ദോഹ: കൂടുതൽ മേഖലകളിലേക്ക് ഡിജിറ്റലൈസേഷൻ വ്യാപിക്കുന്നതിലൂടെ ഭാവിയിൽ ഖത്തറിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് വിദഗ്ധർ. ശക്തമായ സാങ്കേതിക മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിലൂടെയും അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെയും സാമ്പത്തികവും ഉൽപാദനക്ഷമതയും വർധിപ്പിക്കുകയാണ് ഖത്തറിന്റെ ലക്ഷ്യം.
സുസ്ഥിരതയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള നിരവധി സംരംഭങ്ങളോടെ ഖത്തർ സ്വയം ഒരു സ്മാർട്ട് സിറ്റിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് സീമെൻസ് ഖത്തർ എക്സിക്യൂഷൻ മേധാവി മുഹമ്മദ് സുഹൈൽ പ്രാദേശിക ദിനപത്രത്തോട് പറഞ്ഞു. രാജ്യം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും ഞങ്ങളുടെ ഭാഗത്തുനിന്നുള്ള പദ്ധതികളും പരിഹാരങ്ങളും ഈ മേഖലയിൽ സീമെൻസിനുണ്ടെന്നും മുഹമ്മദ് സുഹൈൽ കൂട്ടിച്ചേർത്തു. വിജയകരമായി സമാപിച്ച് ചരിത്രത്തിലിടംനേടിയ ലോകകപ്പ് ഫുട്ബാൾ 2022ന് വേണ്ടി ട്രാൻസ്പോർട്ട് മാനേജ്മെന്റും ക്രൗഡ് മാനേജ്മെന്റ് സിസ്റ്റവും നിർവഹിച്ചിട്ടുണ്ട്.
ഇതിലൂടെ വലിയ ജനക്കൂട്ടത്തെ എങ്ങനെ നിയന്ത്രിക്കാമെന്നും ഗതാഗത സംവിധാനത്തിൽ ആവശ്യമായ വിഭവങ്ങൾ നിലവിലുണ്ടെന്ന് ഉറപ്പാക്കാനും സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഫിഫയുടെ പ്രവർത്തനങ്ങൾ നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള അവസരമായിരുന്നു ഇതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഖത്തർ ദേശീയ വിഷൻ 2030ന് അനുസൃതമായുള്ള പദ്ധതികളെ രാജ്യം പ്രോത്സാഹിപ്പിക്കുകയും അതിനപ്പുറത്തേക്കുള്ള കാഴ്ചപ്പാടിലേക്ക് കുതിക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം ഉറ്റുനോക്കുന്നത് സാക്ഷാത്കരിക്കാൻ സാധിക്കുന്ന അവസരങ്ങളാണ്. സീമെൻസിന്റെ ഭാഗത്ത് നിന്നും ഇതിലേക്ക് സംഭാവന നൽകാൻ സാധിച്ചതിൽ അഭിമാനമുണ്ട്. സീമെൻസിൽ ഗവേഷണവും വികസനവും കാര്യങ്ങൾ നവീകരിക്കുന്നതും ഞങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണ്.
ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ ഖത്തറിന് കൂടുതൽ മുന്നേറാനുള്ള പ്രാപ്തിയും ക്ഷമതയുമുണ്ട്. അവരത് തിരിച്ചറിഞ്ഞിരിക്കുന്നു. അത്തരം സംരംഭങ്ങൾ ആഗോള നിലവാരം ഉറപ്പുവരുത്തിക്കൊണ്ട് കൂടുതൽ സജീവമാകുകയാണ്. ഒരുരാജ്യമെന്ന നിലയിൽ ഖത്തറിന് ഉയർന്ന പ്രതീക്ഷകൾക്ക് അനുസൃതമായി പ്രവർത്തിക്കാനും ജീവിക്കാനും കഴിയുമെന്ന് തെളിയിക്കാൻ സാധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.