ദോഹ: ലോക പുസ്തകദിനത്തിൽ സ്കൂൾ വിദ്യാർഥികൾക്ക് സമ്മാനവുമായി ഖത്തർ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. ഗതാഗത മന്ത്രാലയത്തിനു കീഴിലുള്ള മുവാസലാത് (കർവ)യുമായി സഹകരിച്ച് മൊബൈൽ ലൈബ്രറിക്ക് തുടക്കം കുറിച്ചു. ഉം അൽ അമാദ് ബോയ്സ് മോഡൽ സ്കൂളിൽ ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു. സർക്കാർ സ്കൂൾ വിദ്യാർഥികൾക്കിടയിൽ വായനാശീലം വളർത്താനും, പുതുമയുള്ള വായനാന്തരീക്ഷം നൽകാനും ലക്ഷ്യമിട്ടാണ് ഒരു ബസ് നിറയെ പുസ്തകങ്ങൾ ഉൾക്കൊള്ളിച്ച് ലൈബ്രറി ഓടിത്തുടങ്ങുന്നത്.
സ്കൂൾ വിദ്യാർഥികൾക്ക് ക്ലാസ് മുറികളിലെ പഠനസമയം കഴിഞ്ഞുള്ള സമയങ്ങളിൽ ക്രിയാത്മകമായി ചെലവഴിക്കാനും വായനാ സംസ്കാരം കെട്ടിപ്പടുക്കാനുമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി മഹ സായിദ് അൽ റുവൈലി പറഞ്ഞു. ഭാഷ, വ്യക്തിഗത ശേഷികൾ വളർത്താനും അറിവ് വർധിപ്പിക്കാനും വായന ഉപകരിക്കും. ക്ലാസ്റൂം ചുമരുകൾക്കു പുറത്ത് വേറിട്ട വായനാന്തരീക്ഷമാണ് മൊബൈൽ ലൈബ്രറികൾ സമ്മാനിക്കുന്നത്. വായനക്കൊപ്പം, ചർച്ച, കളികൾ, കൂട്ടം ചേർന്ന വായന എന്നിവയും ഉൾക്കൊള്ളുന്നു. കർവയുടെ പങ്കാളിത്തത്തിന് മഹ സായിദ് അൽ റുവൈലി നന്ദി അറിയിച്ചു. മന്ത്രാലയവുമായി കൈകോർത്ത്, പുതുതലമുറയുടെ വായനാ വിപ്ലവത്തിൽ പങ്കുവഹിക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് കർവ ആക്ടിങ് സി.ഇ.ഒ അഹ്മദ് ഹസൻ അൽ ഉബൈദലി പറഞ്ഞു.
പുസ്തകങ്ങൾ, കളിയുപകരണങ്ങൾ, ഗെയിമുകൾ, പഠന സഹായികൾ ഉൾപ്പെടുന്നതാണ് മൊബൈൽ ലൈബ്രറി. രണ്ടു നിലകളിലായി 30 വിദ്യാർഥികളെ ഒരേസമയം ബസിൽ ഉൾക്കൊള്ളാൻ കഴിയും. ആദ്യ നില പുസ്തകങ്ങൾ, പഠനോപകരണങ്ങൾ, സ്മാർട്ട് ടാബ്ലറ്റ്സ് എന്നിവ ഉൾക്കൊള്ളുന്നു. രണ്ടാം നിലയിലെ സ്മാർട് ടി.വി സ്ക്രീനിൽ കുട്ടികൾക്കായി വിവിധ ചോദ്യോത്തരങ്ങളടങ്ങിയ സെഷനുകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.