ദോഹ: തൊഴിലുടമയുടെ എൻ.ഒ.സി ഇല്ലാതെ തൊഴിൽ മാറുന്നതിനുള്ള സൗകര്യം (സ്പോൺസർഷിപ് മാറ്റം) ഒരു തൊഴിലാളിക്ക് മൂന്നുതവണയായി നിജപ്പെടുത്തണമെന്ന് ശൂറാ കൗൺസിൽ സർക്കാറിനോട് ശിപാർശ ചെയ്തു. തിങ്കളാഴ്ച ചേർന്ന ശൂറാകൗൺസിൽ യോഗമാണ് ശിപാർശ കൈമാറിയത്. രാജ്യത്ത് തൊഴിലുടമയുടെ എൻ.ഒ.സി ഇല്ലാതെതന്നെ നിബന്ധനകൾ പാലിച്ച് തൊഴിലാളിക്ക് തെൻറ തൊഴിലുടമയെ മാറ്റി പുതിയ തൊഴിലിൽ പ്രവേശിക്കാനുള്ള അനുമതി നൽകുന്ന നിയമം ഈയടുത്താണ് പ്രാബല്യത്തിൽ വന്നത്.
നിയമമനുസരിച്ച് പല തൊഴിലാളികളും ഇടക്കിടെ തൊഴിൽമാറുന്നത് തങ്ങൾക്ക് പ്രതിസന്ധിയുണ്ടാക്കുന്നതായി തൊഴിലുടമകൾക്ക് ആശങ്കയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ശൂറാകൗൺസിൽ പുതിയ നിർദേശം സർക്കാറിന് മുന്നിൽെവച്ചിരിക്കുന്നത്. തൊഴിലാളിക്ക് ജോലിയോടുള്ള പ്രതിബദ്ധതയും ഗൗരവവും ഉറപ്പുവരുത്താനാണ് പുതിയ നിർദേശമെന്ന് ശൂറാ കൗൺസിൽ വ്യക്തമാക്കുന്നു.
സ്ത്രീയോ പുരുഷനോ ആയിക്കോട്ടെ അവർ രാജ്യത്തുള്ള സമയത്ത് മൂന്നുതവണ മാത്രമേ ഇത്തരത്തിൽ ജോലി മാറ്റം അനുവദിക്കാൻ പാടുള്ളൂ. നിയമത്തിൽ ഇതടക്കമുള്ള പല നിർദേശങ്ങളും ഉൾെപ്പടുത്തണമെന്നും ശൂറാകൗൺസിൽ ആവശ്യപ്പെട്ടു.
ഒരു കമ്പനിയിൽ വർഷത്തിൽ ആകെ ജീവനക്കാരുടെ 15 ശതമാനത്തിൽ കൂടുതൽ പേർക്ക് തൊഴിൽമാറ്റം അനുവദിക്കരുത്. 15 ശതമാനത്തിൽ കൂടുതൽ പേർ ജോലിമാറ്റത്തിനായി അപേക്ഷിക്കുന്നത് തടയാനുള്ള വ്യവസ്ഥകൾ നിയമത്തിൽ ഉൾെപ്പടുത്തണം. എന്നാൽ, തൊഴിലുടമയുടെ അനുവാദമുണ്ടെങ്കിൽ ഇതു ബാധകമാക്കുകയും വേണ്ട. ഒരു കമ്പനിയിൽനിന്ന് തൊഴിൽ കരാർ കാലാവധിക്ക് മുമ്പ് തൊഴിൽ മാറുന്നയാൾക്ക് രാജ്യത്തെ സർക്കാർ-അർധസർക്കാർ മേഖലയിലെ കരാർ തൊഴിലുകളിൽ നിയമനം നൽകരുത്. തൊഴിലാളിയുടെ വിസ തൊഴിൽകരാറുമായി ബന്ധപ്പെടുത്തണം.
ഇതിലൂടെ തൊഴിലുടമ തൊഴിലാളിക്കായി ചെലവഴിച്ച തുകക്കുള്ള നഷ്ടപരിഹാരം തൊഴിലുടമക്ക് കിട്ടാൻ വഴിയൊരുങ്ങും. തൊഴിൽമാറുന്ന പുതിയ കമ്പനിയുടെ സാമ്പത്തിക നിയമപരമായ അവസ്ഥ ഉറപ്പുവരുത്തണം. ആദ്യകക്ഷിക്ക് തെൻറ കമ്പനിയുടെ വിസ നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകുകയും ചെയ്യരുത്. നിയമപരമല്ലാത്ത തൊഴിലാളികൾ ഉണ്ടാകുന്ന സാഹചര്യം ഇല്ലാതാക്കാനുള്ള വ്യവസ്ഥകൾ നിയമത്തിൽ ചേർക്കണം.
യഥാർഥ തൊഴിലുടമയുടെ സമ്മതമില്ലെങ്കിൽ തൊഴിൽമാറ്റത്തിനുള്ള അപേക്ഷ സ്വീകരിക്കരുത്. തെൻറ തൊഴിലാളി തൊഴിൽ മാറുന്നതിന് മുന്നുദിവസം മുമ്പുതന്നെ ഇക്കാര്യം തൊഴിലുടമക്ക് ഫോൺസന്ദേശം വഴിയോ മെട്രാഷിലൂടെയോ വിവരം ലഭിക്കണം. ഇതിന് ആഭ്യന്തരമന്ത്രാലയം ആവശ്യമായ നടപടികൾ സ്വീകരിക്കണം. തൊഴിൽദാതാവും തൊഴിലാളിയും തമ്മിൽ തൊഴിൽ കരാറിൽ ഒപ്പിടുേമ്പാൾ അതിെൻറ കാലാവധി മുൻകൂട്ടിതന്നെ തീരുമാനിക്കെപ്പടണം.
കരാർ കാലാവധിയിൽ തൊഴിൽ മാറാൻ തൊഴിലാളിയെ അനുവദിക്കരുത്. എന്നാൽ, ഈ കാലാവധി രണ്ടു വർഷത്തിൽ കൂടാൻ പാടില്ല. അല്ലെങ്കിൽ ഇതിന് മതിയായ കാരണം കാണിക്കണം. അെല്ലങ്കിൽ തൊഴിലുടമയുടെ സമ്മതം വേണം.നിലവിലെ നിയമമനുസരിച്ച് തൊഴിലുടമയുടെ സമ്മതമില്ലാതെ രാജ്യത്തിനു പുറത്ത് പോകാൻ പാടില്ലാത്ത ജീവനക്കാരുടെ എണ്ണം അഞ്ചു ശതമാനമാണ്. ഇതു ആകെ തൊഴിലാളികളുടെ 10 ശതമാനമാക്കി ഉയർത്തണമെന്നും ശൂറാകൗൺസിൽ ശിപാർശയിൽ പറയുന്നുണ്ട്.
ചെറുകിട ഇടത്തരം കമ്പനികളുടെയും ചുരുങ്ങിയ ജീവനക്കാർ മാത്രം ജോലി ചെയ്യുന്ന കമ്പനികളുടെയും കാര്യത്തിലാണിത്.എൻ.ഒ.സി ഇല്ലാതെ തൊഴിൽമാറ്റം സാധ്യമാകുന്ന നിയമത്തിനായി തൊഴിൽ സാമൂഹിക കാര്യമന്ത്രാലയത്തിന് കീഴിൽ ഒരു സ്ഥിരംസമിതിയെ നിയമിക്കണം. തൊഴിലാളികളുെട തൊഴിൽ മാറ്റത്തിനായുള്ള അപേക്ഷകൾ ഇൗ കമ്മിറ്റി വിലയിരുത്തിയാണ് തീരുമാനമെടുക്കേണ്ടത്. ചേംബർ ഓഫ് കോമേഴ്സ്, ആഭ്യന്തരമന്ത്രാലയം എന്നിവയിൽനിന്നുള്ള പ്രതിനിധികളും ഈ സമിതിയിൽ വേണം. തൊഴിൽമാറ്റത്തിനുള്ള അപേക്ഷകൾ സമിതി വിലയിരുത്തണം. ഇതുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളുെടയും പരാതികളും സമിതി പരിശോധിക്കണമെന്നും ശൂറാകൗൺസിൽ ശിപാർശയിൽ പറയുന്നു.
തൊഴിൽമാറ്റം നിബന്ധനകൾക്ക് വിധേയം
സ്പോൺസർഷിപ് മാറ്റത്തിന് അതിേൻറതായ നിയമങ്ങളും നിയന്ത്രണങ്ങളും നടപടികളുമുണ്ടെന്നും എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടാണ് സ്പോൺസർഷിപ് മാറ്റമെന്നും ഭരണനിർവഹണ വികസന തൊഴിൽ സാമൂഹിക മന്ത്രി യൂസുഫ് ബിൻ മുഹമ്മദ് അൽ ഉഥ്മാൻ ഫഖ്റൂ നേരത്തേ വ്യക്തമാക്കിയിരുന്നു.
സ്പോൺസർഷിപ് മാറ്റത്തിന് അപേക്ഷ നൽകിയവരുടെ എണ്ണം കുറവാണ്. അവയിൽതന്നെ കുറച്ച് അപേക്ഷകൾക്ക് മാത്രമാണ് അംഗീകാരം നൽകുന്നത്. ജീവനക്കാരനോ അല്ലെങ്കിൽ തൊഴിലാളിക്കോ തൊഴിലുടമ മാറുന്നതിന് അപേക്ഷ സമർപ്പിക്കാനുള്ള അവസരം നിയമം നൽകുന്നുണ്ട്. എന്നാൽ, പ്രസ്തുത അപേക്ഷക്ക് അംഗീകാരം നൽകുന്നത് ബന്ധപ്പെട്ട കക്ഷികളുമായി കൃത്യമായ ആശയവിനിമയം നടത്തിയതിനു ശേഷം മാത്രമായിരിക്കും. ഖത്തർ ചേംബറുമായി ചേർന്ന് തൊഴിലാളിക്ക് സ്പോൺസർഷിപ് മാറ്റം സാധ്യമാക്കുന്നതിനുള്ള സംവിധാനം തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.