ദോഹ: രാജ്യത്തിന്റെ മുഖച്ഛായ മാറ്റുന്നതിൽ ലോകകപ്പിനെയും ഒരു മാർഗമാക്കി മാറ്റുകയാണ് ഖത്തർ. അതിൽ ഒന്നാണ് പ്ലാസ്റ്റിക് ഉപയോഗം പൂർണമായും ഒഴിവാക്കി പരിസ്ഥിതിക്ക് കരുതൽ നൽകുക എന്ന ലക്ഷ്യം. വൺ ടൈഡുമായി സഹകരിച്ച് ലോകകപ്പ് വേളയിൽ പ്ലാസ്റ്റിക് ഉപയോഗം കുറക്കാനുള്ള വിവിധ പദ്ധതികൾക്ക് അധികൃതർ രൂപം നൽകി.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിനുള്ള പദ്ധതികൾ വിലയിരുത്തുന്നതിന്റെയും ബോധവത്കരണം ഊർജിതമാക്കുന്നതിന്റെയും ഭാഗമായി വിവിധ ശിൽപശാലകളാണ് സുപ്രീം കമ്മിറ്റി സംഘടിപ്പിച്ചത്. മേയ് 29 മുതൽ ജൂൺ നാലുവരെ സംഘടിപ്പിച്ച വൺ ടൈഡ് വീക്ക് കാമ്പയിൻ ഭാഗമായി സംഘടിപ്പിച്ച വിവിധ ശിൽപശാലകളിൽ സുപ്രീം കമ്മിറ്റിയും സെവൻ ക്ലീൻ സീസും വൺ ടൈഡ് പ്രോഗ്രാമിനെ സദസ്സിന് പരിചയപ്പെടുത്തുകയും പ്രാദേശിക സംഘാടകർക്ക് പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നത് സംബന്ധിച്ച വിവരണം നൽകുകയും ചെയ്തു.
ഖത്തറിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറക്കുന്നതുമായി ബന്ധപ്പെട്ട ഭാവി പദ്ധതികൾ ചർച്ച ചെയ്യുന്നതിന് വട്ടമേശ ചർച്ചയും പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചു. ഫിഫ അറബ് കപ്പുൾപ്പെടെയുള്ള പ്രധാന ടൂർണമെൻറുകളിൽ പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിന് സ്വീകരിച്ച നടപടികളും പരിപാടിയിൽ വിശദീകരിച്ചു.
പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് ബോധവത്കരണം ശക്തിപ്പെടുത്താനും ജനങ്ങൾക്കിടയിൽ ഇതുസംബന്ധിച്ച് കൂടുതൽ പ്രചാരണം നൽകുന്നതിനുമായി ഫിഫ ലോകകപ്പ് ടൂർണമെൻറിനെ ഉപയോഗപ്പെടുത്താനുള്ള തീരുമാനത്തിലാണ് സുപ്രീം കമ്മിറ്റിയെന്ന് സസ്റ്റയിനബിലിറ്റി വിഭാഗം മേധാവി എൻജി. ബുദൂർ അൽ മീർ പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങളുയർത്തുന്ന വെല്ലുവിളികളും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുന്നതിനുള്ള വഴികളും പ്രചരിപ്പിക്കാനും ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാനും വൺ ടൈഡ് വീക്ക് കാമ്പയിനിലൂടെ സാധിച്ചതായും പരിസ്ഥിതി സംരക്ഷണത്തിൽ തങ്ങളുടേതായ പങ്കുവഹിക്കാനാണ് തീരുമാനമെന്നും അൽ മീർ വിശദീകരിച്ചു.
പരിസ്ഥിതി സൗഹൃദ മേളകളും യോഗങ്ങളും സമ്മേളനങ്ങളും കൂടുതൽ ജനകീയമാക്കുന്നതും പ്ലാസ്റ്റിക്കിൽ നിന്നുള്ള ഉൽപന്നങ്ങൾ എത്ര കുറക്കാമെന്നും എങ്ങനെ സാധ്യമാക്കുമെന്നും ശിൽപശാലകളിൽ പങ്കെടുത്തവർ വിശകലനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.