ദോഹ: കഴിഞ്ഞ രണ്ടു മൂന്നു ദിനങ്ങളിൽ ലോകകപ്പിന്റെ ചെറു ആവേശം പകരുന്ന കാഴ്ചകളായിരുന്നു ഖത്തറിന്റെ പ്രധാന തെരുവുകളിൽ. ലോകകപ്പ് യോഗ്യത റൗണ്ടിലെ അവസാന പിടിയിൽ പെറു കളത്തിലിറങ്ങാനിരുന്നപ്പോൾ, ആവേശം പകരാനായി വൻകരകൾ താണ്ടി 15ഉം 17ഉം മണിക്കൂർ പറന്ന് പെറുവിയൻ ആരാധകർ ദോഹയിൽ ആരവമായി പറന്നിറങ്ങി. വിമാനത്താവളം മുതൽ, സൂഖ് വാഖിഫും ലോകകപ്പ് കൗണ്ട്ഡൗൺ സമയംകുറിക്കുന്ന ദോഹ കോർണിഷിലെ ക്ലോക്കിനരികിലും വിശ്വമേളയുടെ സ്റ്റേഡിയം പരിസരങ്ങളിലും താമസിക്കുന്ന ഹോട്ടലുകളിലുമായി അവർ കൊട്ടും താളവും പാട്ടും നൃത്തവുമായി ആഘോഷം തീർത്തു. ലോകകപ്പിനെ വരവേൽക്കുന്ന മണ്ണിന് വിശ്വമേളയുടെ ചെറു പൂരക്കാഴ്ചകളായിരുന്നു ചുവപ്പും വെള്ളയും കലർന്ന നിറങ്ങളിൽ കുളിച്ച അവർ പകർന്നുനൽകിയത്. നിർണായക മത്സരത്തിൽ ആസ്ട്രേലിയയെ നേരിടാൻ പെറു ബൂട്ടുകെട്ടുമ്പോൾ മത്സരവേദി ദൂരെയാണെന്നതിനാൽ ഗാലറി അനാഥമാകരുതെന്നായിരുന്നു അവരുടെ ചിന്തകൾ.
രണ്ടു ദിവസം മുമ്പുതന്നെ ജോലിയിൽനിന്ന് അവധിയെടുത്ത് കൂട്ടംകൂട്ടമായി പെറുവിയൻ ആരാധകപ്പട ഖത്തറിന്റെ മണ്ണിലെത്തിയിരുന്നു. ടീം അംഗങ്ങളെ വിമാനത്താവളത്തിൽ സ്വീകരിച്ചത് മുതൽ പരിശീലന വേദികളിലേക്ക് ആനയിച്ചും അവർ ആവേശം പകർന്നു. കാൽപന്തു വേദികളെ ഉത്സവമാക്കിമാറ്റുന്ന ലാറ്റിനമേരിക്കൻ ആവേശത്തിന്റെ ചെറു പതിപ്പിനെ ഖത്തറിലെ സ്വദേശികളും പ്രവാസികളും ഉൾപ്പെടെയുള്ള ആരാധകരും വരവേറ്റു. അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ തിങ്കളാഴ്ച രാത്രിയിൽ പോരാട്ടത്തിന് കിക്കോഫ് വിസിൽ മുഴങ്ങുന്നതിനു മണിക്കൂറുകൾ മുമ്പേ സ്റ്റേഡിയവും പരിസരവും റെഡ്വൈറ്റ് ആർമിയുടെ ആരവങ്ങളായി മാറി. പന്തുരുണ്ടു തുടങ്ങുന്നതിനും മുമ്പേ ഗാലറിയുടെ ഇരു സ്റ്റാൻഡുകളിലും നിലയുറപ്പിച്ചവർ കിക്കോഫ് വിസിലിനു പിന്നാലെ ഇരുന്നിട്ടില്ലെന്നു പറയാം. ബാൻഡും വാദ്യങ്ങളുമായി അവർ കൊട്ടിക്കയറിയപ്പോൾ കളത്തിലും പിരിമുറുക്കമായി. 12,000ത്തോളം വരുന്ന ആരാധകരുടെ ആവേശത്തിനിടയിൽ സോക്കറൂസിന്റെ മഞ്ഞപ്പടയുടെ സാന്നിധ്യം നാമമാത്രമായി. കളി മുറുകിയപ്പോൾ അവസരങ്ങൾ തുല്യമായിരുന്നു. പന്ത് ഇരു പകുതിയിലേക്കും പാഞ്ഞുകയറിയതല്ലാതെ വലകുലുക്കാനായില്ല. കടുത്ത പ്രതിരോധങ്ങളിൽ ജിയാൻലൂക ലപാഡുലയും ക്രിസ്റ്റഫർ ഗോൺസാലസും ക്രിസ്റ്റ്യൻ ക്യുവയും നടത്തിയ മുന്നേറ്റങ്ങളുടെ മുനയൊടിഞ്ഞുപോയി. ആസ്ട്രേലിയക്കുവേണ്ടി അഡിൻ റുസ്റ്റിചും ജാക്സൺ ഇർവിനും ആരോൺ മൂയും വിയർത്തുകളിച്ചു. ഒടുവിലായിരുന്നു പെനാൽറ്റിയുടെ ദുരന്തക്കാഴ്ച. ആദ്യ കിക്ക് സേവ് ചെയ്ത പെറു ഗോളിയും ക്യാപ്റ്റനുമായ പെഡ്രോ ഗാലസ് നൽകിയ മേധാവിത്വം സഹതാരങ്ങൾക്ക് നിലനിർത്താനായില്ല. പരിചയസമ്പന്നനായ പ്രതിരോധ നിരക്കാരൻ ലൂയിസ് അഡ്വിൻകുലയുടെ കിക്ക് പോസ്റ്റിൽ തട്ടി ദിശ തെറ്റി. ഒടുവിൽ സഡൻഡെത്തിൽ പകരക്കാരൻ ഗോളി ആൻഡ്ര്യൂ റെഡ്മയ്ൻ ഓസിസിന്റെ ഹീറോയും അലക്സ് വലേര പെറുവിന്റെ ദുരന്ത കഥാനായകനുമായി.
രണ്ടു മണിക്കൂറോളം ഗാലറിയിൽ ഓളംതീർത്ത ആരാധകരെല്ലാം നിശ്ശബ്ദമായ നിമിഷം. തുടർച്ചയായി രണ്ടാം ലോകകപ്പ് സ്വപ്നംകണ്ട് ബൂട്ടുകെട്ടിയ പെറു പുറത്തായപ്പോൾ അതുവരെ ആരവമായി പെയ്തിറങ്ങിയ പെരുമഴ നിലച്ചപോലെയായി. മുഖത്തണിഞ്ഞ ചായങ്ങളുമായി ആരാധകർ കണ്ണീരോടെ കളംവിട്ട നിമിഷങ്ങൾ.
ദോഹ: ആസ്ട്രേലിയയിലുടെ ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷനിൽ നിന്നും ആറ് ടീമുകൾ ലോകകപ്പിന് യോഗ്യത നേടിയതിൽ സന്തോഷം പങ്കുവെച്ച് എ.എഫ്.സി പ്രസിഡന്റ് ശൈഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫ. ഏഷ്യൻ ഫുട്ബാൾ കുടുംബത്തിനുവേണ്ടി ആസ്ട്രേലിയയെ അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു. സ്വന്തം വൻകരയിൽ ഒരു ഫുട്ബാൾ മേളയെത്തുമ്പോൾ പരമാവധി ബർത്തും സ്വന്തമാക്കാൻ ഏഷ്യൻ ടീമുകൾക്ക് കഴിഞ്ഞത് അഭിമാന നിമിഷമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ലോകകപ്പ് കളിക്കാൻ അവസരം ലഭിച്ച വൻകരയിൽ നിന്നുള്ള എല്ലാ ടീമിനും മികച്ച പ്രകടനം പുറത്തെടുക്കാൻ ഖത്തറിൽ കഴിയട്ടേയെന്നും അദ്ദേഹം ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.