ദോഹ: സംസ്ഥാന ബജറ്റ് പ്രവാസികളോട് തികഞ്ഞ അവഗണനയാണ് കാണിച്ചതെന്ന് കൾചറൽ ഫോറം സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. വിവിധ പ്രവാസി പദ്ധതികൾക്കായുള്ള ബജറ്റ് വിഹിതം വർധിപ്പിക്കാത്ത സർക്കാർ രണ്ടു പദ്ധതികളുടെ വിഹിതം കഴിഞ്ഞ വർഷത്തേക്കാൾ കുറക്കുകയാണ് ചെയ്തത്.
ഗൾഫ് രാജ്യങ്ങളിൽ നിന്ന് തൊഴിൽ നഷ്ടപ്പെട്ട് പതിനായിരക്കണക്കിന് പ്രവാസികൾ നാട്ടിൽ തിരിച്ചെത്തുന്ന ഈ ഘട്ടത്തിൽ തിരിച്ചെത്തുന്ന പ്രവാസികളുടെ സ്വയം തൊഴിലിനും പുനരധിവാസത്തിനും ഒരു പരിഗണനയും ഈ വർഷത്തെ ബജറ്റ് നൽകിയിട്ടില്ല. തിരിച്ചെത്തുന്ന പ്രവാസികളുടെ സ്വയംതൊഴിൽ സംരംഭങ്ങളുടെ പ്രോത്സാഹനത്തിനായി കേവലം 25 കോടി രൂപ മാത്രമാണ് നീക്കിവെച്ചത്. മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസ പദ്ധതിക്കായി കഴിഞ്ഞവർഷം 50 കോടി രൂപയാണ് വകയിരുത്തിയിരുന്നതെങ്കിൽ ഈ വർഷം അത് 44 കോടി രൂപയാക്കി വെട്ടിച്ചുരുക്കുകയാണ് ചെയ്തത്.
കോവിഡിന് ശേഷമുള്ള പ്രവാസി പ്രശ്നങ്ങളെ ഗൗരവത്തിൽ കൈകാര്യം ചെയ്യാൻ ഭരണകൂടങ്ങൾ മുന്നോട്ടുവരണമെന്നും പ്രവാസിക്ഷേമ പ്രവർത്തനങ്ങൾക്കുള്ള ബജറ്റ് വീതം വർധിപ്പിക്കണമെന്നും സെക്രട്ടേറിയറ്റ് കേരള സർക്കാറിനോട് ആവശ്യപ്പെട്ടു.
ജനകീയ ബദലിനെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന ഇടതുപക്ഷം കേരളത്തിലെ ധനകാര്യനയം കോർപറേറ്റ് താൽപര്യം സംരക്ഷിക്കുന്ന ഒന്നാക്കി മാറ്റിയിരിക്കുകയാണ്. സാധാരണക്കാരന് ആശ്വാസമാകുന്ന ക്ഷേമ പെൻഷനുകളിൽ ഒരു രൂപയുടെ വർധനപോലും വരുത്താത്തത് പ്രതിഷേധം ആണെന്നും കൾചർ ഫോറം സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
കൾച്ചർ ഫോറം സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രമോഹൻ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റുമാരായ സാദിഖ് ചെന്നാടൻ, നജ്ല നജീബ്, റഷീദ് അലി, മജീദ് അലി, അനീസ് റഹ്മാൻ, ജനറൽ സെക്രട്ടറിമാരായ അഹമ്മദ് ഷാഫി, താസീൻ അമീൻ, ട്രഷറർ ഷരീഫ് ചിറക്കൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.