അൽ സുബാറ കോട്ട 

ദോഹ: ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിനായി ഖത്തറിലെത്തുന്ന ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരാധകർക്കും സന്ദർശകർക്കും കളിക്കൊപ്പം ആസ്വദിക്കാനായി വിനോദസഞ്ചാര കേന്ദ്രങ്ങളും സർവസജ്ജമാവുന്നു.

വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങളാലും ഭൂപ്രദേശങ്ങളാലും സമ്പന്നമായ ഖത്തറിൽ, പൗരാണിക സമൂഹങ്ങളെ അടയാളപ്പെടുത്തുന്ന പൗരാണിക പ്രദേശങ്ങൾ, മ്യൂസിയങ്ങൾ, ലൈബ്രറികൾ, കലാപ്രകടനങ്ങൾ, പരമ്പരാഗത കലാസാംസ്കാരിക പ്രവർത്തനങ്ങളെല്ലാം സന്ദർശകർക്കും ആരാധകർക്കും പുതുഅനുഭവമായി മാറും.

അവയിൽ ഏറെ പ്രധാനപ്പെട്ടതാണ് ഖത്തറിന്‍റെ വടക്കെ അറ്റത്ത് സ്ഥിതിചെയ്യുന്ന അൽ സുബാറ കോട്ട ഉൾപ്പെടുന്ന പ്രദേശം. രാജ്യത്തെ ഏറ്റവും പ്രമുഖവും പ്രധാനപ്പെട്ടതുമായ പൗരാണിക കേന്ദ്രം കൂടിയാണിത്.

ദോഹയിൽനിന്നും 100 കി.മീറ്റർ അകലെ സ്ഥിതിചെയ്യുന്ന സുബാറ പൈതൃക ഗ്രാമത്തിന് യുനെസ്കോയുടെ പൈതൃക പദവി ലഭിച്ചിട്ടുണ്ട്.

18ാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന സമൂഹത്തിന്‍റെ അവശിഷ്ടങ്ങളും മറ്റു ചരിത്രപ്രധാനമായ രേഖകളും വസ്തുക്കളും ഖനനത്തിൽ അൽ സുബാറയിൽ നിന്നും കണ്ടെത്തിയിരുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്‍റെയും സംവാദത്തിന്‍റെയും ചരിത്രമാണ് സുബാറക്കുള്ളത്.

സുബാറ കോട്ടയിൽ മുത്ത് വാരുന്നവരുപയോഗിക്കുന്ന ഭാരക്കല്ലുകൾ, ഇറക്കുമതി ചെയ്ത സെറാമിക് വസ്തുക്കൾ, പായക്കപ്പലുകളുടെ അവശിഷ്ടങ്ങൾ, കിണറുകളുടെ ശേഷിപ്പുകൾ, കാർഷികവൃത്തിയുടെ അടയാളങ്ങൾ, മത്സ്യബന്ധന വല തുടങ്ങിയവ പ്രദർശിപ്പിച്ചിട്ടുണ്ട്.

ദോഹ നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്ന പൗരാണിക സൂഖായ സൂഖ് വാഖിഫ് ഖത്തറിലെത്തുന്ന സന്ദർശകരുടെ പ്രധാന ആകർഷക കേന്ദ്രമാണ്. സീസണുകളിലും അല്ലാത്ത സമയത്തും സൂഖ് വാഖിഫിൽ വിദേശത്തുനിന്നെത്തിയ സന്ദർശകരെ കാണാം.

ഖത്തറിന്‍റെ പൈതൃകം ഉയർത്തിപ്പിടിക്കുന്ന കടകൾ, വിവിധ റസ്റ്റാറൻറുകൾ, ഹോട്ടലുകളെല്ലാം സൂഖിലുണ്ട്.ഗാലറികളും കലാസാംസ്കാരിക പരിപാടികളും സമ്പന്നമാക്കുന്ന കതാറ സാംസ്കാരിക ഗ്രാമവും രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ്. പേൾ ഖത്തർ ഐലൻഡും സന്ദർശകരുടെ ഇഷ്ടകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു.

പോർട്ടോ അറേബ്യയിലെ സുന്ദരമായ നടപ്പാതയും അതിനോട് ചേർന്നുകിടക്കുന്ന രുചിവൈവിധ്യങ്ങളോടെയുള്ള റസ്റ്റാറൻറുകൾ, വെനീസിലെ കനാലുകളെ ഓർമിപ്പിക്കുന്ന കാർട്ടിയർ കനാൽ എന്നിവ പേൾ ഖത്തറിലെ പ്രധാന സംഭവങ്ങളാണ്.

സാഹസികത ഇഷ്ടപ്പെടുന്നവർക്കുള്ള മരുഭൂമിയിലൂടെയുള്ള സഫാരി ട്രിപ്പുകൾ, ക്വാഡ് ബൈക്കിങ്, ഡ്യൂൺ ബാഷിങ്, സാൻഡ് ബോർഡിങ്, സ്വിമ്മിങ് എന്നിവയും സന്ദർശകരെ കാത്തിരിക്കുന്നുണ്ട്. മരുഭൂമിയും കടലും ഒന്നിക്കുന്ന ലോകത്തിലെ അപൂർവം സ്ഥലങ്ങളിലൊന്നായ ഖോർ അൽ ഉദൈദ് (ഇൻലൻഡ് സീ)ലേക്കുള്ള യാത്രയും പര്യവേക്ഷണവും മേഖലയിൽ ഖത്തറിന് മാത്രം അവകാശപ്പെടാവുന്ന വിനോദസഞ്ചാര നേട്ടമാണ്. കൂടാതെ, ഖത്തർ നാഷനൽ മ്യൂസിയം, ഇസ്ലാമിക് ആർട്ട് മ്യൂസിയം എന്നിവയും സന്ദർശകർക്ക് മികച്ച കാഴ്ചാനുഭവമായിരിക്കും സമ്മാനിക്കുക.

Tags:    
News Summary - Tourist attractions await World Cup fans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.