ദോഹ: മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം വലമ്പൂർ കളപ്പാറ കുഞ്ഞിനാണുവിന്റെയും ശാന്തകുമാരിയുടെയും വേദനയൊപ്പാൻ ഇന്ന് ആ നാട് ഒന്നാകെ ചേർന്നിരിക്കുകയാണ്. പ്രായമേറിയ ഈ മാതാപിതാക്കളുടെയും മരുമകൾ നീതുവിന്റെയും ഒരുവയസ്സു പ്രായമുള്ള പേരക്കുട്ടിയുടെയും കണ്ണീരൊപ്പാൻ ആ നാടും നാട്ടുകാരും ജാതിയും മതവും മറന്ന് ഒരുമയോടെ കൈകോർക്കുന്ന ‘കേരള സ്റ്റോറി’. അവർക്കെല്ലാം ലക്ഷ്യം ഒന്നു മാത്രം. കഴിഞ്ഞ ജനുവരിയിൽ ഖത്തറിലുണ്ടായ വാഹനാപകടത്തിൽ യമനി പൗരൻ മരിച്ച സംഭവത്തിൽ ജയിലിലായ ദിവേഷ് ലാലിനെ (കുട്ടൻ) മോചിപ്പിച്ച് നാട്ടിലെത്തിക്കുക എന്നതുമാത്രം.
ഖത്തറിൽ ട്രക്ക് ഡ്രൈവറായിരുന്ന ദിവേഷിന് സംഭവിച്ച പിഴവായിരുന്നു ആ അപകടം. ഇൻഡസ്ട്രിയൽ ഏരിയയിൽ നിർത്തിയിട്ട വാഹനം അബദ്ധത്തിൽ പിറകോട്ടേക്ക് നീങ്ങിയപ്പോൾ പിറകിലുണ്ടായിരുന്ന യമനി പൗരൻ ദിവേഷിന്റെ ട്രക്കിനും മറ്റൊരു കാറിനുമിടയിൽ കുടുങ്ങി മരിച്ചു. മൂന്നുദിവസം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ശേഷം ഇയാൾ മരിച്ചതോടെ ദിവേഷ് നിയമക്കുരുക്കിലായി. നാട്ടിൽ ഓട്ടോ ഡ്രൈവറായും നാട്ടുകാർക്ക് പ്രിയപ്പെട്ടവനുമായും നിന്ന ചെറുപ്പക്കാരൻ, വീടുവെച്ച 10 ലക്ഷം രൂപയുടെ കടം വീട്ടാനായി പ്രവാസിയായപ്പോൾ വിധി കാത്തുവെച്ചത് ജയിൽ വാസമായിരുന്നു. അപകടത്തിനു പിന്നാലെ, ജയിലിലായ ദിവേഷ് ലാലിന് 2.03 ലക്ഷം റിയാലാണ് (46 ലക്ഷം രൂപ) കോടതി ദിയാധനമായി വിധിച്ചത്. ഈ തുക മരിച്ച യമനി പൗരന്റെ കുടുംബത്തിന് നൽകിയാലേ നിയമനടപടി പൂർത്തിയാക്കി ഇദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങാൻ കഴിയൂ. ഇത് കേട്ടപ്പോൾ ആദ്യം തകർന്നത് ഹൃദ്രോഗിയായ പിതാവും അമ്മയും ഭാര്യയുമായിരുന്നു. നിർധന കുടുംബത്തിന് ചിന്തിക്കാൻ പോലുമാവാത്ത തുകക്കുമുന്നിൽ അവർ പകച്ചുനിന്നപ്പോൾ, അങ്ങാടിപ്പുറം വലമ്പൂരിലെ നാട്ടുകാരും സുഹൃത്തുക്കളും ഒന്നിച്ചു. അവരെല്ലാം ഒന്നിച്ചൊരു കൂട്ടായ്മയുണ്ടാക്കി ദിവേഷിന്റെ മോചനത്തിനാവശ്യമായ തുക ശേഖരിക്കാൻ തുടങ്ങി.
പി. അബ്ദുൽ ഹമീദ് എം.എൽ.എ ചെയർമാനും അങ്ങാടിപ്പറം പഞ്ചായത്ത് പ്രസിഡന്റ് സഈദ ടീച്ചർ കൺവീനറും കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയത്തൊടി, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻ അസീസ് പട്ടിക്കാട്, ബ്ലോക്ക് മെമ്പർ ദിലീപ്, ഉസ്മാൻ കൊമ്പൻ എന്നിവർ അംഗങ്ങളുമായി പീകരിച്ച കമ്മിറ്റിയാണ് ഇപ്പോൾ നാട്ടിൽ ജനകീയ ഫണ്ട് സമാഹരണത്തിന് തുടക്കമിട്ടത്.
പ്രദേശത്തെ വീടുകൾ കയറിയും സമൂഹ മാധ്യമങ്ങളിലൂടെ അഭ്യർഥിച്ചുമെല്ലാം അവർ ആവശ്യമായ തുക കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോൾ. ഇതിനിടെ, കഴിഞ്ഞ ദിവസം കുടുംബവും ജനകീയ കമ്മിറ്റി ഭാരവാഹികളും പാണക്കാടെത്തി മുനവറലി ഷിഹാബ് തങ്ങളെ സന്ദർശിച്ചിരുന്നു. ആവശ്യമായ തുക കണ്ടെത്താൻ സഹായിക്കാമെന്ന അദ്ദേഹത്തിന്റെ ഉറപ്പിൽ ഏറെ പ്രതീക്ഷയോടെയായിരുന്നു കുടുംബം മടങ്ങിയത്.
നാട്ടിലെ കൂട്ടായ്മക്കു പിന്നാലെ, ഖത്തറിലെ സുഹൃത്തുക്കളും നാട്ടുകാരും അവനുവേണ്ടി രംഗത്തുണ്ട്. ദിവേഷിന്റെ സുഹൃത്ത് കൂടിയായ അൻവർ കെ.ടിയുടെ നേതൃത്വത്തിൽ ഖത്തറിലുള്ളവരും രംഗത്തിറങ്ങിയിട്ടുണ്ട്.
മൂന്നുമാസത്തെ ജയിൽവാസത്തിനു ശേഷം ദിവേഷ് റമദാനിലെ ഇളവിൽ പുറത്തിറങ്ങിയെങ്കിലും എത്രയും വേഗം ‘ദിയാധനം’ നൽകിയില്ലെങ്കിൽ വീണ്ടും ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരും.
ഇപ്പോൾ എല്ലാവർക്കും ഒരൊറ്റ ലക്ഷ്യം മാത്രമേയുള്ളൂ, ഇതുവരെ കാണാത്ത ഒരു വയസ്സുകാരിയായ മകൾക്കും സങ്കടക്കണ്ണീരുമായി കാത്തിരിക്കുന്ന മാതാപിതാക്കൾക്കും പ്രിയതമക്കും അരികിലേക്ക് എത്രയും വേഗം ദിവേഷിനെ എത്തിക്കണം. അതിനുള്ള എല്ലാ ശ്രമങ്ങളും നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ നടക്കുന്നതായി ജനകീയ കമ്മിറ്റി ചെയർമാൻ പി. അബ്ദുൽ ഹമീദ് എം.എൽ.എ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.