ദോഹ: ഇന്ന് മാർച്ച് 22, ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ എല്ലാവർഷവും ഈ ദിവസം ലോകജലദിനമായി ആചരിക്കുന്നു. ഇതോടനുബന്ധിച്ച് വിവിധ പരിപാടികളാണ് നടക്കുന്നത്. 'വെള്ളം വിലമതിക്കുന്നു'എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. വെള്ളം പരമാവധി സൂക്ഷ്മമായി ഉപയോഗിച്ച് ഭാവിയിലേക്ക് കൂടി കരുത്തിവെക്കുക എന്നതാണ് ഓരോ ജലദിനവും ഉയർത്തുന്ന സന്ദേശം. ലോകത്താകമാനം ദിനേന ജലലഭ്യത കുറഞ്ഞുവരുകയാണ്. 1992ൽ ബ്രസീലിൽ ചേർന്ന ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി, വികസന സമ്മേളനത്തിൽ (യു.എൻ.സി.ഇ.ഡി) ആണ് എല്ലാവർഷവും ഒരുദിവസം ജലദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ഇതിനെ തുടർന്നാണ് 1993 മുതൽ ലോക ജലദിനാചരണം തുടങ്ങിയത്. ഖത്തറിൽ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപേറഷൻ (കഹ്റമ) ആണ് ജലവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിർവഹിക്കുന്നത്.
കുടിവെള്ളത്തിെൻറ കാര്യത്തിൽ മികച്ച ഗുണമേന്മയാണ് ഖത്തർ കാത്തുസൂക്ഷിക്കുന്നത്. വെള്ളത്തിെൻറ ഗുണമേന്മ അളക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപേറഷെൻറ (കഹ്റമ) ലാബ് ഈയടുത്ത് അൽതുമാമയിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. രാജ്യത്തിെൻറ എല്ലാഭാഗത്തും ഉന്നതഗുണമേന്മയുള്ള കുടിവെള്ളമാണ് വിതരണം ചെയ്യുന്നത് എന്ന് ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായാണ് ലാബ് പ്രവർത്തിക്കുന്നത്. അന്താരാഷ്ട്ര ഗുണമേന്മയുള്ള മികച്ച സൗകര്യങ്ങളാണ് ലാബിൽ ഉള്ളത്. വെള്ളത്തിെൻറ ഗുണമേന്മ പരിശോധനരംഗത്തെ ആധുനിക സംവിധാനങ്ങളാണ് ലാബിൽ ഉള്ളത്.
ഖത്തറിലെ കുടിവെള്ളം, അന്താരാഷ്ട്ര നിലവാരത്തിനും മുകളിൽ
ഖത്തറിലെ കുടിവെള്ളം ലോകാരോഗ്യ സംഘടന നിർണയിച്ച അന്താരാഷ്ട്ര മാനദണ്ഡ സൂചികക്കും മുകളിലാണ്. കഹ്റമയുടെ കീഴിലുള്ള വാട്ടർ ക്വാളിറ്റി ലബോറട്ടറി കഴിഞ്ഞ വർഷം രാജ്യമൊന്നാകെയുള്ള 14,000 പോയൻറുകളിനിന്ന് ജല സാമ്പിളുകൾ പരിശോധിച്ചിരുന്നു. പരിശോധന വിജയിച്ചതിനെ തുടർന്ന് ഐ.എസ്.ഒ 17025:2005 ഗുണനിലവാര സാക്ഷ്യപത്രം പുതുക്കാനും കഹ്റമക്ക് സാധിച്ചിരുന്നു. അക്രഡിറ്റേഷൻ കൗൺസിൽ ഓഫ് അമേരിക്കൻ അസോസിയേഷൻ ഫോർ ലബോറട്ടറി അക്രഡിറ്റേഷനാണ് പരിശോധനക്ക് മേൽനോട്ടം വഹിച്ചത്.
2019ൽ കഹ്റമയുടെ കുടിവെള്ള ഉൽപാദനം പ്രതിദിനം 476.2 മില്യൻ ഗാലനായി വർധിച്ചിരുന്നു. കഹ്റമയും ഉം അൽ ഹൗൽ പവറും പ്രതിദിനം 61.5 മില്യൻ ഗാലൻ കുടിവെള്ളം ഉൽപാദിപ്പിക്കുന്നത് സംബന്ധിച്ച് കരാർ ഒപ്പുവെച്ചിരുന്നു. കഹ്റമ പുറത്തിറക്കിയ 2019ലെ നേട്ടങ്ങൾ എന്ന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. വാട്ടർ സെക്യൂരിറ്റി മെഗാ റിസർവോയർ പദ്ധതിയുടെ സഹായത്തോടെ രാജ്യത്തിെൻറ ജലസംഭരണശേഷി കഴിഞ്ഞ 2019ൽ 680 മില്യൻ ഗാലനായിരുന്നു. പിന്നീട് 1500 മില്യൻ ഗാലനായി. 2026 വരെയുള്ള ആവശ്യങ്ങൾ നിറവേറ്റാൻ ഇതു പര്യാപ്തമാണ്.
ഉയർന്ന ജനസംഖ്യ മൂലമുണ്ടായ കുടിവെള്ള ആവശ്യം നിറവേറ്റുകയും എല്ലാ മേഖലകളിലേക്കും ആവശ്യമായ ജലം എത്തിക്കുകയുമാണ് കഹ്റമ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം അഞ്ച് ഭൂഗർഭ ശുദ്ധജല പദ്ധതിയാണ് കഹ്റമ പൂർത്തിയാക്കിയത്. 328 ഭീമൻ കിണറുകൾക്ക് തുല്യമാണിത്. അടിയന്തര ഘട്ടങ്ങളിലുൾപ്പെടെ രാജ്യത്തിെൻറ ജല സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്.
രാജ്യത്തെ ആളോഹരി ജല ഉപയോഗം ഉയര്‍ന്ന നിരക്കിൽ
വെള്ളം എല്ലാവരുടേതുമാണ്, അത് ഓരോരുത്തരും അവർക്കിഷ്ടമുള്ളതുപോലെ ഉപയോഗിക്കാൻ കഴിയില്ല. വെള്ളം വരും തലമുറക്ക് കൂടി അവകാശപ്പെട്ടതാണ്. ഖത്തറിൽ ഒരാൾ ഉപയോഗിക്കുന്ന വെള്ളത്തിെൻറ അളവ് ലോകത്തിലെതന്നെ ഏറ്റവും കൂടുതൽ നിരക്കിലുള്ളതാണ്. രാജ്യത്തെ ആളോഹരി ജല ഉപയോഗം ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ഇൗ നില തുടർന്നാൽ അത് ഭാവിക്ക് നല്ലതല്ല. ഖത്തറിൽ പ്രതിദിനം ഒരാള്‍ 500 ലിറ്ററിലധികം വെള്ളം ഉപയോഗിക്കുന്നുണ്ട്. സ്വയം പര്യാപ്തതയിലേക്കുള്ള ഖത്തറിെൻറ യാത്രയില്‍ വിലയേറിയ വിഭവമാണ് ജലം. വെള്ളത്തിെൻറ ആവശ്യം അതിവേഗം വര്‍ധിച്ചുവരുകയാണ്. ഇതിനാൽ ജലഉപഭോഗം അത്യാവശ്യത്തിനു മാത്രമായി പരിമിതപ്പെടുത്തണം.
വെള്ളം പാഴാക്കിയാൽ കനത്ത പിഴ
രാജ്യത്ത് ജലവും വൈദ്യുതിയും കൈകാര്യം ചെയ്യുന്നത് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ കഹ്റമയാണ്. കഹ്റമക്ക് കീഴിലുള്ള ദേശീയ ഉൗർജ സംരക്ഷണ-കാര്യക്ഷമതാപദ്ധതിയാണ് 'തർഷീദ്'. ഉൗർജസ്രോതസ്സുകളെ വൈവിധ്യവത്കരിക്കുകയും വെള്ളത്തിെൻറയും വൈദ്യുതിയുടെയും പാഴാക്കൽ ഇല്ലാതാക്കുകയും പരിസ്ഥിതിക്ക് ദോഷകരമായ കാർബൺ പുറന്തള്ളൽ കുറക്കുകയുമാണ് ലക്ഷ്യം. രാജ്യത്തിെൻറ വ്യക്തിഗത ഉൗർജ ഉപഭോഗം കുറക്കുകയും ലക്ഷ്യമാണ്. വിവിധ നിയമലംഘനങ്ങൾെക്കതിരെ കടുത്ത നടപടിയാണ് കഹ്റമ സ്വീകരിക്കുന്നത്. വൈദ്യുതി, ജല ഉപഭോഗവും പരിപാലനവും സംബന്ധിച്ച 2015ലെ 20ാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് ഇതുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് ശിക്ഷ ലഭിക്കുക.
വെള്ളം ചോര്‍ന്ന് പോകുന്നത് ഒഴിവാക്കാനുള്ള നടപടികളും കഹ്റമ സ്വീകരിക്കുന്നുണ്ട്. വെള്ളത്തിെൻറയും വൈദ്യുതിയുടെയും അമിതോപയോഗവും പാഴാക്കലും തടയുന്നതിനുള്ള നിയമം അനുസരിച്ച് വെള്ളം പാഴാക്കിയാലുള്ള പിഴശിക്ഷ 20,000 റിയാലായി ഉയര്‍ത്തിയിട്ടുണ്ട്. കുടിവെള്ളം പാഴാക്കുന്നവര്‍ക്കുള്ള പിഴ അനുരഞ്ജനത്തിലൂടെ 10,000 റിയാലായി കുറക്കാനാകും. വൈദ്യുതി പാഴാക്കിയാലുള്ള പിഴശിക്ഷ 10,000 റിയാലായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ പിഴയും അനുരഞ്ജനത്തിലൂടെ 5000 റിയാലായി കുറക്കാനാകും. വെള്ളം ചോര്‍ച്ച ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാത്തവര്‍ക്ക് 10,000 റിയാലാണ് പിഴ. ഇത് അനുരഞ്ജനത്തിലൂടെ 5000 റിയാലായി കുറക്കാം. പിഴത്തുക ഉയര്‍ത്തുന്നതിനായി 2008ലെ 26ാം നമ്പര്‍ നിയമമാണ് ഇതിനായി ഭേദഗതി ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.