ദോഹ: '2011 ജൂൺ 26. മകൾ പിറന്നതിെൻറ അടുത്ത ദിനം. ആശുപത്രിക്ക് പുറത്ത് റോഡുകൾ അടച്ചിട്ടിരിക്കുന്നു. ലോകപ്രശസ്തമായ അയേൺമാൻ ട്രയാത്ലൺ മത്സരത്തിെൻറ സ്റ്റാർട്ടിങ്ങിനുള്ള തയാറെടുപ്പായിരുന്നു. ആശുപത്രി മുറിക്കുള്ളിൽനിന്നും ആ കായിക പോരാട്ടം കണ്ടുനിന്നപ്പോൾ ഒരു കാര്യം മനസ്സിലുറപ്പിച്ചു. ഒരുദിനം ഈ ട്രാക്ക് ഞാനും കീഴടക്കും. ആ ഉറപ്പിന് ഇന്ന് 10 വർഷം കഴിഞ്ഞു. എെൻറ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട ദിനം. ജീവതത്തിലെ ആദ്യ ഒളിമ്പിക് ട്രയാത്ലൺ മത്സരം വിജയകരമായി ഫിനിഷ് ചെയ്തിരിക്കുന്നു.
പക്ഷേ, ചെറിയ നിരാശയുണ്ട്. കൂടുതൽ മികച്ച പ്രകടനം പുറത്തെടുക്കാമായിരുന്നുവെന്ന തോന്നൽ. സൈക്ലിങ്ങിനിടയിൽ കാലുകൾക്ക് തണുപ്പ് പിടിച്ചു. എങ്കിലും ഈ നേട്ടം അടുത്ത മത്സരത്തിനുള്ള ഊർജമാണ്. ഇനിയും മികച്ച പ്രകടനം പുറത്തെടുക്കാനാവും' - ഒരു ഒളിമ്പിക്സ് ചാമ്പ്യേൻറയോ, ലോകമറിയുന്ന അത്ലറ്റിേൻറയോ വാക്കുകളല്ല. പക്ഷേ, അവരേക്കാൾ ഉൗർജം പ്രസരിപ്പിക്കുന്നതാണ് ഈ നേട്ടം. അമീർ ശൈഖ് തമിം ബിൻ ഹമദ ആൽഥാനിയുടെ സഹോദരിയും ഖത്തർ ഫൗണ്ടേഷൻ സി.ഇ.ഒയുമായ ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽഥാനിയാണ് ഏറെ കായികാധ്വാനം ആവശ്യമായ ട്രയാത്ലൺ വിജയകരമായി ഫിനിഷ്ചെയ്ത് ഇങ്ങനെ പറയുന്നത്. ലോക ട്രയാത്ലൺ ചാമ്പ്യൻഷിപ്പ് സീരീസിെൻറ ഭാഗമായ ഹാംബർഗ് വാസറിൽ നീന്തിയും സൈക്കിളിൽ കുതിച്ചും ഓടിയും ഫിനിഷിങ് പോയൻറ് കടന്ന ശൈഖ ഹിന്ദിെൻറ നേട്ടം അതുല്യമാണ്.
വെറുമൊരു സ്പോർട്സ് അല്ല ട്രയാത്ലൺ. ഒരു അത്ലറ്റിെൻറ സമ്പൂർണമായ പാകപ്പെടൽ. 1.5 കിലോമീറ്റർ നീന്തൽ, ശേഷം, 40 കി.മീ ദൈർഘ്യം വരുന്ന സൈക്ലിങ്, മൂന്നാമതായി 10 കിലോമീറ്റർ ഓട്ടവും. നീന്തൽ സ്റ്റാർട്ടിങ് പോയൻറിൽ നിന്നും വെടിയൊച്ച മുഴങ്ങിയാൽ സൈക്ലിങ്ങും ഓട്ടവും കഴിഞ്ഞ് മാത്രമേ മത്സരം പൂർത്തിയാവൂ. ഏറ്റവും ആദ്യം മൂന്നും പൂർത്തിയാക്കി ഫിനിഷിങ് ടാഗ് തൊടുന്നയാൾ വിജയിയാവും.
അത്ലറ്റുകൾക്കിടയിലെ സകലകലാ വല്ലഭൻമാരുടെ പോരാട്ടമാണ് ട്രയാത്ലൺ. പതിവായ പരിശീലനവും ഫിറ്റ്നസും നിലനിർത്തിയാലേ മത്സരം പോലും പൂർത്തിയാക്കാനാവൂ. ഇവിടെയാണ് 10 വർഷം മുമ്പ് മനസ്സിലുറപ്പിച്ച ലക്ഷ്യം ശൈഖ ഹിന്ദ് പോരാടിയെടുത്തത്. വിജയകരമായി ഫിനിഷ് ചെയ്ത ശേഷം, തെൻറ പരിശീലകർക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കും നന്ദി പറഞ്ഞു.
'അകമഴിഞ്ഞ പിന്തുണയാണ് കുടുംബത്തിൽ നിന്ന് ലഭിച്ചത്. നീന്തൽ പൂർത്തിയാക്കിയപ്പോൾ ആവേശം പകർന്ന പിതാവും ഏത് സൈക്കിൾ എടുക്കണമെന്ന് ഉപദേശിച്ച ഉമ്മയും പിന്തുണ നൽകിയ ഭർത്താവും എെൻറ അനുഭവം എപ്പോഴും കാത്തുസൂക്ഷിക്കുമെന്ന് ഉറപ്പുനൽകിയ പരിചയ സമ്പത്ത് കരുത്താവുമെന്ന് ഉറപ്പിച്ചുപറഞ്ഞ സഹോദരനും എല്ലാത്തിലുമുപരിയായി എപ്പോഴും ആവേശം പകർന്ന സഹോദരങ്ങൾക്കുമെല്ലാം നന്ദി. മത്സരട്രാക്കിനിടയിൽ ദേശീയ പതാകവീശിയും ആവേശം നൽകിയും പിന്തുണച്ച അറബ് വളൻറിയർമാർക്കും നന്ദി' -ശൈഖ ഹിന്ദ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ആസ്പയർ അക്കാദമിയിലെയും ഒളിമ്പിക് സൈക്ലിങ് ട്രാക്കിലെയും ഒാക്സിജൻ പാർക്കിലെയും പരിശീലന സംവിധാനങ്ങൾക്കും അവർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.