ സൗദുമായി ടെലിഫോൺ സംഭാഷണം നടത്തി തീരുമാനത്തെ സ്വാഗതംചെയ്തു.
ബെയ്ജിങ്ങിൽ ചൈനയുടെ മധ്യസ്ഥതയിൽ നടന്ന സൗദി-ഇറാൻ ഉഭയകക്ഷിചർച്ചയെ ഖത്തർ പ്രധാനമന്ത്രി അഭിനന്ദിച്ചു. രണ്ടു മാസത്തിനുള്ളിൽ ഇരുരാജ്യങ്ങളിലും എംബസികൾ തുറക്കാനും സുരക്ഷ സഹകരണക്കരാർ നടപ്പിലാക്കാനും സാമ്പത്തിക, വ്യാപാര, നിക്ഷേപ, ശാസ്ത്ര- സാങ്കേതിക, കായികമേഖലകളിൽ പരസ്പരസഹകരണം ആരംഭിക്കാനും മധ്യസ്ഥചർച്ചയിൽ ധാരണയായിരുന്നു.
ഇറാനും സൗദിയും തമ്മിൽ നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതുവഴി ഗൾഫ്, അറബ് മേഖലയുടെ സുരക്ഷയും ഐക്യവും കൂടുതൽ ശക്തമാവുമെന്ന് പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി ചൂണ്ടിക്കാട്ടി. ഇറാൻ വിദേശകാര്യമന്ത്രി ഡോ. ഹുസൈൻ ആമിർ അബ്ദുല്ലാഹിയാനുമായും പ്രധാനമന്ത്രി ടെലിഫോണിൽ സംസാരിച്ചു. ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ചചെയ്തു. പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയെ ഇറാൻ വിദേശകാര്യമന്ത്രി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.