ദോഹ: ഖത്തറും തുർക്കിയും തമ്മിലുള്ള സഹകരണം ഉൗട്ടിയുറപ്പിച്ച് ഇരുരാജ്യങ്ങളും നിരവധി കരാറുകളിൽ ഒപ്പുവെച്ചു. ഖത്തർ–തുർക്കി സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റിയുടെ മൂന്നാമത് സെഷെൻറ ഭാഗമായാണ് കരാറുകളിലും ധാരണാപത്രങ്ങളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും തുർക്കി പ്രസിഡൻറ് ഉർദുഗാനും ചടങ്ങിൽ സംബന്ധിച്ചു.
ക്രിമിനൽ സംബന്ധമായ വിഷയങ്ങളിൽ നിയമസഹായത്തിനുള്ള കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഗവേഷണ സഹകരണം ഉറപ്പാക്കിക്കൊണ്ട് ഖത്തർ യൂനിവേഴ്സിറ്റിയും തുർക്കി ശാസ്ത്ര സാങ്കേതിക ഗവേഷണ സമിതി (ടുബിടാക്)യും തമ്മിലും കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. കൂടാതെ ഖത്തർ, തുർക്കി സെൻട്രൽ ബാങ്കുകൾ തമ്മിലുള്ള സഹകരണം സംബന്ധിച്ച് ധാരണാപത്രത്തിൽ ഒപ്പുവെച്ചു. കാലാവസ്ഥയുമായി ബന്ധപ്പെട്ടും നിയമ–നിതിന്യായ പരിശീലനം സംബന്ധിച്ചും ധാരണാപത്രം ആയി.
ഖത്തർ–തുർക്കി തുറമുഖ ഭരണസമിതികൾ തമ്മിലും ഭക്ഷ്യസുരക്ഷ, മാനുഷിക സഹായം, മാധ്യമ സഹകരണം എന്നീ മേഖലകളിലും ഇരുരാഷ്ട്രങ്ങളും തമ്മിൽ ധാരാണാപത്രത്തിൽ ഒപ്പുവെച്ചു. ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനിയും മന്ത്രിമാരും ഇരുരാഷ്ട്രങ്ങളുടെ ഭാഗത്ത് നിന്നുള്ള ഉന്നത പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചിരുന്നു.
നേരത്തെ, പ്രതിസന്ധി ഘട്ടത്തിൽ തുർക്കി നൽകിയ പിന്തുണയും േപ്രാത്സാഹനവും ഖത്തറും ഖത്തർ ജനതയും ഒരിക്കലും മറക്കില്ലെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പറഞ്ഞു. ഖത്തർ–തുർക്കി സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റിയുടെ മൂന്നാം സെഷനിൽ സംസാരിക്കുകയായിരുന്നു അമീർ. ഖത്തർ നൽകിയ സ്വീകരണത്തിൽ ഉർദുഗാൻ നന്ദി അറിയിച്ചു. 2022 ലോകകപ്പിന് തുർക്കിയുടെ പൂർണപിന്തുണയും അദ്ദേഹം ഉറപ്പുനൽകി. ലോകകപ്പുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പദ്ധതികളിൽ സഹകരിക്കാൻ തുർക്കിയും തുർക്കി വ്യാപാരമേഖലയും സന്നദ്ധമാണെന്നും തുർക്കി പ്രസിഡൻറ് വ്യക്തമാക്കി. അടുത്ത വർഷം സുപ്രീം കമ്മിറ്റിയുടെ നാലാമത് സെഷൻ സംഘടിപ്പിക്കുമെന്ന് അമീർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.