ദോഹ: ഖത്തർ ആഭ്യന്തര ഫുട്ബാൾ ലീഗായ സ്റ്റാർസ് ലീഗ് സീസൺ കിക്കോഫിന് മുന്നോടിയായി പരിശീലനത്തിന് ബൂട്ട് കെട്ടി ക്ലബുകൾ. ചിലർ ഖത്തറിൽ തുടങ്ങി വിദേശത്തേക്ക് പറക്കാൻ പ്ലാനൊരുക്കുമ്പോൾ, മുൻ ചാമ്പ്യന്മാരായ അൽ സദ്ദ് താരങ്ങൾ സംഗമിച്ചത് ഓസ്ട്രിയൻ മണ്ണിലാണ്.
പുതിയ പോർചുഗീസുകാരനായ പരിശീലകൻ ലിയനാർഡോ ജർഡിമിനു കീഴിൽ പുതു സീസണിലേക്കുള്ള തയാറെടുപ്പിന് അൽ റയ്യാൻ കഴിഞ്ഞ ദിവസം തുടക്കംകുറിച്ചു. ജൂലൈ 17ന് ടീം രണ്ടാം ഘട്ട പരിശീലനത്തിനായി ഓസ്ട്രിയയിലേക്ക് പുറപ്പെടും. ആഗസ്റ്റ് ഏഴുവരെ കോച്ചും സംഘവും ഓസ്ട്രിയയിലാവും പരിശീലിക്കുക. ചിലിയൻ പരിശീലകൻ നികോളസ് കൊർദോവക്കു പകരക്കാരനായാണ് മുൻ മൊണാകോ, അൽ ഹിലാൽ ടീമുകളുടെ പരിശീലകനായ ലിയനാർഡോ ജർഡിം ഖത്തറിലെത്തുന്നത്. യു.എ.ഇ ക്ലബ് അൽ ശബാബിലായിരുന്നു കഴിഞ്ഞ സീസണിൽ ഇദ്ദേഹം പരിശീലകനായി പ്രവർത്തിച്ചത്.
ആഗസ്റ്റ് 17നാണ് പുതിയ സീസൺ മത്സരങ്ങൾക്ക് തുടക്കം കുറിക്കുന്നത്. സീസൺ ആരംഭിക്കും മുമ്പായി വിവിധ ടീമുകളാണ് വിദേശ പരിശീലനത്തിനായി പുറപ്പെടുന്നത്. ജൂലൈ ഒന്ന് മുതൽതന്നെ അൽ സദ്ദിന്റെ വിദേശ പരിശീലനത്തിന് തുടക്കമായിരുന്നു. ജൂലൈ 19 വരെ ഓസ്ട്രിയയിലാണ് അൽ സദ്ദിന്റെ തയാറെടുപ്പ്. അൽ ഷമാൽ, ഖത്തർ എസ്.സി ടീമുകളും ഓസ്ട്രിയയാണ് പ്രീ സീസൺ പരിശീലനത്തിനായി തിരഞ്ഞെടുത്തത്. അൽ മർഖിയ തയാറെടുപ്പിനായി തൂർഖിയയിലേക്ക് പറക്കും. ഖത്തറിലെ ചൂടുള്ള കാലാവസ്ഥ കൂടി കണക്കിലെടുത്താണ് കൂടുതൽ ടീമുകളും ജൂലൈ മാസത്തിൽ യൂറോപ്യൻ രാജ്യങ്ങളിലേക്ക് പറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.