ദോഹ: പുതിയ സീസണിലേക്ക് തന്ത്രങ്ങൾ മെനയുന്നതിന്റെ ഭാഗമായി വിദേശ രാജ്യങ്ങളിൽ പ്രീ സീസൺ പരിശീലന ക്യാമ്പുകളുമായി ഖത്തർ സ്റ്റാർസ് ലീഗ് ക്ലബുകൾ. ഓസ്ട്രിയ, തുർക്കിയ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളാണ് ക്ലബുകൾ പ്രീ സീസൺ ക്യാമ്പുകൾക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളാണ് അധിക ക്ലബുകളുടെയും പരിശീലനക്കളരി.
കഴിഞ്ഞ കുറച്ച് സീസണുകളായി ഖത്തർ ദേശീയ ടീമിന്റെ പരിശീലനക്കളരിയും ഓസ്ട്രിയയാണ് . 2022 ലോകകപ്പിന് മുന്നോടിയായും കോൺകാകഫ് ഗോൾഡ് കപ്പ് തയാറെടുപ്പുകളുടെ ഭാഗമായും ഓസ്ട്രിയയിലാണ് ടീം ഒരുങ്ങിയത്. 2023 ജൂലൈ മുതൽ ആഗസ്റ്റ് 11 വരെ പ്രീ സീസൺ പരിശീലന ക്യാമ്പ് നടക്കുമെന്ന് നിലവിലെ ജേതാക്കളായ അൽ ദുഹൈൽ വെളിപ്പെടുത്തി.അൽ സദ്ദ്, അൽ റയ്യാൻ, അൽ ശമാൽ ക്ലബുകളെല്ലാം വേനലവധിക്കും പ്രീ സീസൺ പരിശീലനത്തിനുമായി ഓസ്ട്രിയയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
വരും ആഴ്ചകളിൽ പ്രാദേശിക ക്ലബുകളുമായും ടീമുകളുമായും ഇവർ നിരവധി സൗഹൃദ മത്സരങ്ങളിൽ കളിക്കാനിറങ്ങും.ജൂലൈ ഒന്നു മുതൽ 19 വരെയാണ് അൽ സദ്ദിന്റെ ഓസ്ട്രിയയിലെ പ്രീ സീസൺ പരിശീലനം. ജൂലൈ 17 മുതൽ ആഗസ്റ്റ് ഏഴു വരെ അൽ റയ്യാനും പരിശീലനം നടത്തും. ആഗസ്റ്റ് 17നാണ് ടീം ഖത്തറിലേക്ക് മടങ്ങുക.
കഴിഞ്ഞ സീസണിൽ ലീഗിൽ 11ാമതായിരുന്ന അൽ ശമാൽ ജൂലൈ 15 മുതൽ ആഗസ്റ്റ് രണ്ട് വരെ ഓസ്ട്രിയയിൽ പരിശീലനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ മാസം ആദ്യത്തിൽ സ്വീഡിഷുകാരനായ പൊയ അസ്ബാഗിയെ ടീമിലെത്തിച്ചശേഷം ടീമിനെ പുനർനിർമിക്കാനുള്ള പുറപ്പാടിലാണ് ശമാൽ പട.
അതേസമയം, ജൂലൈ എട്ട് മുതൽ 29 വരെ സ്പെയിനിലാണ് ഖത്തർ സ്പോർട്സ് ക്ലബിന്റെ പരിശീലനം. പോയ സീസണിൽ അഞ്ചാമതായാണ് ഖത്തർ ക്ലബ് ഫിനിഷ് ചെയ്തത്. അൽ മർഖിയയുടെ പരിശീലനം തുർക്കിയയിലാണ് നിശ്ചയിച്ചിരിക്കുന്നത്. ജൂലൈ 12 മുതൽ തുർക്കിയിലെത്തുന്ന അൽ മർഖിയ അവിടെ അഞ്ച് സൗഹൃദ മത്സരങ്ങളിൽ പങ്കെടുത്ത് ആഗസ്റ്റ് അഞ്ചിന് ദോഹയിലേക്ക് മടങ്ങും.പിച്ചിലും പുറത്തും സമീപനങ്ങളും പെരുമാറ്റവും മെച്ചപ്പെടുത്തുന്നതിനായി ഖത്തർ ഫുട്ബാൾ അസോസിയേഷൻ സ്വീകരിച്ച നടപടികൾക്ക് പിന്നാലെയാണ് സ്റ്റാർസ് ലീഗിനായുള്ള പരിശീലന ക്യാമ്പുകളധികവും വിദേശത്തേക്ക് മാറ്റിയിരിക്കുന്നത്.
ഫുട്ബാൾ നിയന്ത്രണങ്ങളും പരിശീലന പരിപാടികളും കൂടുതൽ സുഗമമാക്കുന്നതിന് ഒരു സംയുക്ത വിദ്യാഭ്യാസ കരാർ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് ഖത്തർ ഫുട്ബാൾ അസോസിയേഷൻ വികസന വിഭാഗം മേധാവി ഫഹദ് ഥാനി അൽ സറാ ഖത്തർ വാർത്ത ഏജൻസിയോട് പറഞ്ഞു.
എ.എഫ്.സിയുമായി സഹകരിച്ച് ഖത്തരി ഫുട്ബാൾ ക്ലബുകളിലെ പരിശീലകർക്കും സ്പെഷലിസ്റ്റുകൾക്കുമായി പ്രത്യേക പരിശീലന കോഴ്സുകൾ ലഭ്യമാക്കുമെന്നും ഫുട്ബാൾ മേഖലയുടെ വികസനത്തിനായി അസോസിയേഷൻ ബജറ്റുകളിൽ കൂടുതൽ ഊന്നൽ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.