ദോഹ: കോവിഡ് ബൂസ്റ്റർ ഡോസ് സജീവമാക്കിയ ഖത്തറിൽ ഇതിനകം 70,000 ഡോസ് വിതരണം ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബർ 15ന് ആരംഭിച്ച ബൂസ്റ്റർ ഡോസ് വിതരണം, നവംബർ രണ്ടാം വാരമാണ് എല്ലാവർക്കും നൽകിത്തുടങ്ങിയത്. ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിലൂടെ സാരമായ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിച്ചത് കാരണം ആരും ഇതുവരെ ആശുപത്രിയിലെത്തുകയോ ആർക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയോ ചെയ്തിട്ടില്ലെന്ന് ഹമദ് ജനറൽ ആശുപത്രി ഡയറക്ടർ ഡോ. യൂസുഫ് അൽ മസ്ലമാനി പറഞ്ഞു.
വാക്സിൻ ബൂസ്റ്റർ ഡോസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങളെ ഡോ. അൽ മസ്ലമാനി തള്ളിക്കളഞ്ഞു. രാജ്യത്ത് കോവിഡ് മഹാമാരി റിപ്പോർട്ട് ചെയ്യപ്പെട്ടത് മുതൽ ബന്ധപ്പെട്ട അതോറിറ്റികളെല്ലാം വളരെ സുതാര്യമായാണ് പ്രവർത്തിക്കുന്നത്. പൊതുജനങ്ങളിലേക്ക് കൃത്യമായ വിവരങ്ങളെത്തിക്കുന്നുണ്ടെന്നും ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ഡോ. മസ്ലമാനി വ്യക്തമാക്കി.
കോവിഡുമായി ബന്ധപ്പെട്ട് പൊതുജനാരോഗ്യ മന്ത്രാലയത്തിൽനിന്നുള്ള വാർത്തകളും അറിയിപ്പുകളും മാത്രമാണ് വിശ്വാസയോഗ്യമായിട്ടുള്ളത്.
സമൂഹ മാധ്യമങ്ങളിലൂടെയോ ജനങ്ങൾക്കിടയിലൂടെയോ പ്രചരിക്കുന്ന അഭ്യൂഹങ്ങളെ ആശ്രയിക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കൃത്യമായ ശാസ്ത്രീയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്.
രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് ആറു മാസം കഴിയുന്നതോടെ വാക്സിൻ വഴി ലഭിച്ച ആൻറിബോഡികളിൽ കുറവ് വരുന്നതായി ശാസ്ത്രീയ തെളിവുകളുണ്ട്. വാക്സിൻ സ്വീകരിച്ചവർക്കും രോഗം വന്നിട്ടുണ്ട്. എന്നാൽ, വാക്സിൻ സ്വീകരിക്കാത്തവർക്ക് വരുന്നതു പോലെ സംഭവിച്ചിട്ടില്ല. യോഗ്യരായ എല്ലാവരും ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ മുന്നോട്ട് വരണം -അദ്ദേഹം പറഞ്ഞു.
ലോകത്തിെൻറ പല ഭാഗങ്ങളിലും മഹാമാരിയുടെ മൂന്നാം തരംഗവും നാലാം തരംഗവും പ്രത്യക്ഷപ്പെട്ടിരിക്കെ, ബൂസ്റ്റർ ഡോസ് സ്വീകരിക്കാതെ ഖത്തറിന് പുറത്തേക്ക് യാത്ര ചെയ്യരുതെന്നും ഡോ. മസ്ലമാനി വ്യക്തമാക്കി. വാക്സിനെടുക്കാത്തവർക്ക് യാത്ര വിലക്കുന്നില്ല, എന്നാൽ, ബൂസ്റ്റർ ഡോസ് സ്വീകരിച്ച് യാത്ര ചെയ്യുന്നതായിരിക്കും അഭികാമ്യം -അദ്ദേഹം പറഞ്ഞു.
രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് 12 മാസം കഴിയുന്നതോടെ ഇഹ്തിറാസിലെ ഗോൾഡൻ െഫ്രയിം അപ്രത്യക്ഷമാകുമെന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിനു കീഴിലെ സ്ട്രാറ്റജിക് കമ്മിറ്റി തീരുമാനപ്രകാരമാണിതെന്നും ഡോ. അൽ മസ്ലമാനി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.