ദോഹ: പാരിസിലെ ഖത്തർ എംബസി സുരക്ഷ ജീവനക്കാരൻ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. 44കാരനാണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായതായി ഖത്തർ നയതന്ത്ര കാര്യാലയവും പാരിസ് പ്രോസിക്യൂഷനും അറിയിച്ചു.
തിങ്കളാഴ്ച രാവിലെ 7.45ഓടെയായിരുന്നു സംഭവം. എംബസി കാര്യാലയത്തിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച വ്യക്തിയെ സുരക്ഷ ജീവനക്കാർ തടഞ്ഞതിനെ തുടർന്നുണ്ടായ വാക് തർക്കത്തിനിടയിലെ മർദനത്തിലാണ് മരണം സംഭവിച്ചതെന്ന് 'ലെ പാരിസിയൻ' റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് എന്തെങ്കിലും മാരകായുധം ഉപയോഗിച്ചതായി വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രോസിക്യൂഷൻ ഓഫിസർ അറിയിച്ചു.
സംഭവത്തിനു പിന്നാലെ എമർജൻസ് സർവിസ് വിഭാഗം സുരക്ഷജീവനക്കാരനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മണിക്കൂറിനുള്ളിൽ മരിച്ചു. സുരക്ഷ ഉദ്യോഗസ്ഥന്‍റെ കൊലയിൽ ഖത്തർ എംബസി നടുക്കം രേഖപ്പെടുത്തി. ഹീനമായ കൃത്യത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും ഇരയുടെ കുടുംബത്തിന്‍റെ വേദനയിൽ പങ്കുചേരുന്നതായും എംബസി ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.