ദോഹ: ഖത്തറിന്റെ പൊതുഗതാഗത സംവിധാനങ്ങളെയെല്ലാം ഒരു ശൃംഖലയിലേക്ക് ചേർക്കുന്ന 'സില' മൊബൈൽ ആപ്പും വെബ്സൈറ്റും (www.sila.qa) പുറത്തിറക്കി. 'സില ടേക്സ് യു ദേർ' എന്ന പേരിലെ ബ്രാൻഡ് കാമ്പയിന്റെ ഭാഗമായായണ് ആപ്പും വെബ്സൈറ്റും അവതരിപ്പിക്കുന്നത്. യാത്ര എളുപ്പവും സ്മാർട്ടും കൂടുതൽ സൗകര്യപ്രദവുമാക്കുന്നതിനായുള്ള നിരവധി പ്രവർത്തനങ്ങളാണ് ആപ്പിലും വെബ്സൈറ്റിലും രൂപകൽപന ചെയ്തിരിക്കുന്നത്.
വ്യത്യസ്ത ഗതാഗത രീതികൾ സംയോജിപ്പിച്ച് രാജ്യത്തുടനീളമുള്ള യാത്ര സൗകര്യപ്രദവും കാര്യക്ഷമവുമാക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് 'സില'ക്ക് രൂപംനൽകിയിരിക്കുന്നതെന്ന് ഗതാഗത മന്ത്രാലയം സാങ്കേതികകാര്യ വിഭാഗം മേധാവി ശൈഖ് മുഹമ്മദ് ബിൻ ഖാലിദ് ആൽഥാനി പറഞ്ഞു. ഖത്തറിലെ സമൂഹത്തിന് കൂടുതൽ സമഗ്രമായ ഗതാഗത സംവിധാനമാണ് ഇതിലൂടെ സാധ്യമാക്കുന്നത്.
'സില' ആപ്പും വെബ്സൈറ്റും ഒരു തുടക്കം മാത്രമാണെന്നും ലോഞ്ചിന്റെ അന്തിമഘട്ടം പൂർത്തിയാകുന്നതോടെ രാജ്യത്തിന്റെ പൊതുഗതാഗത ശൃംഖല പൂർണമായും സമഗ്രമാകുമെന്നും ശൈഖ് മുഹമ്മദ് ആൽഥാനി കൂട്ടിച്ചേർത്തു.
ആപ്പ് വെബ്സൈറ്റ് ലോഞ്ചിങ്ങിനോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ പദ്ധതികളും സംരംഭങ്ങളും സേവനങ്ങളും ഭാവിയിൽ കൂട്ടിച്ചേർക്കുന്നതോടെ രാജ്യത്തെ ഔദ്യോഗിക പൊതുഗതാഗത ഇൻഫർമേഷൻ ഹബ്ബായി 'സില' മാറും -അദ്ദേഹം വ്യക്തമാക്കി.
ഖത്തർ റെയിൽവേസ് കമ്പനി, മുവാസലാത്ത് (കർവ), ഖത്തർ ഫൗണ്ടേഷൻ, മുശൈരിബ് പ്രോപ്പർട്ടീസ് തുടങ്ങിയ പൊതുഗതാഗത ദാതാക്കളുമായി സഹകരിച്ചാണ് 'സില' തയാറാക്കിയിട്ടുള്ളത്. നിലവിൽ മെട്രോ, ബസ്, ട്രാം, ടാക്സി എന്നിവയാണ് സിലയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഘട്ടംഘട്ടമായി വിപുലീകരിക്കുന്ന 'സില'യിൽ സമഗ്ര പണമിടപാട് രീതികൾ, പുതിയ സേവനങ്ങൾ, ട്രാൻസ്പോർട്ട് മോഡുകൾ എന്നിവയെല്ലാം കൂട്ടിച്ചേർക്കും.
●കൃത്യമായ ദിശകൾ ഉപയോഗിച്ച് യാത്രക്കാർക്ക് അനുയോജ്യമായ റൂട്ടുകളും ഗതാഗതരീതിയും സമയവും തെരഞ്ഞെടുക്കാൻ സഹായിക്കുന്ന യാത്ര പ്ലാനർ
●പൊതുഗതാഗത സ്റ്റേഷനുകൾ, റൂട്ടുകൾ, സമയക്രമം എന്നിവ സംബന്ധിച്ച കൃത്യമായ വിവരണം.
●വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രകൾ ആസൂത്രണം ചെയ്യുന്നതിന് ഫ്ലൈറ്റ് ട്രാക്കിങ് സംവിധാനം
●ഖത്തറിലെ പ്രിയപ്പെട്ട യാത്രകളും ലക്ഷ്യസ്ഥാനങ്ങളും സേവ് ചെയ്യുന്നതുൾപ്പെടെ യാത്ര പ്ലാനർ വ്യക്തിഗതമാക്കുന്നതിന് സഹായിക്കുന്ന അക്കൗണ്ട് രജിസ്ട്രേഷൻ സൗകര്യം
● 'സില'യുമായി ബന്ധപ്പെട്ട പുതിയ വാർത്തകൾ
●ഖത്തറിൽ നടക്കുന്ന പ്രധാന പരിപാടികളുടെ പട്ടികയും യാത്രക്കാർക്ക് അവിടേക്ക് പൊതുഗതാഗത ശൃംഖല ഉപയോഗിച്ച് എങ്ങനെ എത്തിച്ചേരാമെന്ന വിവരങ്ങളും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.