ദോഹ: രാജ്യത്തേക്കുള്ള സന്ദർശകരുടെ ഒഴുക്ക് വിനോദസഞ്ചാരമേഖലയുടെ തിരിച്ചുവരവിന് കരുത്തേകുന്നതായി റിപ്പോർട്ട്. ഈ വർഷം ഏപ്രിലിൽ 97,854 സന്ദർശകരാണ് ഖത്തറിലെത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 13,312 സന്ദർശകർ മാത്രമാണ് ഖത്തർ സന്ദർശിച്ചത്.
പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (പി.എസ്.എ) പുറത്തുവിട്ട റിപ്പോർട്ടിൽ സന്ദർശകരുടെ എണ്ണത്തിൽ 635 ശതമാനം വർധന രേഖപ്പെടുത്തി. 62,470 പേർ വിമാനമാർഗം ഖത്തറിലെത്തിയപ്പോൾ 8229 പേർ കടൽമാർഗവും 27,155 പേർ കരമാർഗവും ഖത്തറിലെത്തിയതായും പി.എസ്.എ വ്യക്തമാക്കി. ഏഷ്യ, ഓഷ്യാനിയ മേഖലയിൽനിന്നുള്ളവരാണ് ഏപ്രിലിൽ ഏറ്റവും കൂടുതലെത്തിയത്. ആകെ സന്ദർശകരിൽ 32 ശതമാനവും (30,966 പേർ) ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു. വർക്ക് വിസ ഒഴികെ മറ്റു 15 വിസ ക്ലാസുകളിലെത്തിയവരെയാണ് സന്ദരർകരായി കണക്കുകൂട്ടുക. ഏപ്രിലിൽ ആകെ സന്ദർശകരിൽ 31 ശതമാനം ഗൾഫ് രാജ്യങ്ങളിൽനിന്നുള്ളവരാണ്-30,258 പേർ.
കഴിഞ്ഞവർഷം ഏപ്രിലിൽ 2782 പേർ മാത്രമായിരുന്നു സന്ദർശനത്തിനായി ഖത്തറിലെത്തിയിരുന്നത്. ജി.സി.സി ഒഴികെയുള്ള അറബ് രാജ്യങ്ങളിൽനിന്ന് 8908 പേരാണ് (ഒമ്പത് ശതമാനം)ഇക്കാലയളവിൽ ഖത്തറിലെത്തിയത്. യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് 6007പേരും (20 ശതമാനം) ഈ വർഷം ഏപ്രിലിൽ ഖത്തറിലെത്തി. കഴിഞ്ഞ വർഷം 283 സന്ദർശകർ മാത്രമായിരുന്നു ഇക്കാലയളവിൽ ഖത്തർ സന്ദർശിച്ചത്. ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് 1696 പേരാണ് ഏപ്രിലിൽ ഖത്തറിലെത്തിയതെന്നും പി.എസ്.എ സൂചിപ്പിച്ചു. അതേസമയം, ഈ വർഷം ആദ്യപാദത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ ഏഴിരട്ടി വർധന രേഖപ്പെടുത്തിയതായി ഖത്തർ ടൂറിസം അറിയിച്ചു. ആദ്യ പാദത്തിൽ മാത്രം 3,16,000 പേർ ഖത്തറിലെത്തിയപ്പോൾ 2021, 2020 വർഷങ്ങളിൽ ആകെ എത്തിയത് യഥാക്രമം 6,11,000, 5,81,000 സന്ദർശകരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.