ദോഹ: ഖത്തർ ആസ്ഥാനമായ പ്രമുഖ ഫിനാൻഷ്യൽ ടെക്നോളജി (ഫിൻടെക്) സ്ഥാപനം സ്പെൻഡ് വൈസറും ഗൾഫ് രാജ്യങ്ങളിലെ പ്രവാസി മലയാളികളുടെ മുഖപത്രമായ ‘ഗൾഫ് മാധ്യമവും’ കൈകോർക്കുന്നു. ഖത്തറിലെ ഷോപ്പിങ് സംസ്കാരത്തെ അടിമുടി മാറ്റിമറിക്കാൻ അണിയറയിൽ ഒരുക്കങ്ങൾ സജീവമാക്കുന്ന ‘സ്പെൻഡ്വൈസറിന്റെ കുതിപ്പിൽ ഇനി ‘ഗൾഫ് മാധ്യമ’ത്തിന്റെ കൈയൊപ്പുമുണ്ടാവും.
രാജ്യത്തെ ആദ്യ ബി.എൻ.പി.എൽ (ബൈ നൗ, പേ ലേറ്റർ) പ്ലാറ്റ്ഫോമായി ഏതാനും മാസങ്ങൾക്കുള്ളിൽ വിപണിയിൽ പ്രവേശിക്കാൻ ഒരുങ്ങുകയാണ് ‘സ്പെൻഡ്വൈസർ’. ഡിജിറ്റൽ പേമെന്റ് സംവിധാനവും ക്രെഡിറ്റ് സൗകര്യവും ഒരു പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്ന ഖത്തരി സ്റ്റാർട്ടപ് പ്ലാറ്റ്ഫോം ആധുനിക ലോകത്തെ ഷോപ്പിങ്ങിന് പുതിയ വ്യാഖ്യാനമായാണ് അവതരിപ്പിക്കുന്നത്.
ഖത്തർ സെൻട്രൽ ബാങ്കിന്റെ മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ടാണ് ‘സ്പെൻഡ്വൈസർ’ വിപണിയിലേക്ക് വരുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി അണിയറയിൽ ഒരുക്കങ്ങൾ സജീവമാക്കിയ പ്ലാറ്റ്ഫോം നിലവിൽ ഖത്തർ സെൻട്രൽ ബാങ്കിന്റെ വിവിധ ടെസ്റ്റിങ് ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കി.
അവസാനഘട്ടം കൂടി കടന്ന്, അന്തിമ അനുമതി ലഭിക്കുന്നതോടെ സ്പെൻഡ്വൈസർ സേവനം ഉപഭോക്താക്കൾക്കും വിപണിയിലും ലഭ്യമാകും.
ടെസ്റ്റിങ് ഘട്ടത്തിൽ 200ലധികം ഇടപാടുകളും, അഞ്ച് ലക്ഷം റിയാലിന്റെ ക്രെഡിറ്റും ഇതിനകം വിപണിയിൽ അനുവദിച്ചിട്ടുണ്ട്. ലൈസൻസ് ലഭിക്കുന്നതോടെ രണ്ടു മാസത്തിനുള്ളിൽ ഔദ്യോഗികമായി വിപണിയിൽ പ്രവേശിക്കാൻ കഴിയുമെന്ന് ‘സ്പെൻഡ്വൈസർ’ അധികൃതർ പറഞ്ഞു.
ആപ് സ്റ്റോറുകൾ വഴി ഡൗൺലോഡ് ചെയ്ത് വ്യക്തിഗത വിവരങ്ങൾ നൽകി ഉപയോഗിച്ച് തുടങ്ങുന്നതാണ് ഈ ഫിൻടെക് സംവിധാനം. ഖത്തറിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ അൽ ജസീറ ഫിനാൻസും സ്പെൻഡ്വൈസറിന് പിന്തുണയുമായുണ്ട്.
അക്കൗണ്ടിൽ ശമ്പളമെത്തിയാൽ മാത്രം ഷോപ്പിങ് എന്ന പതിവ് രീതികളെല്ലാം മാറ്റിമറിച്ചുകൊണ്ട് വിപണിയും ഷോപ്പിങ്ങും എക്കാലവും ലൈവാക്കുകയാണ് ‘സ്പെൻഡ്വൈസർ’ ബി.എൻ.പി.എൽ. ‘ഇപ്പോൾ വാങ്ങൂ, പണം പിന്നീട് നൽകൂ’ എന്ന ടാഗ് ലൈൻ സൂചിപ്പിക്കുന്നത് പോലെ തന്നെ ഹൈപ്പർമാർക്കറ്റുകളിലും ഇ-കോമേഴ്സ് പോർട്ടലുകളിലും കാശിന്റെ ആശങ്കയില്ലാതെ ‘സ്പെൻഡ്വൈസർ’ ഉപയോഗിച്ച് ഷോപ്പിങ് നടത്താൻ കഴിയും.
ഹൈപ്പർമാർക്കറ്റിലോ മറ്റോ എത്തുന്ന ഉപഭോക്താവിന് ഷോപ്പിങ്ങിന് ബാങ്ക് അക്കൗണ്ടിൽ പണമുണ്ടോ എന്ന് സംശയിക്കേണ്ടി വരില്ല. ‘സ്പെൻഡ്വൈസർ’ ആപ് ഡൗൺലോഡ് ചെയ്ത് വെരിഫിക്കേഷനും പൂർത്തിയാക്കുന്നതോടെ ഈടും പലിശയുമില്ലാതെ ഉപയോക്താവിന്റെ തിരിച്ചടവ് ശേഷി അനുസരിച്ച് 1000 മുതൽ 25,000 റിയാൽ വരെ ക്രെഡിറ്റ് ലഭിക്കും. ഈ തുക നാലു ഗഡുക്കളായി തിരിച്ചടക്കാവുന്നതാണ്.
ഖത്തറിലെ മുൻനിര ഹൈപ്പർമാർക്കറ്റുകൾ, ഇ-കോമേഴ്സ് സ്ഥാപനങ്ങൾ, ചെറുകിട സ്ഥാപനങ്ങൾ വരെ‘സ്പെൻഡ്വൈസറിന്റെ’ ഭാഗമാവുന്നതോടെ രാജ്യത്തെ ക്രെഡിറ്റ് ഷോപ്പിങ് ലളിതമായി മാറും. ആരോഗ്യം , സ്കൂൾ ഉൾപ്പെടെ വിവിധ സേവന മേഖലകളിലേക്കും സ്പെൻഡ്വൈസർ പ്രവർത്തനം വ്യാപിപ്പിക്കും.
ക്രെഡിറ്റ് കാർഡ് സേവനങ്ങൾക്ക് പുറത്തുള്ള ഖത്തർ വിപണിയിലെ 70 ശതമാനത്തോളം വരുന്ന ഉപഭോക്താക്കളിലേക്കാണ് ഈസി ക്രെഡിറ്റും ബി.എൻ.പി.എൽ സൗകര്യവുമായി ‘സ്പെൻഡ്വൈസർ’ എത്തുന്നത്.
മികച്ച ശമ്പള സ്കെയിലുള്ള പ്രഫഷനലുകളും ബിസിനസുകാരും ഉൾപ്പെടെയുള്ളവർക്കാണ് ബാങ്ക് ക്രെഡിറ്റ്കാർഡ് ലഭ്യമാവുന്നതെങ്കിൽ സമൂഹത്തിലെ ഏത് വിഭാഗക്കാർക്കും ഉപയോഗിക്കാവുന്ന ക്രെഡിറ്റ് സംവിധാനമാണ് ‘സ്പെൻഡ്വൈസർ’ വാഗ്ദാനം ചെയ്യുന്നത്.
യോഗ്യതയുള്ള ഉപഭോക്താവിന് ബാങ്ക് ക്രെഡിറ്റ്കാർഡ് അനുവദിച്ചുകിട്ടാനുള്ള നടപടികൾ പൂർത്തിയാക്കി ആഴ്ചകൾ സമയമെടുക്കുമ്പോൾ ഈസി ക്രെഡിറ്റ് ‘സ്പെൻഡ്വൈസറിന്റെ സവിശേഷതയാണ്.
അപേക്ഷകന്റെ, തിരിച്ചടക്കാനുള്ള ശേഷി ഓൺലൈൻ വഴി തന്നെ വിലയിരുത്തി ക്രെഡിറ്റ് കപ്പാസിറ്റി നിശ്ചയിക്കപ്പെടുന്നതോടെ മിനിറ്റുകൾക്കുള്ളിൽ അദ്ദേഹത്തിന് ഷോപ്പിങ് പൂർത്തിയാക്കാൻ കഴിയും. ഇതുപയോഗിച്ച് ചില്ലറ വ്യാപാര സ്ഥാപനങ്ങൾ മുതൽ ഓൺലൈൻ വരെ ഷോപ്പിങ് നടത്താം.
ഖത്തർ ഉൾപ്പെടെ ആറ് ഗൾഫ് രാജ്യങ്ങളിലുമായി ഏറ്റവും വലിയ പ്രവാസി സമൂഹത്തിലേക്ക് പത്രമായും സമൂഹ മാധ്യമ പ്ലാറ്റ്ഫോമായും ദിനേനെ എത്തിച്ചേരുന്ന ഗൾഫ് മാധ്യമവുമായി സ്പെൻഡ്വൈസർ അഭിമാനത്തോടെയാണ് കൈകോർക്കുന്നത്. ഒരു സ്റ്റാർട്ടപ് സംരംഭം എന്ന നിലയിൽ വളർച്ചയിൽ നിർണായക പങ്കുവഹിക്കാൻ ‘ഗൾഫ് മാധ്യമ’വുമായുള്ള പങ്കാളിത്തം വഴിയൊരുക്കും.
വലിയൊരു വിഭാഗം ഉപഭോക്താക്കളിലേക്ക് ഞങ്ങളുടെ സേവനം എത്തിക്കാനും, അതിവേഗം മാറുന്ന ലോകത്തെ ഉപഭോക്തൃ സമൂഹത്തെ പുതുമയുടെ പാതയിലേക്ക് നയിക്കാനും ഈ കൂട്ടുകെട്ട് സഹായിക്കും. അതിവേഗം മാറുന്ന ലോകത്ത് ഖത്തറിലെ ഷോപ്പിങ് സംസ്കാരത്തെയും ഡിജിറ്റലാക്കി മാറ്റുകയാണ് സ്പെൻഡ്വൈസർ. ഈസി ക്രെഡിറ്റ് സംവിധാനത്തിലൂടെ ഇടതടവില്ലാത്ത ഷോപ്പിങ്ങും, ഒപ്പം മികച്ച ജീവിത നിലവാരവും ജനങ്ങളിലേക്ക് എത്താൻ ഈ ചുവടുവെപ്പ് സഹായകമാവും’- ഫാറൂഖ് സഫറുദ്ദീൻ(സഹസ്ഥാപകൻ, സി.ഇ.ഒ-സ്പെൻഡ്വൈസർ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.