ദോഹ: മഴയും തണുപ്പും മാറി അടിമുടി പൊള്ളുന്ന ചൂടിന്റെ വറുചട്ടിയിലേക്കു നീങ്ങുകയാണ് പ്രവാസനാട്. നാട്ടിലെ ചൂടുവാർത്ത മാറി, കോരിച്ചൊരിയുന്ന മഴക്കാല വിശേഷങ്ങളെത്തിത്തുടങ്ങുന്നതിനിടെ ഖത്തർ ഉൾപ്പെടെ ഗൾഫ് നാടുകൾ പൊള്ളുന്ന പകൽ ചൂടിനെ വരവേറ്റു തുടങ്ങി. മേയ് ആദ്യവാരം മുതൽതന്നെ ചൂടിന്റെ വീര്യം കൂടിത്തുടങ്ങിയിരുന്നു. ഖത്തർ കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോർട്ട് പ്രകാരം ശനിയാഴ്ച 43 ഡിഗ്രിവരെയായി അന്തരീക്ഷ താപനില ഉയർന്നു കഴിഞ്ഞു. മിസൈദ്, ഖത്തർ യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽ 43 റിപ്പോർട്ട് ചെയ്തപ്പോൾ അൽഖോർ, അൽ വക്റ മേഖലകളിൽ 42 ഡിഗ്രിയും ശനിയാഴ്ച താപനില രേഖപ്പെടുത്തി. ദോഹയിൽ താരതമ്യേന 40 ഡിഗ്രിയിൽ താഴെയായിരുന്നു കഴിഞ്ഞ ദിവസത്തെ താപനില.
തണുപ്പും മഴയും അതിവേഗം മാറി ചൂട് കൂടിക്കൂടി വരവെ, ആരോഗ്യത്തിന് കരുതൽ നിർദേശങ്ങളുമായി അധികൃതരും സജീവമായി. വിദേശങ്ങളിൽനിന്ന് മടങ്ങിയെത്തുന്നവരും അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കുന്നവരും ഇനിയുള്ള ദിനങ്ങളിൽ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിന് ആവശ്യമായ മുൻകരുതൽ പാലിക്കണമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയും തൊഴിൽ മന്ത്രാലയവും നിർദേശങ്ങൾ നൽകുന്നു. ഇതു സംബന്ധിച്ച് സുരക്ഷാ നടപടികൾ അധികൃതർ നിർദേശിച്ചു. മേയ് അവസാനത്തിലേക്ക് അടുക്കുമ്പോഴേക്കും ചൂട് ശക്തമായതോടെ, ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ താപനില ഉച്ചിയിലെത്തും.
ചൂടിനെ മെരുക്കി പതിയെ ജോലിയിലേക്ക്
ഖത്തറിന് പുറത്തുനിന്ന്, വിവിധ രാജ്യങ്ങളിലെ കാലാവസ്ഥയിൽനിന്ന് മടങ്ങിയെത്തുന്ന തൊഴിലാളികൾ ചൂടിനോട് പൊരുത്തപ്പെടാൻ (അക്ലിമറ്റൈസ്) ഇടവേളകൾ എടുക്കണമെന്ന് മന്ത്രാലയങ്ങൾ നിർദേശിക്കുന്നു. വേനൽക്കാലങ്ങളിൽ ജനങ്ങൾ 20 ശതമാനം എന്ന നിർദേശം പാലിക്കണമെന്ന് മന്ത്രാലയങ്ങൾ പൊതുജനങ്ങളോടാവശ്യപ്പെട്ടു. ജോലിയുടെ ആദ്യദിവസം ചൂടിൽ പൂർണ തീവ്രതയിൽ ഷിഫ്റ്റ് ദൈർഘ്യത്തിന്റെ 20 ശതമാനത്തിൽ കൂടുതൽ ജോലിയെടുക്കരുതെന്നാണ് നിർദേശം.
ശരീരം ക്രമേണ ചൂടുമായി പൊരുത്തപ്പെടുകയും ഉയർന്ന അളവിലുള്ള ചൂട് സഹിക്കുകയും ചെയ്യുകയെന്നതാണ് അക്ലിമറ്റൈസേഷൻ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. വ്യത്യസ്തമായ ചുറ്റുപാടുകളിൽനിന്ന് ജോലി ചെയ്യാനായി ഇവിടെയെത്തുന്ന തൊഴിലാളികൾ ചൂടുമായി പെട്ടെന്ന് പൊരുത്തപ്പെടുകയില്ല. കൂടാതെ ചൂടുള്ള സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നതിന് അവരുടെ ശരീരത്തിന് സമയം കൂടുതൽ ആവശ്യമായി വരികയും ചെയ്യുന്നു. ചൂട് ശക്തമായി തുടങ്ങിയ സാഹചര്യത്തിൽ പകൽ സമയത്ത് അന്തരീക്ഷ താപനില 37നും 43നും ഇടയിൽ ഡിഗ്രി സെൽഷ്യസായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ബോധവത്കരണ കാമ്പയിന്റെ ഭാഗമായി ജോലി സ്ഥലത്ത് രോഗങ്ങൾ തടയുന്നതിന് നിരവധി നടപടികൾ സ്വീകരിക്കാനും മന്ത്രാലയം ആവശ്യപ്പെടുന്നു. ചൂട് കാലാവസ്ഥയിലെ രോഗങ്ങൾക്കുള്ള പ്രഥമ ശുശ്രൂഷ പഠിച്ച് കൊണ്ട് തൊഴിലിടങ്ങളിൽ ആരോഗ്യത്തിനും സുരക്ഷക്കും മുൻഗണന നൽകണമെന്ന് വ്യക്തമാക്കി.
ചൂട് സമയത്ത് അസാധാരണ പെരുമാറ്റം, അവ്യക്തമായ സംസാരം, അപസ്മാരം, ബോധക്ഷയം എന്നിവയുണ്ടെങ്കിൽ അടിയന്തര പ്രഥമ ശുശ്രൂഷ ലഭ്യമാക്കണം.
(സൂര്യഘാതം: ജോലി സ്ഥലത്ത് സ്വയരക്ഷ പാലിക്കുക)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.