ദോഹ: പച്ചപ്പട്ടണിഞ്ഞ് സൗന്ദര്യമൊളിപ്പിച്ച് കതാറയിലെ കുന്നുകൾ സഞ്ചാരികളെ വിളിക്കുന്നു. താപനില താഴ്ന്ന് രാജ്യം പതിയെ തണുപ്പിലേക്ക് നീങ്ങിത്തുടങ്ങിയതോടെ കുന്നുകളിലേക്ക് സന്ദർശകരുടെ വരവും കൂടി.പ്രഭാത സവാരിക്കായും ഒഴിവുസമയം ചെലവഴിക്കാനായും ചിത്രങ്ങൾ പകർത്താനുമായി നിരവധി പേരാണ് എത്തുന്നത്.
3,61,500 ചതുരശ്രമീറ്റർ വിസ്തൃതിയിലായി പരന്നുകിടക്കുന്ന കുന്നുകളുടെ മുകളിൽനിന്ന് പരിസരങ്ങളിലേക്കുള്ള കാഴ്ചകൾ അതിമനോഹരമാണ്. ദോഹ, പേൾ ഖത്തർ, ലുസൈലിെൻറയുമെല്ലൊം പനോരമിക് ദൃശ്യങ്ങൾ ഇവിടെനിന്ന് നയനമനോഹരമാണ്.കതാറയുടെ ജലോപരിതലവും ആംഫി തിയറ്ററും മനോഹരമായ കെട്ടിടങ്ങളും കുന്നുകളിൽനിന്ന് നോക്കിയാൽ കൃത്യമായി കാണാം. വിവിധ ഭാഗങ്ങളിലായി നൂറുക്കണക്കിന് മരങ്ങളാണ് കുന്നുകളിലും പുൽമേടുകളിലുമായി നട്ടുവളർത്തിയിരിക്കുന്നത്.
സതേൺ, നോർത്തേൺ എന്നിങ്ങനെ രണ്ട് കുന്നുകളാണ് കതാറയിലുള്ളത്. ദോഹയിലെതന്നെ മനുഷ്യനിർമിത കുന്നുകളാണിവ. മനോഹരമായ താഴ്വരകളും നനുത്ത മന്ദമാരുതനും തലയുയർത്തി തണലായി നിൽക്കുന്ന മരങ്ങളും ഹരിതമേടകളും ഇവിടേക്ക് സന്ദർശകരെ ആകർഷിക്കുന്നു.രാവിലെ അഞ്ചു മുതൽ രാത്രി 12 വരെയാണ് പൊതുജനങ്ങൾക്ക് പ്രവേശനം. കുന്നുകൾക്ക് ചുറ്റുമായി 2.8 കിലോമീറ്റർ ദൈർഘ്യത്തിൽ റബറൈസ്ഡ് ജോഗിങ് ട്രാക്കുണ്ട്.
ഇത് നടത്തക്കാരുടെയും വ്യായാമ പ്രിയരുടെയും സവാരിക്കാരുടെയും ഇഷ്ടകേന്ദ്രമാണ്. ഈ വർഷം ഫെബ്രുവരിയിൽ അൽ വസ്മി ഗാർഡൻ ഫെസ്റ്റിവൽ തെക്ക് ഭാഗത്തുള്ള കുന്നിലാണ് നടന്നത്. അഞ്ചുദിവസം നീണ്ടുനിന്ന ഫെസ്റ്റിവൽ 1,50,000 പേരാണ് സന്ദർശിച്ചത്. എന്നാൽ, സമയം കളയാതെ കതാറയിലെ കുന്നുകളിലേക്ക് പോയാലോ...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.