വിധോദ്ദേശ്യ ആപ്ലിക്കേഷനായ മെട്രാഷ് രണ്ട് വഴി ഇനി വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് സ്ഥാപിക്കാനുള്ള നടപടികളും എളുപ്പത്തിൽ പൂർത്തിയാക്കാം. ഇൻഡസ്ട്രിയൽ ഏരിയയിലെ നമ്പർ പ്ലേറ്റ് വർക്ഷോപ്പിൽ മെട്രാഷ് രണ്ട് ആപ്ലിക്കേഷൻ ഉപയോക്താക്കൾക്കായി പ്രത്യേക ലൈൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഖത്തർ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഫസ്റ്റ് ലഫ്. അഹ്മദ് സായിദ് അൽ റുമൈഹിയാണ് വിശദാംശങ്ങൾ അറിയിച്ചത്.
മെട്രാഷ് വഴി പണമടച്ച്, ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലൂടെ ഇവിടെ നിന്നും നമ്പർ പ്ലേറ്റ് വാഹനങ്ങളിൽ സ്ഥാപിക്കാൻ കഴിയുന്നതാണ് സംവിധാനം. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ട്രാഫിക് ലൈസൻസിങ് വിഭാഗത്തിലെ ജനറൽ ഡയറക്ടറേറ്റാണ് പദ്ധതി നടപ്പാക്കുന്നത്. രാവിലെ 6.30 മുതൽ വൈകീട്ട് ഏഴുവരെ ഈ സേവനം ലഭിക്കും. മെട്രാഷ് ആപ്ലിക്കേഷൻ വഴി നമ്പർ പ്ലേറ്റിന് ആവശ്യമായ പണം അടക്കാൻ കഴിയുന്നതോടെ, നീണ്ട നിര ഒഴിവാക്കി നടപടികൾ കൂടുതൽ എളുപ്പത്തിലാക്കാൻ കഴിയുമെന്നതാണ് പ്രധാന നേട്ടം.
വെരിഫിക്കേഷൻ കൗണ്ടറിൽ രേഖകൾ കാണിച്ച ശേഷം, നേരെ നമ്പർ പ്ലേറ്റ് സ്ഥാപിക്കാനുള്ള നടപടികളിലേക്ക് കടക്കാൻ കഴിയും. മെട്രാഷ് ആപ് ഉപഭോക്താക്കൾക്കുള്ള പ്രത്യേക ലൈൻ അടക്കം, ആകെ നാല് വരികളാണ് ഇൻഡസ്ട്രിയൽ ഏരിയയിലെ നമ്പർ പ്ലേറ്റ് കേന്ദ്രത്തിൽ ഉള്ളത്. വർക്ഷോപ്പ് ബിൽഡിങ്ങിൽ പ്രവേശിക്കുമ്പോൾ ആദ്യം രേഖകൾ പരിശോധിക്കുന്നതിനുള്ള കൗണ്ടർ.
തുടർന്ന്, മെട്രാഷ് വഴി പണം അടക്കാത്തവർക്കായുള്ള കൗണ്ടർ. ഇവിടെ ക്യൂ നിന്ന് പണമടച്ച ശേഷമാണ് നമ്പർ പ്ലേറ്റ് ഇൻസ്റ്റാൾ ചെയ്യാനായി നീങ്ങേണ്ടത്. അതേസമയം, മെട്രാഷ് വഴി മുൻകൂട്ടി പണമടച്ചവർക്ക് രേഖകൾ പരിശോധിച്ച ശേഷം നേരിട്ട് നമ്പർ പ്ലേറ്റ് സ്ഥാപിക്കുന്നതിനായി നീങ്ങാവുന്നതാണ് -അൽ റുമൈഹി വിശദീകരിച്ചു.
പുതിയ നമ്പർ പ്ലേറ്റ് സ്ഥാപിക്കുന്നതിനൊപ്പം, പഴയ നമ്പർ പ്ലേറ്റുകൾ മാറ്റാനുള്ള സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് ട്രാഫിക് ഉദ്യോഗസ്ഥനായ ലഫ്. ഫൈസൽ അബ്ദുൽ അസീസ് അൽ ഹൈദോസ് പറഞ്ഞു. നമ്പർ പ്ലേറ്റുകൾ ഏറ്റവും വേഗത്തിലും അനായാസവും സ്ഥാപിക്കാനുള്ള സംവിധാനങ്ങളോടെയാണ് വർക്ഷോപ്പ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഖത്തർ പൗരന്മാർക്കും, താമസക്കാർക്കും ഒരുപോലെ സേവനം ലഭ്യമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.