ദോഹ: രാജ്യത്ത് പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികൾക്ക് 15 ശതമാനം നികുതി ചുമത്താനുള്ള നിർദേശവുമായി ഖത്തർ. പൊതുനികുതി വിഭാഗത്തിന്റെ കരട് ഭേദഗതി നിർദേശങ്ങൾക്ക് കഴിഞ്ഞ ദിവസം ചേർന്ന ശൂറാകൗൺസിൽ യോഗം അംഗീകാരം നൽകി. 300 കോടി റിയാലിന് മുകളിൽ വാർഷിക വരുമാനമുള്ള കമ്പനികൾക്കാണ് 15 ശതമാനം ആദായനികുതി ഏർപ്പെടുത്തുക.
വിദേശത്ത് ശാഖകളുള്ള ഖത്തരി കമ്പനികളും ഖത്തറിൽ ശാഖകളുള്ള വിദേശകമ്പനികളും ഈ നിയമത്തിന്റെ പരിധിയിൽ വരും. ആദായനികുതിയുമായി ബന്ധപ്പെട്ട 2018 ലെ 24 നമ്പർ നിയമത്തിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ടുള്ള പുതിയ നിയമത്തിനാണ് ശൂറ കൗൺസിൽ അംഗീകാരം നൽകിയത്. നിലവിൽ രാജ്യത്ത് പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികൾക്ക് പ്രാദേശിക നികുതിയായ പത്ത് ശതമാനമായിരുന്നു ഖത്തറിൽ ചുമത്തിയത്. ഇനി മുതൽ ഇത്തരം കമ്പനികൾ 15 ശതമാനം നികുതി നൽകേണ്ടിവരും.
എന്നാൽ, വ്യക്തികളെയോ ഖത്തറിൽ പ്രവർത്തിക്കുന്ന പ്രാദേശിക കമ്പനികളെയോ ബാധിക്കുന്നതല്ല പുതിയ നിയമം. പ്രാദേശിക കമ്പനികളും വ്യക്തികളും ഈ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് ജനറൽ ടാക്സ് അതോറിറ്റി (ജി.ടി.എ) പബ്ലിക് റിലേഷൻസ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ നാസർ അലി അൽ ഹെജ്ജി ഖത്തർ ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇത്തരം സ്ഥാപനങ്ങൾ നിലവിൽ 10 ശതമാനം ആദായനികുതി അടക്കുന്നവരാണ്. ബഹുരാഷ്ട്ര സാന്നിധ്യമുള്ള ഖത്തരി കമ്പനികൾക്ക് രാജ്യത്തിനു പുറത്ത് 15 ശതമാനം നികുതി അടക്കുന്നതിന് പകരം, രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയിലേക്ക് തങ്ങളുടെ വിഹിതം നൽകുന്നതിനുള്ള അവസരമായി മാറും.
ദേശീയ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതാവും ഈ നീക്കം. ഇതോടൊപ്പം ബഹുരാഷ്ട്ര കമ്പനികൾക്ക് നികുതി റിട്ടേൺ സമർപ്പിക്കാനും അംഗീകാരം നൽകിയ ഭേദഗതി പ്രകാരം അനുവദിക്കും.
ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപറേഷൻ ആൻഡ് ഡെവലപ്മെന്റ് (ഒ.ഇ.സി.ഡി), ജി 20 ആവശ്യപ്രകാരമാണ് ഈ ഭേദഗതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.