മാലാഖമാർ എന്ന വിളിപ്പേരിനെ അന്വർഥമാക്കുന്നതായിരുന്നു നഴ്സുമാരുടെ കോവിഡ് കാലം. മഹാമാരിയെ ഭയന്ന് എല്ലാവരും വീടകങ്ങളിലേക്ക് ഉൾവലിഞ്ഞപ്പോൾ, സ്വജീവനും കുടുംബവും മറന്ന് ദൗത്യനിർവഹണത്തിനിറങ്ങാൻ നിയോഗിക്കപ്പെട്ടവർ. ലോകത്ത് കോവിഡിനെ ഏറ്റവും ഫലപ്രദമായി ചെറുത്ത രാജ്യങ്ങളിലൊന്നായി ഖത്തർ മാറിയത് മലയാളികളായ ആയിരക്കണക്കിന് നഴ്സുമാരുടെ കൂടി കരുത്തോടെയായിരുന്നു. അവരുടെ പ്രതിനിധിയാണ് റീന ഫിലിപ് എന്ന കൊല്ലം അടൂർ സ്വദേശി. 2003ൽ മുംബൈയിൽ തുടങ്ങിയതായിരുന്നു നഴ്സിങ് കരിയർ. 2011ൽ ഹമദ് മെഡിക്കൽ കോർപറേഷനു കീഴിൽ സർജിക്കൽ ഐ.സി.യു ഇൻചാർജായി എത്തി പ്രവാസ മേഖലയിൽ സജീവമായി.
കഴിഞ്ഞ മൂന്നുവർഷമായി ഹമദിനു കീഴിൽ ഡയറക്ടർ ഓഫ് നഴ്സിങ് ചുമതല വഹിക്കുന്നു. ഇതിനിടയിലെത്തിയ കോവിഡ് മഹാമാരിക്കാലത്ത് ആരോഗ്യപ്രവർത്തക എന്ന നിലയിൽ ഖത്തർ ആരോഗ്യമേഖലയുടെ പോരാട്ടങ്ങൾക്കു മുന്നിൽനിന്ന് നയിക്കാൻ റീനയും സഹപ്രവർത്തകരും ഉണ്ടായിരുന്നു. കോവിഡ് എന്താണ്, എത്രമാത്രം പ്രത്യാഘാതമുണ്ട് എന്നൊന്നും മനസ്സിലാവാത്ത ആദ്യഘട്ടത്തിൽ ക്വാറന്റീൻ സെന്ററുകളുടെ കോഓഡിനേറ്റർ ചുമതലയിലായിരുന്നു പ്രവർത്തിച്ചത്. രോഗാവസ്ഥ തീവ്രമായ രണ്ടാംഘട്ടത്തിൽ ഐ.സി.യു കോഓഡിനേറ്റർ ചുമതല വഹിച്ചു. മൂന്നാം തരംഗ സമയത്ത് വാക്സിനേഷൻ സെന്ററുകളുടെ പ്രവർത്തന മേൽനോട്ടവും വഹിച്ചു. മുൻകാലങ്ങളിലൊന്നുമില്ലാത്ത വിധം ആരോഗ്യമേഖല വെല്ലുവിളി നേരിട്ട കാലയളവിൽ ആരോഗ്യപ്രവർത്തക എന്നതിനപ്പുറം രോഗികൾക്ക് സഹോദരിയും പ്രിയപ്പെട്ടവരുമെല്ലാമായി മാറുകയായിരുന്നു ഇവർ.
ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ 'ഫിൻക്യു' പ്രസിഡന്റ് എന്നനിലയിൽ സഹപ്രവർത്തകരുടെ ക്ഷേമപ്രവർത്തനങ്ങൾക്കും ജോലി സുരക്ഷിതത്വത്തിനുമായും സജീവമാണ്. സ്വകാര്യ ആശുപത്രികളിലും ഇൻഡസ്ട്രിയൽ മേഖലകളിലും പ്രവർത്തിക്കുന്ന നഴ്സുമാരുടെ സുരക്ഷ, മറ്റ് വിനോദ പരിപാടികൾ, ലേബേഴ്സ് ഉൾപ്പെടെ പ്രവാസി തൊഴിലാളികളുടെ ആരോഗ്യ സുരക്ഷിതത്വത്തിലെ ഇടപെടൽ, അഫ്ഗാനിൽ നിന്ന് യുദ്ധം മൂലം അഭയാർഥികളായി ഖത്തറിലെത്തിയവർക്കുള്ള ആരോഗ്യ സംരക്ഷണം തുടങ്ങി വിവിധ മേഖലകളിലും ഇടപെടുന്നു. ഇതിനുപുറമെ രക്തദാന ക്യാമ്പ്, ഫിൻക്യു കുടുംബാംഗങ്ങളുടെ ക്ഷേമ-വിനോദ പ്രവർത്തനങ്ങൾ എന്നിവയിലും സജീവമാണ്. ക്യൂ.ഐ.സിയിൽ ജോലിചെയ്യുന്ന അജിത് മാത്യുവാണ് ഭർത്താവ്. വിദ്യാർഥികളായ ജെയ്ഡൻ, ജുവാൻ എന്നിവർ മക്കളുമാണ്.
ഡോ. ബിന്ദു സലിം
മരുന്നും ചികിത്സയും പോലെതന്നെ പ്രധാനമാണ് മാനസികാരോഗ്യവും. പ്രവാസലോകത്തെ ഒറ്റപ്പെടലിനിടയിലാകുമ്പോൾ ഈ കരുതലിന് ചിലപ്പോൾ മരുന്നിനേക്കാൾ പ്രസക്തിയുണ്ടാവും. നിർണായക ഘട്ടത്തിൽ ഒരു മികച്ച കൗൺസിലറുടെ ഇടപെടലും നല്ല വാക്കുകളും ഒരു ജീവൻ രക്ഷിക്കാനോ വീണുപോയേക്കാവുന്ന ഒരു കുടുംബത്തിന് താങ്ങാവാനോ വഴിയൊരുക്കിയേക്കും. അത്തരത്തിൽ, ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്കിടയിൽ മാനസികാരോഗ്യ മേഖലയിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വമാണ് ഡോ. ബിന്ദു സലീം. എറണാകുളം സ്വദേശി. ഹമദ് മെഡിക്കൽ കോർപറേഷനു കീഴിൽ സൈക്കോളജിസ്റ്റായി പ്രവർത്തിക്കുന്നു. 23 വർഷമായി ഖത്തറിലുള്ള ബിന്ദു സലീം മാനസിക പിന്തുണ നേടുന്നവർക്ക് താങ്ങാവുകയാണ് തന്റെ ദൗത്യമെന്ന് തിരിച്ചറിഞ്ഞ് ഈ മേഖലയിൽ പ്രവേശിച്ച വ്യക്തിയാണ്. മാനസികാരോഗ്യ വിദഗ്ധ എന്നനിലയിൽ ഗവേഷണ ബിരുദം സ്വന്തമാക്കി. കഴിഞ്ഞ കോവിഡ് കാലത്ത് രോഗികളും അവരുടെ ബന്ധുക്കളും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരിലേക്ക് ഇറങ്ങിയാണ് മാനസിക കരുത്ത് പകർന്നത്.
ഇന്ത്യൻ എംബസി, ഐ.സി.ബി.എഫ്, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുമായി സഹകരിച്ചും തൊഴിലാളികൾ ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിലും തങ്ങളുടെ സേവനമെത്തിച്ചു. അമേരിക്കയിലെ മനശ്ശാസ്ത്രജ്ഞൻമാരുടെ സംഘടനയിൽ ആജീവനാന്ത അംഗമായ ബിന്ദു സലീം നിരവധി അന്താരാഷ്ട്ര മനശ്ശാസ്ത്ര സംഘടനകളിലും പ്രവർത്തിക്കുന്നു.
നിരവധി സെമിനാറുകളും വർക്ക്ഷോപ്പുകളും കൗൺസലിങ് സെഷനുകളും പരിശീലന ക്ലാസുകളും നിയന്ത്രിച്ചു. ഇപ്പോൾ ഹമദ് മെഡിക്കൽ കോർപറേഷനിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റായി പ്രവർത്തിക്കുന്നു. മുഹമ്മദ് സലീമാണ് ഭർത്താവ്. ഹാഷിം സലിം, ഐഷ സലിം എന്നിവർ മക്കളാണ്.
കോവിഡ് തീവ്രതയുടെ നാളുകളിൽ ഒരിക്കൽ പുലർച്ച ഒരുമണിക്കാണ് ഷൈനി സന്തോഷിനെ തേടി ഒരു ഫോൺവിളിയെത്തുന്നത്. മറുതലക്കൽ ഒരു മലയാളി യുവതിയുടെ പതറിയ ശബ്ദമായിരുന്നു. 'മാഡം, എനിക്ക് ജീവിക്കാൻ ഏറെ ആഗ്രഹമുണ്ട്. പക്ഷേ, കഴിയുന്നില്ല. ഇപ്പോൾ മരണമാണ് എന്റെ വഴി' -വീട്ടിലെ കുളിമുറിയിൽ കൈഞരമ്പ് മുറിക്കാനൊരുങ്ങിയായിരുന്നു അവരുടെ ഫോൺ വിളി. ഉറക്കം വിട്ടെഴുന്നേറ്റ് ഷൈനി ആ യുവതിയുമായി സംസാരിച്ചുകൊണ്ടിരുന്നു. കാര്യങ്ങൾ അന്വേഷിച്ചും അവർക്കൊപ്പമുണ്ടെന്ന് മാനസിക ധൈര്യം പകർന്നും പോസിറ്റിവ് ചിന്തകൾ നൽകിയും ഷൈനി കർമനിരതയായി. ഏറെ സമയം അവരുമായി സംസാരം തുടർന്നു. അതേസമയം തന്നെ മറ്റൊരു ഫോണിൽ പൊലീസിന്റെ സഹായം തേടി അവരെയും യുവതി താമസിക്കുന്ന വീട്ടിലെത്തിച്ച് അവരെ സുരക്ഷിതയാക്കി ആശുപത്രിയിലെത്തിച്ചു.
മാനസികാരോഗ്യ വിദഗ്ധ എന്നനിലയിൽ ഷൈനി സന്തോഷിന്റെ ദൈനംദിന പ്രവൃത്തികളിൽ ഒന്നു മാത്രമായിരുന്നു ഇത്. ജോലിസമ്മർദങ്ങളും കുടുംബത്തിൽ നിന്നുള്ള ഒറ്റപ്പെടലുമെല്ലാം പ്രതിസന്ധിതീർക്കുന്ന പ്രവാസജീവിതത്തിൽ ഷൈനി സന്തോഷിനെപോലെ മാനസികാരോഗ്യ വിദഗ്ധരുടെ ഇടപെടലുകൾക്ക് ഏറെ പ്രസക്തിയുണ്ട്. കൊല്ലം കൊട്ടിയം സ്വദേശിയായ ഇവർ 2013ലാണ് ഖത്തറിലെത്തുന്നത്. ഹമദ് മെഡിക്കൽ കോർപറേഷന്റെ മെന്റൽ ഹെൽത്ത് സർവിസിനു കീഴിൽ ആക്ടിങ് ഡയറക്ടർ ഓഫ് നഴ്സിങ് എജുക്കേഷൻ പദവിയിൽ ജോലിചെയ്യുന്നു.
'ശാരീരിക ആരോഗ്യംപോലെതന്നെ വിലപ്പെട്ടതാണ് മാനസിക ആരോഗ്യവുമെന്ന്' സന്ദേശമാണ് ഇവർ മുന്നോട്ടുവെക്കുന്നത്. മരുന്നും ചികിത്സയുമായി രോഗം ഭേദമാക്കുന്നതുപോലെ തന്നെ മാനസിക ആരോഗ്യം നിലനിർത്താനും വ്യക്തികൾ ശ്രദ്ധിക്കുന്നതിലൂടെയാണ് നല്ല ആരോഗ്യവും കുടുംബാന്തരീക്ഷവും നിലനിർത്താനാവൂ എന്ന് ഇവർ അനുഭവങ്ങളിലൂടെ പങ്കുവെക്കുന്നു.
കോവിഡ് കാലത്തായിരുന്നു ഇവരുടെ സേവനങ്ങൾക്ക് ലോകം വലിയ മൂല്യം നൽകിയത്. രോഗപീഡയേക്കാൾ സമൂഹം ഒറ്റപ്പെട്ടകാലത്ത് രോഗികൾക്കും ബന്ധുക്കൾക്കും കുട്ടികൾക്കും പ്രഫഷനലുകൾക്കുമെല്ലാം കൗൺസലിങ്ങും ആശയവിനിമയങ്ങളുമായി മാനസിക കരുത്ത് നൽകി സമൂഹത്തിന് കാവലായി. നഴ്സിങ് അസിസ്റ്റന്റായി ജോലിചെയ്യുന്ന സന്തോഷ് കുമാറാണ് ഭർത്താവ്. വൈഗ എസ്. സന്തോഷ്, സൂര്യ എസ്. സന്തോഷ് എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.