ദോഹ: ഖത്തറിലെ മൂന്നു ചരിത്ര സ്മാരകങ്ങൾ ലോക ഇസ്ലാമിക് പൈതൃക പട്ടികയിലേക്ക്. ഇസ്ലാമിക് എജുക്കേഷനൽ, സയൻറിഫിക് ആൻഡ് കൾചറൽ ഓർഗനൈസേഷനു (ഐസെസ്കോ) കീഴിലെ ലോക ഇസ്ലാമിക പൈതൃക കമ്മിറ്റിയുടെ യോഗത്തിലാണ് 97 പുതിയ ചരിത്ര സ്മാരകങ്ങളെകൂടി പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. അതിെൻറ ഭാഗമായാണ് ഖത്തറിലെ അൽ റകിയാത് കോട്ട, ബർസാൻ ടവർ, അൽ ഖുലൈഫി ഹെറിറ്റേജ് ഹൗസ് എന്നിവ കൂടി ഉൾപ്പെടുത്തിയത്.
ഖത്തറിൽനിന്നുള്ള കൂടുതൽ ചരിത്ര സ്മാരകങ്ങൾ ലോക പൈതൃക പട്ടികയിൽ ഇടം നേടുന്നത്, രാജ്യത്തിെൻറ സമ്പന്നമായ സാംസ്കാരിക പാരമ്പര്യം ലോകശ്രദ്ധയിലെത്തിക്കാൻ ഉപകരിക്കുമെന്ന് ഖത്തർ മ്യൂസിയം ചെയർപേഴ്സൻ ശൈഖ അൽ മയാസ ബിൻത് ഹമദ് ആൽഥാനി പറഞ്ഞു. സാംസ്കാരിക വിനോദ സഞ്ചാരത്തിനും ഈ അംഗീകാരം ഉപകാരപ്രദമാവുമെന്ന് അവർ വ്യക്തമാക്കി.
രാജ്യത്തെ വിവിധ ചരിത്ര സ്മാരകങ്ങളും സാംസ്കാരിക പൈതൃക നഗരികളും പുനരുജ്ജീവിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഈ അംഗീകാരം ആവേശം നൽകുമെന്ന് ഖത്തർ മ്യൂസിയം സി.ഇ.ഒ അഹമ്മദ് മൂസ അൽ നംല പറഞ്ഞു. ഖത്തരി ജനതയുടെയും ഇസ്ലാമിക ലോകത്തിെൻറയും ചരിത്രപരവും സാംസ്കാരികവുമായ പാരമ്പരത്തിെൻറയും അടയാളമാണ് ഇടം നേടിയ മൂന്നു പൈതൃക കേന്ദ്രങ്ങളും. രാജ്യത്തെ കൂടുതൽ പൗരാണിക സ്ഥാപനങ്ങൾ പട്ടികയിൽ ഉൾപ്പെടുത്താൻ ഈ നേട്ടം ഉൗർജം പകരും -അഹമദ് അൽ നംല പറഞ്ഞു.
അൽ സുബാറ ഫോർട്ട്, അൽ ജസാസിയ സൈറ്റ്, ഓൾഡ് അമിരി പാലസ്, അൽ റുവൈസ് പള്ളി തുടങ്ങിയ 2019 ഡിസംബറിൽ ഇസെസ്കോ ഇസ്ലാമിക് പൈതൃക പട്ടികയിൽ ഇടം നേടിയിരുന്നു.
അൽ റകിയാത് കോട്ട
അൽഷമാൽ നഗരസഭ പരിധിയിലെ ഈ ചരിത്ര സ്മാരകം 19ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണ്. ഖത്തറിലെ ഏറ്റവും വലിയ കോട്ടയായി കണക്കാക്കുന്നു. പ്രദേശത്തെ ജലസ്രോതസ്സുകൾ സംരക്ഷിക്കുകയായിരുന്നു ആദ്യ ലക്ഷ്യം. ഏറ്റുമുട്ടലുകളിൽനിന്ന് ഗ്രാമീണ വിഭാഗങ്ങൾക്കുള്ള സംരക്ഷണകേന്ദ്രമായും മാറി. 1988ലാണ് പുനർനിർമിക്കപ്പെടുന്നത്.
ബർസാൻ ടവർ
19ാം നൂറ്റാണ്ടിൽ പണിത നിരീക്ഷണ കേന്ദ്രം. 1910ൽ ബർസാൻ ടവർ പുനർനിർമിക്കപ്പെട്ടു. പഴമയുടെ സൗന്ദര്യവും പൈതൃകവും നഷ്ടമാവാതെ 2003ൽ നവീകരിച്ചശേഷം പ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റി. 16 മീറ്റർ ഉയരത്തിൽ, പടികളോടുകൂടിയ ഇരട്ട ടവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.