ദോഹ: നൂറിലേറെ പേർ കൂട്ടക്കൊല ചെയ്യപ്പെട്ട ഗസ്സയിലെ അൽ തബിൻ സ്കൂൾ ആക്രമണത്തെ അപലപിച്ച് എജുക്കേഷൻ എബൗ ഓൾ ഫൗണ്ടേഷൻ. ഖത്തർ ഫൗണ്ടേഷനു കീഴിൽ അന്താരാഷ്ട്ര തലത്തിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി നേതൃത്വം നൽകുന്ന സംഘടനയാണ് ഇ.എ.എ. ശനിയാഴ്ച പുലർച്ചെയായിരുന്നു ഗസ്സ സിറ്റിയിൽ അഭയാർഥികൾ താമസിക്കുന്ന അൽ തബീൻ സ്കൂളിന് നേരെ ഇസ്രായേൽ അധിനിവേശ സേനയുടെ നിഷ്ഠുര ആക്രമണം അരങ്ങേറിയത്.
സമാധാന ചർച്ചകൾ വീണ്ടും സജീവമാക്കാനുള്ള നീക്കങ്ങൾക്കിടെ നടന്ന ആക്രമണത്തെ ഖത്തർ ഉൾപ്പെടെ ലോക രാജ്യങ്ങൾ രൂക്ഷമായ ഭാഷയിൽ അപലപിച്ചിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ നടക്കുന്ന ആക്രമണ സംഭവങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് അൽ തബിൻ സ്കൂളിനു നേരെ നടന്നതെന്ന എജുക്കേഷൻ എബൗ ഓൾ പ്രസ്താവനയിൽ വ്യക്തമാക്കി. സ്കളുകൾക്കെതിരായ ആക്രമണത്തിലൂടെ വൻതോതിൽ കൂട്ടക്കൊല നടത്തുക മാത്രമല്ല ഇസ്രായേൽ ലക്ഷ്യം, വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും തകർക്കപ്പെടുകയാണ്.
പുതുതലമുറയുടെ വിദ്യാഭ്യാസം തടയുകയും അവരുടെ സുരക്ഷ അപകടത്തിലാക്കുകയും ഉൾപ്പെടെ ദീർഘകാല നാശനഷ്ടങ്ങളാണ് വിതക്കുന്നത്. ഇതുവഴി തലമുറകളുടെ ഭാവി തന്നെ ഇല്ലാതാക്കപ്പെടുന്നു. വിദ്യാഭ്യാസ സംവിധാനങ്ങൾ സംരക്ഷിക്കണമെന്ന അന്താരാഷ്ട്ര ഉടമ്പടികളും പ്രമേയങ്ങളും ഇസ്രായേൽ ലംഘിക്കുകയാണെന്നും ഇ.എ.എ വ്യക്തമാക്കി. ഇത് തടയാൻ അന്താരാഷ്ട്ര സമൂഹം വ്യക്തമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു.
ആഗസ്റ്റിൽ മാത്രം അഞ്ചിലേറെ സ്കൂളുകൾക്കെതിരെയാണ് ഇസ്രായേൽ സേന ആക്രമണം നടത്തിയത്. നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത സംഭവങ്ങളിൽ സ്കൂളുകൾക്കും വലിയ തോതിൽ നാശം നേരിട്ടു. ഇ.എ.എ നേതൃത്വത്തിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗസ്സയിൽ പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.