ദോഹ: തണുപ്പും ആഘോഷ നാളുകളും കടന്ന് ചൂടിലേക്ക് രാജ്യം മാറുമ്പോൾ കാലത്തിനൊപ്പം ടൂറിസവുമായി കൂടുതൽ ആകർഷകമാകാൻ ഒരുങ്ങി ഖത്തർ ടൂറിസം. വിവിധ രാജ്യങ്ങളിൽ നിന്നായി സന്ദർശകരെ ആകർഷിക്കാൻ വിപുലമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്ന വേനൽക്കാല കാമ്പയിനുമായി ഖത്തർ ടൂറിസം രംഗത്ത്.
സന്ദർശകരെ രാജ്യത്തേക്ക് ആകർഷിക്കുക മാത്രമല്ല ടൂറിസം മേഖലയുടെ സുസ്ഥിര വളർച്ചക്കും നിലവിൽ പുരോഗമിക്കുന്ന വേനൽക്കാല കാമ്പയിൻ കരുത്തേകുമെന്ന് ഖത്തർ ടൂറിസം ചീഫ് ഓപറേറ്റിങ് ഓഫിസർ ബെർതോൾഡ് ട്രെങ്കൽ പറഞ്ഞു.
ആകർഷകമായ സാംസ്കാരിക, കായിക, കുടുംബ-സൗഹൃദ വിനോദ പരിപാടികൾ, മികച്ച ഹോട്ടൽ പ്രമോഷനുകൾ എന്നിവയെല്ലാം പ്രചാരണ കാലയളവിന്റെ ഭാഗമായി അവതരിപ്പിക്കും. രാജ്യത്തേക്ക് എത്തുന്ന ഓരോ സന്ദർശകനും മികച്ച അനുഭവങ്ങൾ ഉറപ്പാക്കാൻ കഴിയുന്ന തരത്തിലുള്ള കാമ്പയിനാണ് അധികൃതർ ഒരുക്കുന്നത്.
രാജ്യത്തെ വിവിധ ഹോട്ടലുകളുമായി സഹകരിച്ച് ആകർഷകമായ പാക്കേജുകളാണ് ഖത്തർ ടൂറിസം അവതരിപ്പിക്കുന്നത്. താമസത്തിനൊപ്പം, വിവിധ വിനോദ കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനവും ഹോട്ടലുകളുമായി ചേർന്ന് അവതരിപ്പിക്കുന്നു.
സന്ദർശകരുടെ എണ്ണം വർധിപ്പിക്കുന്നതിനൊപ്പം, ഈ മേഖലയിലെ തൊഴിൽ സാധ്യത വർധിപ്പിക്കുക, രാജ്യത്തിന്റെ സാമ്പത്തിക വളർച്ച എന്നിവയും 2030 ദേശീയ വിഷൻ ഭാഗമായ ടൂറിസം പദ്ധതികളുടെ ലക്ഷ്യമാണ്. 2030ഓടെ പ്രതിവർഷം 60 ലക്ഷം സന്ദർശകരെ ആകർഷിക്കുകയെന്നതാണ് ഖത്തർ ടൂറിസത്തിന്റെ പ്രധാന ലക്ഷ്യം.
ലോകകപ്പിനു പിന്നാലെ, വിവിധ ആകർഷക പാക്കേജുകളും പദ്ധതികളും അവതരിപ്പിച്ച് ഫെസ്റ്റിവൽ സീസണുകളിൽ സഞ്ചാരികളെ ആകർഷിക്കുകയാണ് ഖത്തർ. വിവിധ വിനോദ പരിപാടികൾ, വേനൽക്കാല ജലവിനോദങ്ങൾ, മ്യൂസിയം, ലൈബ്രറി എന്നിവയുമായി ബന്ധപ്പെട്ട സാംസ്കാരിക വിനോദങ്ങൾ, ഷോപ്പിങ് മേളകൾ, മാളുകൾ കേന്ദ്രീകരിച്ച പരിപാടികൾ, ബീച്ചുകളിലെ വിനോദം എന്നിവയെല്ലാം പദ്ധതികളുടെ ഭാഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.