ദോഹ: കുറഞ്ഞ ചെലവിൽ മികച്ച യാത്രാസൗകര്യമൊരുക്കുന്ന ദോഹ മെട്രോ മാസങ്ങൾക്ക് ശേഷം വീണ്ടും ഓടിത്തുടങ്ങിയത് യാത്രക്കാർക്ക് ഏറെ ആശ്വാസമായി. കോവിഡ് വ്യാപനത്തിൻെറ പശ്ചാത്തലത്തിലാണ് കഴിഞ്ഞ മാർച്ചിൽ മെട്രോ അടക്കമുള്ള പൊതുവാഹനങ്ങൾ സേവനം നിർത്തിയത്. എല്ലാ കോവിഡ് പ്രതിരോധ നടപടികളും സ്വീകരിച്ചാണ് സർവിസ് സെപ്റ്റംബർ ഒന്നുമുതൽ പുനരാരംഭിച്ചിരിക്കുന്നത്.
ദോഹ മെട്രോയിൽ ഇൻറർനെറ്റ് സൗകര്യമൊരുക്കാൻ ഖത്തർ റെയിലും വോഡഫോൺ ഖത്തറും കൈകോർക്കുകയാണ്. സെപ്റ്റംബർ ഒന്നുമുതൽ യാത്രക്കാർക്ക് വൈഫൈ സൗകര്യം ലഭിക്കുമെന്നാണ് ഖത്തർ റെയിൽ അറിയിച്ചിരുന്നത്. മെട്രോയുടെ റെഡ്, ഗ്രീൻ, ഗോൾഡ് ലൈനുകളിലെ എല്ലാ സ്റ്റേഷനുകളിലും ട്രെയിനുകൾക്കകത്തുമാണ് വൈഫൈ സൗകര്യം യാതക്കാർക്ക് ലഭ്യമാകുന്നത്. നിലവിൽ ഏതു കമ്പനിയുടെ മൊൈബൽ ഉപഭോക്താക്കൾക്കും ഖത്തറിൽ റോമിങ് പരിധിയിൽ ഉള്ളവർക്കുമടക്കം ദോഹ മെട്രോയിലോ സ്റ്റേഷനിൽ എത്തിയാലുടൻ വൈഫൈ സേവനത്തിനായി രജിസ്റ്റർ ചെയ്യാം. ഉടൻതന്നെ ഇൻറർനെറ്റ് മൊബൈൽ ഫോണിൽ ലഭ്യമായിത്തുടങ്ങും.
ആദ്യ അരമണിക്കൂറിൽ സേവനം സൗജന്യമാണ്. പിന്നീട് പണം ഇൗടാക്കും. എത്രതുകയാണ് ഈടാക്കുക എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഒരു രജിസ്ട്രേഷൻ നടത്തിയാൽ അന്നുമുഴുവൻ ഇൻറർനെറ്റ് ഉപയോഗിക്കാൻ കഴിയും. യാത്രക്കാർക്ക് സൗകര്യപ്രദമായ രൂപത്തിൽ തെരെഞ്ഞടുക്കാൻ ഖത്തർ റെയിൽ നിരവധി പ്രീമിയം ഇൻറർനെറ്റ് പ്ലാനുകളും ഒരുക്കുന്നുണ്ട്. ഒരു ദിസം, ഒരാഴ്ച, മാസം മുഴുവൻ ഇൻറർനെറ്റ് ഉപയോഗിക്കാൻ കഴിയുന്ന പ്രീമിയം പ്ലാനുകൾ ലഭ്യമാണ്. പദ്ധതി പൂർണമായി പ്രവർത്തനക്ഷമമാകുന്നതോടെ യാത്രയിലുടനീളം യാത്രികർക്ക് ഇടതടവില്ലാതെ വൈഫൈ സൗകര്യം ലഭ്യമാകും. മെട്രോയുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളിലും 37 സ്റ്റേഷനുകളിലും ഇൻറർനെറ്റ് ലഭ്യമാകും.
ദോഹ മെട്രോ ശൃംഖലയിലുടനീളം ഇൻറർനെറ്റ് ലഭ്യമാക്കുന്ന പദ്ധതിയിൽ വോഡഫോണുമായി സഹകരിക്കാൻ കഴിയുന്നതിൽ അതിയായ സന്തോഷമുെണ്ടന്ന് ഖത്തർ െറയിൽ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ എഞ്ചി. അബ്ദുല്ല അൽ സുബൈഇ പറഞ്ഞു. മെട്രോയുടെ എല്ലാ ശൃംഖലകളിലും യാത്രയിലുടനീളം ഇൻറർനെറ്റ് സേവനം ലഭിക്കുന്നതോടെ യാത്ര കൂടുതൽ സന്തോഷകരവും സൗകര്യപ്രദവുമാവുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിരോധ നടപടികളെല്ലാം സ്വീകരിച്ചാണ് മെട്രോ യാത്രക്കാർക്ക് പ്രവേശനം നൽകുന്നത്.യാത്രയിലുടനീളം കോവിഡ് പരിശോധിക്കുന്നുമുണ്ട്. ഇഹ്തിറാസ് ആപ്പിൽ പച്ച സ്റ്റാറ്റസ് ഉള്ളവർക്ക് മാത്രമേ പ്രവേശനമുള്ളൂ. 30 ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കുന്നുള്ളൂ. 37.8 ഡിഗ്രി സെൽഷ്യസിൽ കുറവ് ശരീരോഷ്മാവ് ഉള്ളവർക്ക് മാത്രമേ യാത്ര ചെയ്യാനാകൂ. എല്ലാവരുടെയും താപനില മുൻകൂട്ടി പരിശോധിക്കുന്നുണ്ട്. എല്ലായിടവും നിശ്ചിത ഇടവേളകളിൽ അണുനശീകരണം നടത്തുന്നുണ്ട്. അതേസമയം, സർവിസ് തുടങ്ങിയെങ്കിലും കഴിഞ്ഞ രണ്ടുദിവസങ്ങളിലും യാത്രക്കാർ കുറവാണ്. വരും ദിവസങ്ങളിൽ കൂടുതൽ യാത്രക്കാർ തങ്ങളുടെ പ്രിയ മെട്രോയെ ആശ്രയിച്ചുതുടങ്ങും.
ദോഹ മെട്രോ റെഡ്ലൈനിലെ ലെഗ്തൈഫിയ മെട്രോ സ്റ്റേഷൻ സെപ്റ്റംബർ ഒന്നുമുതൽ പ്രവർത്തനമാരംഭിച്ചിരുന്നു. ഇതോടെ ദോഹ മെട്രോ ഗ്രീൻ, റെഡ്, ഗോൾഡ് ലൈനുകളിലായി 37 സ്റ്റേഷനുകളും പ്രവർത്തനക്ഷമമായി.ദോഹ നഗരത്തിൻെറ തെക്കുവടക്ക്, കിഴക്കുപടിഞ്ഞാറ് മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ദോഹ മെട്രോ. 76 കിലോമീറ്ററാണ് ആകെ ദൂരം. ആകെ 37 സ്റ്റേഷനുകൾ. ഗതാഗതക്കുരുക്കില്ലാതെയും പാർക്കിങ് പ്രശ്നം ഇല്ലാതെയും യാത്ര നടത്താനാകുെമന്നതാണ് മെട്രോയുടെ ഏറ്റവും വലിയ പ്രത്യേകത.മെട്രോ ഉപയോഗിച്ച് ഖത്തറിലെ പ്രധാന ഷോപ്പിങ് മാളുകളില്‍ സുഗമമായി എത്താനാകും. നഗരത്തിലെ ഗതാഗതക്കുരുക്കില്‍പ്പെട്ട വലയാതെ കുറഞ്ഞ ചെലവില്‍ ഷോപ്പിങ് മാളുകളില്‍ എത്തിച്ചേരാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.