ദോഹ: വിവിധ വർണങ്ങളിലും വലുപ്പത്തിലും രൂപങ്ങളിലുമായി ആകാശം കീഴടക്കുന്ന പട്ടങ്ങളുമായി ‘വിസിറ്റ് ഖത്തർ’ പട്ടം പറത്തൽ മഹോത്സവം (കൈറ്റ് ഫെസ്റ്റിവൽ) ജനുവരി 25ന് പഴയ ദോഹ തുറമുഖത്ത് ആരംഭിക്കും. ഫെബ്രുവരി മൂന്നു വരെയായി 10 ദിവസം നീളുന്ന പട്ടം പറത്തൽ മേളയിൽ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് 60 സംഘങ്ങൾ കൂറ്റൻ പട്ടങ്ങൾ പറത്തി ആകാശത്ത് വിസ്മയം തീർക്കും. ഖത്തർ ടൂറിസത്തിന്റെയും വേദി നൽകുന്ന പഴയ ദോഹ തുറമുഖത്തിന്റെയും പിന്തുണയോടെയാണ് മേള.
പഴയ ദോഹ തുറമുഖത്ത് ക്രൂയിസ് ടെർമിനലിന് മുന്നിലാണ് മേളയുടെ വേദിയൊരുക്കുന്നത്. ക്രൂസ് സീസണിൽ ഖത്തറിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് വ്യത്യസ്തതയാർന്ന വിനോദം പകരുന്നതാകും കൈറ്റ് ഫെസ്റ്റ്. മേളയിൽ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി പട്ടം പറത്തൽ, സെലിബ്രേഷൻ പാലസിന്റെ ഇൻഫ്ലാറ്റബിൾസ് ഗെയിംസ് ഏരിയ, അന്താരാഷ്ട്ര രുചി വൈവിധ്യങ്ങളോടെയുള്ള ഫുഡ് കോർട്ട്, ഇഖ്ബാൽ ഹുസൈൻ നയിക്കുന്ന സൗജന്യ പട്ടം നിർമാണ ശിൽപശാല തുടങ്ങി നിരവധി പരിപാടികളാണ് സംഘാടകർ ആസൂത്രണം ചെയ്തിരിക്കുന്നത്.
അഞ്ചാം വയസ്സിൽ പാകിസ്താനി ഫൈറ്റർ പട്ടം നിർമിക്കാൻ പഠിച്ച് പ്രഫഷനൽ പട്ടം പറത്തലുകാരനായ ഇഖ്ബാൽ ഹുസൈനാണ് ശിൽപശാലക്ക് നേതൃത്വം നൽകുക. മുളകൊണ്ടും റീസൈക്കിൾ ചെയ്ത ജാപ്പനീസ് വാഷി പേപ്പറുകൾ കൊണ്ടും പട്ടം നിർമിക്കാൻ വിദഗ്ധനാണ് ഇഖ്ബാൽ ഹുസൈൻ. എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്കും സ്വന്തം പട്ടം വരക്കാനും നിർമിക്കാനും പെയിന്റ് ചെയ്യാനും ശിൽപശാലയിൽ അവസരം നൽകും. പരിസ്ഥിതി സൗഹൃദ പേപ്പറുകളും ബയോ ഡിഗ്രേഡബിൾ വസ്തുക്കളും ഉപയോഗിച്ച് എങ്ങനെ പട്ടം നിർമിക്കാമെന്നും കുട്ടികളെ അഭ്യസിപ്പിക്കും. വിനോദത്തോടൊപ്പം ഭക്ഷണ, പാനീയ കിയോസ്കുകളും മേളയോടനുബന്ധിച്ച് പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.