പൊതുവിദ്യാലയങ്ങളിലേക്കുള്ള ഒാൺലൈൻ പ്രവേശനം 23 മുതൽ

ദോഹ: രാജ്യത്തെ സർക്കാർ വിദ്യാലയങ്ങളിലേക്കുള്ള ഒാൺലൈൻ പ്രവേശനം ആഗസ്​റ്റ് 23 മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തി​െൻറ പബ്ലിക് സർവിസ്​ പോർട്ടൽ വഴി രക്ഷിതാക്കൾക്ക് ഒാൺലൈൻ പ്രവേശന നടപടികൾ പൂർത്തീകരിക്കാം. ഒക്ടോബർ ഏഴിന് ഒൺലൈൻ പ്രവേശനം അവസാനിക്കും.

പുതിയ വിദ്യാർഥികൾക്കുള്ള മെഡിക്കൽ അസസ്​മെൻറ് സർട്ടിഫിക്കറ്റുൾപ്പെടെ ആവശ്യമായ മുഴുവൻ രേഖകളും പ്രവേശനത്തിനായി രക്ഷിതാക്കൾ ഒാൺലൈൻ വഴി അപ്​ലോഡ് ചെയ്യണമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ആവശ്യമായ രേഖകൾ:

ഖത്തർ ഐഡി കോപ്പി

കഹ്റമ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സാക്ഷ്യപ്പെടുത്തിയ വാടകക്കരാറിലെ വൈദ്യുതി നമ്പർ

ജനന സർട്ടിഫിക്കറ്റ് (ഖത്തരി മാതാക്കളുടെയും താമസക്കാരുടെയും കുട്ടികൾക്ക്)

രക്ഷിതാവി‍െൻറ ഏറ്റവും പുതിയ തൊഴിൽ സർട്ടിഫിക്കറ്റി‍െൻറ പകർപ്പ്

പുതിയ വിദ്യാർഥികൾക്കുള്ള മെഡിക്കൽ അസസ്​മെൻറ് സർട്ടിഫിക്കറ്റ്

അതേസമയം, പുതിയ വിദ്യാർഥികൾക്കുള്ള മെഡിക്കൽ പരിശോധന നേരത്തേ നിശ്ചയിച്ച ഹെൽത്ത് സെൻററുകളിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു. മെഡിക്കൽ സർട്ടിഫിക്കറ്റിനെ ആശ്രയിച്ചായിരിക്കും വിദ്യാർഥിയുടെ പ്രവേശനത്തിൽ അന്തിമ തീരുമാനമുണ്ടാകുക. മന്ത്രാലയത്തിെൻറ ഒാൺലൈൻ പ്രവേശന സംവിധാനവുമായി സർട്ടിഫിക്കറ്റ് ബന്ധിപ്പിച്ചിരിക്കും. പരിശോധനയിൽ വിദ്യാർഥികൾ മെഡിക്കൽ ഫിറ്റ് ആണെങ്കിൽ നേരിട്ട് ഒാൺലൈൻ പ്രവേശന നടപടികളിലേക്ക് രക്ഷിതാക്കൾക്ക് പ്രവേശിക്കാവുന്നതാണ്.

സ്വകാര്യസ്​കൂളുകൾ തുറക്കുക അടുത്തമാസം

ദോഹ: കോവിഡ്-19 നിയന്ത്രണങ്ങൾ നീക്കുന്നതിൻെറ ഭാഗമായി രാജ്യത്തെ ഇന്ത്യൻ സ്​കൂളുകൾ അടക്കമുള്ള സ്വകാര്യ സ്​കൂളുകൾ 2020-2021 അധ്യയന വർഷത്തിനായി തുറന്നുപ്രവർത്തിക്കാൻ തുടങ്ങുക സെപ്​റ്റംബർ ഒന്നുമുതലാണ്​. ആദ്യഘട്ടത്തിൽ 30 ശതമാനം വിദ്യാർഥികൾ മാത്രമേ ഹാജരാകാൻ പാടുള്ളൂ. മൂന്ന് ഘട്ടമായാണ് സ്​കൂളുകളുടെ പ്രവർത്തനം ആരംഭിക്കുക. സെപ്റ്റംബർ ഒന്നു മുതൽ മൂന്നു വരെയുള്ള ദിവസങ്ങളിൽ ഒരു ക്ലാസിൽ മൂന്നിലൊന്ന് കുട്ടികൾ മാത്രമേ ഉണ്ടായിരിക്കാൻ പാടുള്ളൂ.

സെപ്റ്റംബർ ആറു മുതൽ 17 വരെയാണ് രണ്ടാം ഘട്ടം. ഇതിൽ പരമാവധി 50 ശതമാനം കുട്ടികൾ മാത്രമായിരിക്കും ക്ലാസിൽ ഹാജരാകേണ്ടതുള്ളൂ. ആദ്യ ആഴ്ചയിൽ ക്ലാസുകളിൽ ഹാജരാകുന്ന 50 കുട്ടികൾ രണ്ടാമത്തെ ആഴ്ചയിൽ ഒൺലൈൻ പഠനത്തിലേക്ക് മടങ്ങും. അതേസമയം, ആദ്യ ആഴ്ചയിൽ ഒാൺലൈൻ പഠനത്തിലുണ്ടായിരുന്ന ബാക്കി വിദ്യാർഥികൾ രണ്ടാമത്തെ ആഴ്ചയിൽ ക്ലാസുകളിലെത്തും.

സെപ്റ്റംബർ 20ന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തിലായിരിക്കും മുഴുവൻ വിദ്യാർഥികളും ക്ലാസുകളിലെത്തുക. എല്ലാ ഘട്ടങ്ങളിലും കോവിഡ്-19 പ്രതിരോധ മുൻകരുതൽ നടപടികൾ സ്വീകരിക്കണം.

രാവിലെ 7.15ന് ആരംഭിക്കുന്ന ക്ലാസുകൾ 12.30ന് അവസാനിക്കും. ഇതിനിടയിൽ 25 മിനിറ്റ്​ വിദ്യാർഥികൾക്ക് ഒഴിവ് സമയം അനുവദിക്കുകയും ചെയ്യും.ക്ലാസുകളുടെ പിരീയഡുകൾ സംബന്ധിച്ച് പിന്നീട് അറിയിക്കും. ക്ലാസുകളിലെ കുട്ടികളുടെ എണ്ണം കുറക്കുന്നതിനായുള്ള മൂന്ന് വ്യത്യസ്​ത സമയങ്ങളിലായുള്ള ഒഴിവു സമയംകൂടി പരിഗണിച്ചായിരിക്കും ഇത്.

ക്ലാസുകളിൽ വിദ്യാർഥികൾക്കിടയിൽ സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിനായി ഇരിപ്പിടങ്ങളുടെ സ്​ഥാനങ്ങൾ പുനഃക്രമീകരിക്കും. സ്​കൂളുകളിലെ തിയറ്ററുകളിലും ജിംനേഷ്യങ്ങളിലും കുട്ടികൾക്കുള്ള ഇരിപ്പിടങ്ങൾക്കിടയിൽ കൂടുതൽ വിടവുണ്ടാക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.