ദോഹ: ഡിജിറ്റലൈസേഷൻെറ ഭാഗമായ സ്മാർട്ട് മീറ്ററുകളുടെ നിർമാണം പൂർത്തിയാക്കിയതായി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ 'കഹ്റമാ'. ഖത്തർ നാഷനൽ വിഷൻ 2030ൻെറ ഭാഗമായി രാജ്യത്തെ ജല-വൈദ്യുതി വിതരണ സംവിധാനങ്ങൾ സാങ്കേതിക വൽകരിക്കുന്നതിൻെറ തുടർച്ചയായാണ് ഈ മാറ്റം. മൊബൈൽ സേവന ദാതാക്കളായ വോഡഫോണുമായി സഹകരിച്ച് ഇൻറർനെറ്റ് ബന്ധിതമായ ആറ് ലക്ഷം സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാനാണ് 'കഹ്റമാ'യുടെ പദ്ധതി. സീമെൻസിൻെറ സഹകരണത്തോടെയാണ് ഏറ്റവും അത്യാധുനിക സംവിധാനങ്ങളോടെ സ്മാർട്ട് മീറ്ററുകൾ തയാറാക്കിയത്. ഇൻറർനെറ്റ് കൺക്ഷനിൽ ബന്ധിതമാവുന്ന മീറ്ററുകൾ വഴി വൈദ്യുതി, ജലവിതരണങ്ങളുടെ റീഡിങ് അനായാസം ലഭ്യമാക്കാനും നിരീക്ഷിക്കാനും കഴിയും. ആറ് ലക്ഷം സ്മാർട്ട് മീറ്ററുകളുടെയും നിർമാണം പൂർത്തിയായതായി അധികൃതർ അറിയിച്ചു. അവ സ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഇതിനകം 42 ശതമാനം സ്മാർട്ട് മീറ്ററുകൾ രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു. വർഷാവസാനത്തോടെ 49 ശതമാനവും സ്മാർട്ട് മീറ്ററുകളായി മാറുമെന്ന് കഹ്റമാ അറിയിച്ചു. അടുത്തവർഷം ജൂണോടെ 4.20 ലക്ഷം മീറ്ററുകൾ സ്ഥാപിക്കാൻ കഴിയും. 2023ഒാടെ രാജ്യത്തെ വൈദ്യുതി-ജലവിതരണ പദ്ധതിയിലെ നിർണായകമാവുന്ന ഡിജിറ്റലൈസേഷൻ പൂർത്തിയാക്കാനാണ് നീക്കം.
സ്മാർട്ട് മീറ്ററുകൾ വഴി ഉപയോഗിക്കുന്ന വൈദ്യുതിയുടെയും വെള്ളത്തിെൻറയും കൃത്യമായ തോത് അറിയാൻ സാധിക്കുന്നതോടൊപ്പം മീറ്റർ വഴി പ്രീ-പേമെൻറും നടത്താൻ സാധിക്കും. വിദൂര നിരീക്ഷണം, മീറ്റർ റീഡിങ് എന്നിവയുടെ ഏകോപനം ഉറപ്പാക്കിക്കൊണ്ട് പദ്ധതിക്ക് കീഴിൽ സ്മാർട്ട് ജല, വൈദ്യുതി മീറ്ററുകളുടെ അടിസ്ഥാന സൗകര്യങ്ങളെ പ്രതിനിധാനംചെയ്യുന്ന പ്രത്യേക സ്മാർട്ട് പ്ലാറ്റ്ഫോം രൂപവത്കരിക്കും. ഡിജിറ്റൽ സംവിധാനത്തെ ആശ്രയിച്ചാണ് ഇത് പ്രവർത്തിക്കുക.
പ്രധാന ഡിജിറ്റൽ സിസ്റ്റം വഴി ലഭിക്കുന്ന േപ്രാഗ്രാമുകൾ വിശകലനം ചെയ്യാനും അതുവഴി പ്രവർത്തനക്ഷമത വർധിപ്പിക്കാനും സ്മാർട്ട് മീറ്ററുകൾ സഹായിക്കും. കൂടാതെ ഫീൽഡ് സേവനങ്ങളുടെ ചെലവ് വലിയതോതിൽ കുറക്കാമെന്നതും ഇതിെൻറ സവിശേഷതകളിൽ പെടുന്നു.
ഏത് പ്രദേശത്തും കെട്ടിടങ്ങളിലും ഏറ്റവും വേഗത്തിൽ റീഡിങ് നടത്താൻ കഴിയും എന്നതാണ് പ്രധാന സവിശേഷത. ബിൽ അടക്കുന്നതിൽ ഉപഭോക്താവ് വീഴ്ചവരുത്തിയാൽ അകലെനിന്നും ബന്ധം വിച്ഛേദിക്കാനും ബിൽ അടച്ച് അഞ്ചു മിനിറ്റിനുള്ളിൽ കണക്ഷൻ പുനഃസ്ഥാപിക്കാനും കഴിയും. വൈദ്യുതിയും വെള്ളവും പാഴായി പോകുന്നത് കുറക്കാനും ഉപഭോഗവിവരങ്ങൾ കൃത്യതയോടെ ഏത് സമയവും നിരീക്ഷിക്കാനും സ്മാർട്ട് മീറ്റർ സംവിധാനം സഹായിക്കുന്നു. ജലവും വൈദ്യുതിയും പാഴാക്കുന്നവരെയും നിയമലംഘകരെയും കണ്ടെത്താൻ കഴിയുമെന്നതും നിയമലംഘനത്തിെൻറ ഉറവിടം കൃത്യമായി നിരീക്ഷിക്കാൻ സാധിക്കുമെന്നതും ഇതിെൻറ മേന്മയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.