ദോഹ: അടിയന്തര ഘട്ടങ്ങളിൽ എംബസിയുടെ സേവനം ആവശ്യമുള്ളവർക്ക് അതിനായി പ്രത്യേകം സൗകര്യം തന്നെ എംബസിയിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ. പുതിയ അംബാസഡറായി ചുമതലയേറ്റതിനു ശേഷം എംബസിയിൽ വിളിച്ചുചേർത്ത ഇന്ത്യൻ മാധ്യമപ്രവർത്തകരുമായുള്ള സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എംബസിയുടെ ഓപൺഹൗസ് നിലവിൽ ഓൺലൈനിലാണ് സംഘടിപ്പിക്കുന്നത്.
എംബസിയുടെ വെബ്സൈറ്റിൽ അടിയന്തര ആവശ്യങ്ങൾക്ക് ബന്ധപ്പെടാനുള്ള സൗകര്യം ഉണ്ട്. അടിയന്തര ആവശ്യങ്ങൾക്ക് വിളിക്കാനുള്ള ഫോൺ നമ്പറിലും ഇത്തരം ഘട്ടങ്ങളിൽ ബന്ധപ്പെടാനാകും. അല്ലെങ്കിൽ മെയിൽ വഴിയും അടിയന്തര സഹായങ്ങൾ ആവശ്യപ്പെടാം. ഇത്തരം ഘട്ടങ്ങഴിൽ ഉടൻ തന്നെ എംബസി സേവനം നൽകുന്നതായിരിക്കുമെന്നും അംബാസഡർ പറഞ്ഞു.
കോവിഡ് പ്രതിസന്ധിക്ക് ശേഷം ഇതുവരെ ഖത്തറിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയത് 70,000 ഇന്ത്യക്കാരാണെന്ന് അംബാസഡർ പറഞ്ഞു. വന്ദേഭാരത്, വിവിധ ചാർട്ടേർഡ് വിമാനങ്ങൾ വഴിയും നിലവിലുള്ള എയർബബ്ൾ കരാർ അനുസരിച്ച് സർവീസ് നടത്തുന്ന വിമാനങ്ങൾ വഴിയും ഇന്ത്യയിലേക്ക് മടങ്ങിയവരാണിവർ. കോവിഡ് മൂലം എത്ര ഇന്ത്യക്കാർ മരിച്ചു എന്ന കൃത്യമായ കണക്ക് ഇല്ല. എന്നാൽ ഈ മാസങ്ങളിൽ 200ലധികം ഇന്ത്യക്കാർ മരിച്ചിട്ടുണ്ട്. അതു കോവിഡ് മൂലം മാത്രമുള്ള മരണങ്ങളല്ല.
എംബസിയുെട അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലൻറ് ഫോറം (ഐ.സി.ബി.എഫ്) നടത്തുന്ന പ്രവാസികൾക്കായുള്ള ഇൻഷുറൻസ് പദ്ധതി ഏറെ പ്രയോജനകരമാണ്. അതിൽ എല്ലാ ഇന്ത്യക്കാരും അംഗങ്ങളാവണം. ഇതിനകം നിരവധി പേർക്ക് അതിെൻറ ഗുണം ലഭിച്ചു. ചെറിയ പ്രീമിയത്തിന് വൻതുകയാണ് ഇൻഷുറസ് പരിരക്ഷ ലഭിക്കുന്നത്. പ്രവാസി ഇന്ത്യക്കാർക്കായി ദമാൻ ഇസ്ലാമിക് ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചാണ് ഇൻഷുറൻസ് പദ്ധതി നടത്തുന്നത്. 125 റിയാൽ ആണ് രണ്ട് വർഷത്തേക്കുള്ള പോളിസി തുക. പദ്ധതിയിൽ ചേരുന്ന പ്രവാസിയുടെ ഏത് കാരണത്താലുമുള്ള മരണം, പൂർണമായ ശാരീരികവൈകല്യം എന്നിവക്ക് 100,000 റിയാലാണ് കുടുംബത്തിന് ലഭിക്കുക. ഭാഗികമായ അംഗവൈകല്യത്തിന് െമഡിക്കൽബോർഡ് നിശ്ചയിക്കുന്ന വൈകല്യശതമാനം അനുസരിച്ചും തുക നൽകും. ഖത്തർ ഐ.ഡിയുള്ള 18 വയസിനും 65 വയസിനും ഇടയിൽ പ്രായമുള്ള ഏത് ഇന്ത്യക്കാരനും പദ്ധതിയിൽ ചേരാം. ഏത് രാജ്യത്ത് വച്ചാണ് മരണമെങ്കിലും പോളിസി തുക ലഭിക്കും.
ഖത്തറിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ മാധ്യമങ്ങൾ ശക്തമാണെന്നും അവയുടെ പ്രവർത്തനം മഹത്തരമാണെന്നും അംബാസഡർ പറഞ്ഞു. നാട്ടിലെ കാര്യങ്ങൾ അറിയിക്കുന്നതുപോലെ തന്നെ ഖത്തറിലെ നിയമസംബന്ധമായതും ഇന്ത്യക്കാരുമായി ബന്ധപ്പെട്ടുള്ളതുമായ കാര്യങ്ങൾ ജനങ്ങളെ അറിയിക്കുന്നത് മാധ്യമങ്ങളാണ്. ഇന്ത്യൻ മീഡിയ ഫോറം (ഐ.എം.എഫ്) എന്ന പേരിൽ വ്യവസ്ഥാപിതമായി സംഘടന തന്നെ പ്രവർത്തിക്കുന്നത് അഭിമാനകരമാണെന്നും അംബാസഡർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.