ദോഹ: വിനോദസഞ്ചാര മേഖലയിലെ സാങ്കേതികവത്കരണത്തിലെ മികവിന് ഖത്തർ ടൂറിസത്തിന് മിഡിലീസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക (മിന) പുരസ്കാരങ്ങൾ. മൂന്ന് വിഭാഗങ്ങളിലെ അംഗീകാരങ്ങളാണ് തേടിയെത്തിയത്. മധ്യപൗരസ്ത്യ, ഉത്തരാഫ്രിക്ക മേഖലകളിലെ ഡിജിറ്റൽ നവീകരണവും മീഡിയ പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് മിന ഡിജിറ്റൽ അവാർഡ് നൽകുന്നത്. മികച്ച വെബ് പ്ലാറ്റ്ഫോം, മികച്ച മൊബൈൽ-ടാബ്ലെറ്റ് ആപ്ലിക്കേഷൻ, യാത്ര, കായികം, വിനോദ മേഖലകളിലെ ഡിജിറ്റൽ ഉപയോഗം എന്നിവക്കുള്ള അവാർഡുകളാണ് ഖത്തർ ടൂറിസത്തിന് ലഭിച്ചിരിക്കുന്നത്.
ഖത്തർ ടൂറിസം വെബ്സൈറ്റുകളുടെ ഗുണനിലവാരം, യു.എക്സ് സമീപനം, സാങ്കേതികവിദ്യ, കൂടുതൽ ഇഷ്ടാനുസൃതമാക്കുന്നതിലെ വിവിധ തലങ്ങൾ, മൾട്ടി പ്ലാറ്റ്ഫോം അഡാപ്റ്റേഷൻ, യൂട്ടിലിറ്റി എന്നിവയിലെ മികവ് ‘വിസിറ്റ് ഖത്തർ’ വെബ്സൈറ്റിന് നേട്ടമായി. ഖത്തർ ടൂറിസത്തിന്റെ മൊബൈൽ ആപ്ലിക്കേഷനായ വിസിറ്റ് ഖത്തർ ആപ് മുന്നോട്ടുവെക്കുന്ന യഥാർഥവും നൂതനവുമായ സമീപനമാണ് മികച്ച ആപ് എന്ന അംഗീകാരം നേടിക്കൊടുത്തത്.
യാത്ര, കായികം, വിനോദ മേഖലകളിലെ ഡിജിറ്റലിന്റെ ഉപയോഗത്തിലും സമഗ്രമായ ബ്രാൻഡ് അനുഭവം നൽകുന്നതിന് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും ചാനലുകളും ഉപയോഗിക്കുന്നതിലുമുള്ള പ്രാപ്തിയും മിന അവാർഡ് രൂപത്തിൽ ഖത്തർ ടൂറിസത്തെ തേടിയെത്തി. ഡിജിറ്റൽ മേഖലയിലെ മികവിന് മൂന്ന് അവാർഡുകൾ നേടിയതിൽ സന്തുഷ്ടരാണെന്ന് ഖത്തർ ടൂറിസം ടൂറിസം ഇവന്റ്സ് ആൻഡ് ഫെസ്റ്റിവൽ ഓർഗനൈസിങ് വിഭാഗം ആക്ടിങ് ഹെഡ് ശൈഖ നൂർ അബ്ദുല്ല ആൽഥാനി പറഞ്ഞു. വിസിറ്റ് ഖത്തർ വെബ്സൈറ്റ് 360 ഡിഗ്രി വിഡിയോ അനുഭവങ്ങളാണ് സന്ദർശകർക്ക് നൽകുന്നത്. അതോടൊപ്പം അതിന്റെ ഉപയോക്താക്കൾക്ക് വിവരാധിഷ്ഠിതമായ അനുഭവങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.വെബ്സൈറ്റും ആപ്പും അറബി, ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമൻ, ടർക്കിഷ്, സ്പാനിഷ്, മൻഡാരിൻ എന്നീ എട്ട് ഭാഷകളിൽ ലഭ്യമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.