ദോഹ: ലോകകപ്പ് ഖത്തറിന് വെറുമൊരു കളിയുത്സവമല്ല. ദശലക്ഷം കാണികളെത്തി, 32 കരുത്തുറ്റ ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റ് കാലം കഴിഞ്ഞാലുമുണ്ടാകും ലോകകപ്പിന്റെ നന്മകൾ ഖത്തരീ ജീവിതങ്ങളിൽ. സ്റ്റേഡിയങ്ങളോടു ചേർന്നുള്ള പാർക്കുകൾ, നിരവധി പരിശീലന വേദികൾ, സൈക്ലിങ് ട്രാക്കുകൾ അങ്ങനെ ഒരുപിടി അനുബന്ധ സൗകര്യങ്ങളാണ് ഖത്തർ ഒരുക്കുന്നത്. 2010ൽ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള ബിഡിൽ വിജയം നേടിയ മുതൽതന്നെ ഓരോ സ്റ്റേഡിയത്തിനു ചുറ്റും ഊർജസ്വലതയുള്ള കമ്യൂണിറ്റി ഹബുകൾ രൂപപ്പെടുത്തുന്നതിനുള്ള ലെഗസി പദ്ധതിയും ഖത്തർ മുന്നോട്ടു വെച്ചിരുന്നു. പ്രാദേശിക സമൂഹത്തെകൂടി പരിഗണിച്ചും അവരുമായി കൂടിയാലോചിച്ചുമാണ് പദ്ധതികൾ ആരംഭിച്ചതെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ടെക്നിക്കൽ സർവിസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻജി. ഗാനിം അൽ കുവാരി പറയുന്നു.
ഇവിടെയുള്ള പ്രാദേശിക സമൂഹങ്ങൾ കൂടി ഉപയോഗപ്പെടുത്തും വിധത്തിലുള്ള സ്റ്റേഡിയങ്ങൾ നിർമിക്കുകയായിരുന്നു മുന്നിലുണ്ടായിരുന്ന ലക്ഷ്യം. നിർമാണത്തിലേക്കിറങ്ങും മുമ്പ് രൂപരേഖ തയാറാക്കുന്ന സമയത്ത് തങ്ങളുടെ ആവശ്യങ്ങൾ ചോദിച്ചറിയാൻ രൂപരേഖ തയാറാക്കുന്ന സമയത്തുതന്നെ പ്രാദേശിക സമൂഹങ്ങളുമായി കൂടിയാലോചനകൾ നടത്തിയിരുന്നു. ഓരോ സ്റ്റേഡിയവും പരിസരവും അവിടത്തെ സമൂഹത്തിന് അനുഗുണമാകുംവിധത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നതും നിർമിച്ചിരിക്കുന്നതും. വർഷങ്ങൾക്കിപ്പുറം ഓരോ സ്റ്റേഡിയത്തിലെയും പ്രത്യേകിച്ചും അൽബെയ്ത്, അൽ ജനൂബ് സ്റ്റേഡിയങ്ങളിലെ സൗകര്യങ്ങളെല്ലാം ജനങ്ങൾ ഉപയോഗപ്പെടുത്തുന്നതിൽ വലിയ സന്തോഷമുണ്ട്. ഫിഫ ലോകകപ്പ് ലെഗസി പദ്ധതികൾ കിക്കോഫിന് മുമ്പുതന്നെ ആക്ഷൻ മോഡിലാണുള്ളത് -ഗാനിം അൽ കുവാരി വ്യക്തമാക്കി. അൽ ജനൂബ്, അൽ ബെയ്ത്, റയ്യാനിലെ അഹ്മദ് ബിൻ അലി സ്റ്റേഡിയങ്ങൾ ഇതിനകംതന്നെ പ്രധാന കമ്യൂണിറ്റി ഹബുകളായി മാറിയിട്ടുണ്ട്. 2020ലെ ഖത്തർ ദേശീയദിനത്തിലാണ് അൽ ബെയ്ത്, അൽ ജനൂബ് സ്റ്റേഡിയങ്ങളിലെ പൊതു പാർക്കുകൾ ജനങ്ങൾക്കായി സുപ്രീം കമ്മിറ്റി തുറന്നുകൊടുത്തത്. 30ലധികം ഫുട്ബാൾ ഗ്രൗണ്ടുകളേക്കാൾ വിശാലയതുള്ള ഹരിതാഭമായ പ്രദേശമാണ് അൽ ബെയ്തിന് സ്വന്തമായുള്ളത്. കുട്ടികളുടെ കളിസ്ഥലം, വ്യായാമ കേന്ദ്രങ്ങൾ, റസ്റ്റാറൻറുകൾ, സൈക്ലിങ് ട്രാക്കുകൾ എന്നിവയെല്ലാം ഇവിടെയുണ്ട്.
40,000 പേരെ ഉൾക്കൊള്ളുന്ന വക്റയിലെ അൽ ജനൂബ് സ്റ്റേഡിയത്തിലെ പബ്ലിക് പാർക്കിൽ ടെന്നിസ്, ബാസ്കറ്റ്ബാൾ കോർട്ടുകളും വ്യായാമ കേന്ദ്രങ്ങളും കുട്ടികളുടെ കളിസ്ഥലങ്ങളുമുണ്ട്. കൂടാതെ ജോഗിങ്, സൈക്ലിങ് ട്രാക്കുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. വിശാലമായി പരന്നുകിടക്കുന്ന പച്ചപ്പാണ് ജനൂബ് സ്റ്റേഡിയത്തിന്റെ സവിശേഷതകളിലൊന്ന്.
അൽ റയ്യാൻ ക്ലബിന്റെ ഹോംഗ്രൗണ്ടായ അഹ്മദ് ബിൻ അലി സ്റ്റേഡിയമാണ് മറ്റൊരു കമ്യൂണിറ്റി ഹബായി മാറിയ പ്രദേശം. വളർന്നുവരുന്ന ഫുട്ബാൾ താരങ്ങൾക്ക് ഉയർച്ചകളിലേക്കെത്തുന്നതിന് മികച്ച ഗ്രൗണ്ടുകളടക്കമുള്ള അത്യാധുനിക സൗകര്യങ്ങളാണ് ഇവിടെയുള്ളത്. ഡിസംബർ 18ന് ലോകകപ്പിന് കൊടിയിറങ്ങുന്നതോടെ ചില സ്റ്റേഡിയങ്ങളും അതിെൻറ പരിസരവും വിപുലീകരിക്കുകയും റിയൽ എസ്റ്റേറ്റ്, ആരോഗ്യ കേന്ദ്രങ്ങൾ, വാണിജ്യ ഔട്ട്ലെറ്റുകൾ എന്നിവ സ്ഥാപിക്കുകയും ചെയ്യും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.