ദോഹ: കോവിഡ് ഭീതി അകലുകയും നിയന്ത്രണങ്ങളിൽ ഇളവുവരുകയും ചെയ്തതോടെ ഖത്തറിൽനിന്നുള്ള ഉംറ തീർഥാടകരുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായതായി റിപ്പോർട്ട്. കോവിഡ് മഹാമാരിക്ക് മുമ്പുണ്ടായിരുന്ന തലത്തിലേക്ക് തീർഥാടകരുടെ എണ്ണമെത്തിയതായി ട്രാവൽ മേഖലയിൽനിന്നുള്ളവർ പറയുന്നു.
ഖത്തറിൽനിന്നും സൗദിയിലേക്കുള്ള യാത്രക്കാർക്ക് വാക്സിനേഷൻ രേഖകൾ സമർപ്പിക്കേണ്ടതില്ലെന്നതും യാത്രക്ക് മുമ്പായി പി.സി.ആർ ടെസ്റ്റ് പരിശോധനയും നിർബന്ധിത ക്വാറൻറീനും ഒഴിവാക്കിയതും തീർഥാടകരുടെ എണ്ണം വർധിക്കുന്നതിൽ നിർണായക ഘടകമാണ്.
കോവിഡ് മഹാമാരിയിൽനിന്ന് മുക്തിനേടി ജനങ്ങൾ പൂർവസ്ഥിതിയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന സമയമാണിതെന്നും രാജ്യത്തിന് പുറത്തേക്ക് സഞ്ചരിക്കാൻ ജനം ഏറെ തൽപരരായതായും ഖത്തറിലെ ഹാപ്പി ജേർണി ട്രാവൽസ് ഓപറേഷൻ മാനേജർ ഇർഫാൻ ഉമർ പ്രാദേശിക പത്രത്തോട് പറഞ്ഞു. കൂടുതൽ പേരും ഉംറക്കായി മക്ക തിരഞ്ഞെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യാത്രക്കാർക്ക് എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കിയത് സൗദി അറേബ്യ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. വിമാന സർവിസുകളുടെ എണ്ണം ഖത്തർ എയർവേസ് അധികരിപ്പിച്ചതായും ഇർഫാൻ ഉമർ കൂട്ടിച്ചേർത്തു.
യാത്രക്കാരുടെ എണ്ണം അധികരിച്ചതിനാൽ മക്കയിൽ തീർഥാടകർക്കായി ഹോട്ടൽ ബുക്ക് ചെയ്യുന്നതിൽ കാലതാമസം വരുന്നുണ്ടെന്നും വ്യക്തമാക്കിയ അദ്ദേഹം, കഴിഞ്ഞ വർഷം ഉംറ തീർഥാടനം നിർത്തിവെച്ചിരുന്നതായും ആളുകൾ എവിടേക്കും സഞ്ചരിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. എന്നാൽ, ഇപ്പോൾ സൗദിയിലേക്കുള്ള, പ്രത്യേകിച്ച് ഉംറ തീർഥാടനത്തിനായുള്ള യാത്രക്കാരുടെ എണ്ണം കോവിഡിന് മുമ്പുള്ള സമയത്തേതിന് സമാന സാഹചര്യത്തിലെത്തിയതിനാൽ ഹോട്ടൽ റൂമുകൾ ബുക്ക് ചെയ്യാൻ പ്രയാസം നേരിടുന്നതായും അദ്ദേഹം സൂചിപ്പിച്ചു.
ഇരു ഹറമുകളിലും പ്രാർഥനക്കായി തീർഥാടകർ പ്രയർ സ്ലോട്ടുകൾ ബുക്ക് ചെയ്യണമെന്ന നിർദേശം സൗദി അധികൃതർ പിൻവലിച്ചിരുന്നു. അതേസമയം, മക്കയിലേക്കും മദീനയിലേക്കുമുള്ള യാത്രക്കാർ ഇഅ്തമർനാ ആപ്പിലോ തവക്കൽനാ ആപ്പിലോ ബുക്ക് ചെയ്യണം. റമദാനിലേക്കുള്ള ഉംറ പെർമിറ്റ് രണ്ട് ആപ്പുകളിലും ലഭ്യമാണെന്നും അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.