ദോഹ: ആത്മീയ ചൈതന്യത്തോടൊപ്പം ശാരീരിക ഉണർവ് നൽകി ആസ്പയർ ഫൗണ്ടേഷനിൽ റമദാൻ രാത്രികളെ സജീവമാക്കി കായികമേളയും. മാർച്ച് 13ന് ആരംഭിച്ച മത്സരങ്ങൾ മാർച്ച് 27വരെ നീളം. രാത്രി 9.30ന് ആരംഭിക്കുന്ന മത്സരങ്ങൾ അർധരാത്രിവരെ തുടരും.
ജൂനിയർ, പുരുഷന്മാർ, സ്ത്രീകൾ, ഭിന്നശേഷിക്കാർ എന്നിവർക്കായി 11 വ്യത്യസ്ത കായിക മത്സരങ്ങളാണ് ഈ വർഷത്തെ റമദാൻ കായികമേളയുടെ സവിശേഷത. പുരുഷന്മാർക്കായുള്ള മത്സരങ്ങളിൽ മാർച്ച് 25വരെ തുടരുന്ന എംബസീസ് ഫുട്ബാൾ ടൂർണമെന്റാണ് പ്രധാന ഇനങ്ങളിലൊന്ന്. ബാസ്കറ്റ്ബാൾ, ഹോക്കി, ടെന്നിസ് ടൂർണമെന്റ് എന്നീ മത്സരങ്ങളും പുരുഷ വിഭാഗത്തിലുൾപ്പെടുത്തിയിട്ടുണ്ട്. വനിത വിഭാഗത്തിൽ നടക്കുന്ന ബാസ്കറ്റ്ബാൾ ടൂർണമെന്റ് മാർച്ച് 23വരെ തുടരും. ഹോക്കി, പാഡൽ എന്നിവയും വനിതകൾക്കായി സംഘടിപ്പിക്കുന്നുണ്ട്. ജൂനിയർ വിഭാഗത്തിനായി ഹോക്കിയും ഭിന്നശേഷിക്കാർക്കായി ടേബിൾ ടെന്നിസുമാണ് ആസ്പയർ റമദാൻ കായികമേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
റമദാനിൽ പ്രാർഥനകളും വ്രതവുമായി ആത്മവിശുദ്ധി തേടുന്നതിനൊപ്പം ഇത്തരം മത്സരങ്ങളിലൂടെയും കായികപ്രവർത്തനങ്ങളിലൂടെയും ശരീരത്തെയും പരിപോഷിപ്പിക്കണമെന്ന് ബാസ്ക്കറ്റ്ബാൾ താരമായ റയാൻ പറഞ്ഞു. സമീകൃതാഹാരത്തോടൊപ്പം വ്യായാമവും കായികപ്രവർത്തനങ്ങളും ഒരാളുടെ ശാരീരിക ആരോഗ്യത്തിന് അനിവാര്യമാണെന്ന് പാഡലിൽ പങ്കെടുത്ത ലീല പറഞ്ഞു.
റമദാനിൽ നോമ്പെടുക്കുന്ന കായികതാരങ്ങൾക്കും വ്യക്തികൾക്കും പരിശീലനത്തിനിടയിലും മത്സരങ്ങളിലും വലിയ വെല്ലുവിളികൾ നേരിടേണ്ടി വരുമെന്ന് ആസ്പെയർ ക്ലിനിക്കൽ മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. ഇഫ്താറിന് ഒന്നോ രണ്ടോ മണിക്കൂർ മുമ്പ് പരിശീലന സെഷനുകൾ നിശ്ചയിക്കണമെന്നും കഠിനമായ പ്രവർത്തനങ്ങളിലേർപ്പെടരുതെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.