ദോഹ: സന്ദർശകരുടെ ഇഷ്ടകേന്ദ്രമായി ഉയർന്നുവന്ന പഴയ ദോഹ തുറമുഖത്ത് ഹ്രസ്വകാല താമസ സൗകര്യം വാഗ്ദാനം ചെയ്ത് 157 ഹോട്ടൽ, അപ്പാർട്മെന്റ് മുറികൾ. വർണാഭമായ കെട്ടിടങ്ങളും ക്രൂസ് കപ്പൽ ടെർമിനലുമുൾപ്പെടുന്ന പഴയ ദോഹ തുറമുഖം ഇന്ന് ടൂറിസ്റ്റുകളും താമസക്കാരും കൂടുതൽ സന്ദർശിക്കുന്ന ഇടമായിട്ടുണ്ട്.
താമസ സൗകര്യങ്ങളുമായി ഒരു ബോട്ടിക് ഹോട്ടലും സർവിസ്ഡ് അപ്പാർട്മെന്റും കഴിഞ്ഞ വർഷം ഇവിടെ പ്രവർത്തനമാരംഭിച്ചിരുന്നു. 127 സർവിസ്ഡ് അപ്പാർട്മെന്റുകളും 30 മുറികളുള്ള ബോട്ടിക് ഹോട്ടലുമാണ് ഇവിടെയുള്ളതെന്ന് പഴയ ദോഹ തുറമുഖം എക്സിക്യൂട്ടിവ് ഡയറക്ടർ മുഹമ്മദ് അബ്ദുല്ല അൽ മുല്ല പറഞ്ഞു.
ഹോട്ടലും അപ്പാർട്മെന്റുകളും പ്രവർത്തിപ്പിക്കുന്നത് ദ ടോർച്ചും അസീസിയ ഹോട്ടലുമാണ്. അതിനാൽ, തങ്ങൾക്ക് പരിചയസമ്പത്തുള്ള ഓപറേറ്റർമാരുണ്ട്. കൂടാതെ ഇത് പ്രവർത്തിപ്പിക്കുന്നത് സംബന്ധിച്ച ധാരണയും തങ്ങൾക്കുണ്ട് -അൽ മുല്ല ദ പെനിൻസുലയോട് പറഞ്ഞു. കടൽ, വെസ്റ്റ്ബേ സ്കൈലൈൻ, കോർണിഷ് എന്നിവയുടെ അതിശയകരമായ കാഴ്ചയോടെ അന്താരാഷ്ട്ര സന്ദർശകർക്കും ഖത്തറിലുള്ളവർക്കും തുറമുഖത്ത് താമസിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഈ ജനുവരിയിൽ പഴയ ദോഹ തുറമുഖത്ത് പ്രതിദിനം 3000 മുതൽ 4000 വരെ സന്ദർശകരെ സ്വീകരിച്ചിട്ടുണ്ടെന്നും ക്രൂസ് സീസൺ ഏപ്രിൽ അവസാനം വരെ തുടരുമെന്നതിനാൽ കൂടുതൽ സന്ദർശകരെ പ്രതീക്ഷിക്കുന്നതായും തുറമുഖം എക്സിക്യൂട്ടിവ് ഡയറക്ടർ പറഞ്ഞു. ഖത്തറിന്റെ സാംസ്കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് തുറമുഖത്തെ കെട്ടിടങ്ങളുടെ രൂപകൽപന നിർവഹിച്ചത്. എല്ലാ വാതിലുകളും ജനലുകളും ഷട്ടറുകളും പൗരാണിക കാലത്തെ അനുസ്മരിപ്പിക്കുംവിധമാണ് നിർമിച്ചത്.
പഞ്ചനക്ഷത്ര ഹോട്ടൽ, പൂന്തോട്ടം, സൗജന്യ സ്വകാര്യ പാർക്കിങ്, നടുമുറ്റം, റസ്റ്റാറന്റ്, റൂം സർവിസ്, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫ്രണ്ട് ഡെസ്ക് എന്നിവയാണ് മിന ഡിസ്ട്രിക്ട് ഹോട്ടലിന്റെയും റെസിഡന്റ്സ് യൂനിറ്റുകളുടെയും സവിശേഷത.ജൂനിയർ സ്യൂട്ട്, എക്സിക്യൂട്ടിവ് സ്യൂട്ട്, ഡീലക്സ് റൂം, ഡീലക്സ് ട്വിൻ റൂം, സ്റ്റുഡിയോ എന്നിവ ഇവിടെ ലഭ്യമാണ്.
600 മുതൽ 2200 വരെയാണ് ഒരു ദിവസത്തെ താമസ വാടകനിരക്ക്. ഗ്രാൻഡ് ക്രൂസ് ടെർമിനൽ, മിന ഡിസ്ട്രിക്ട്, ചബ്രത് അൽ മിന റസ്റ്റാറന്റ് ആൻഡ് ഫിഷ് മാർക്കറ്റ്, റീട്ടെയിൽ ഔട്ട്ലറ്റുകൾ എന്നിവയെല്ലാം പഴയ ദോഹ തുറമുഖത്തിന്റെ ആകർഷണങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.