ദോഹ: ഖത്തറിലെ പ്രവാസി മലയാളികളുടെ പെരുന്നാൾ ആഘോഷവും കളിയും ചിരിയുമെല്ലാം കണ്ണീരിൽ കുതിർന്ന രണ്ടുദിനം. രണ്ടു വ്യത്യസ്ത അപകടങ്ങളിലായി ഏഴുപേർ മരിച്ച വാർത്ത ഏറെ ഞെട്ടലോടെയായിരുന്നു പ്രവാസി സമൂഹം കേട്ടത്. ബുധനാഴ്ച പെരുന്നാൾ നമസ്കാരം കഴിഞ്ഞ് താമസസ്ഥലങ്ങളിൽ എത്തിയതിനു പിന്നാലെയാണ് സൗദിയിൽ നിന്നുള്ള ആദ്യ അപകട വാർത്തയെത്തുന്നത്. പെരുന്നാൾ പ്രമാണിച്ച് ലഭിച്ച ഒരാഴ്ച നീണ്ട അവധി ആഘോഷിക്കാനായി ബഹ്റൈനിലേക്ക് പുറപ്പെട്ട ദോഹയിൽ നിന്നുള്ള കൂട്ടുകാരുടെ സംഘമായിരുന്നു ആദ്യം അപകടത്തിൽപെട്ടത്. അബു സംറ അതിർത്തി കടന്ന് ഹുഫൂഫിലേക്കുള്ള യാത്രക്കിടയിൽ 50 കിലോമീറ്റർ പിന്നിട്ടപ്പോഴായിരുന്നു ഇവർ സഞ്ചരിച്ച ലാൻഡ്ക്രൂയിസർ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് നാലംഗ സംഘത്തിലെ രണ്ടുപേർ ദാരുണമായി മരിച്ചത്. ചൊവ്വാഴ്ച രാത്രിയോടെ സംഭവിച്ച അപകടവിവരം, ബുധനാഴ്ച പെരുന്നാൾ നമസ്കാരത്തിനുള്ള ഒരുക്കത്തിനിടെ ഖത്തറിലെ സൗഹൃദ വലയങ്ങളിലെത്തിത്തുടങ്ങി.
മലപ്പുറം മേൽമുറി സ്വദേശി കടമ്പോത്ത്പാടത്ത് കെ.പി അർജുൻ (34), കോട്ടയം മണക്കനാട് സ്വദേശി പാലത്തനാത്ത് അഗസ്റ്റിൻ എബി (41) എന്നിവരായിരുന്നു ഈ അപകടത്തിൽ മരിച്ചത്. ഇവരുടെ സുഹൃത്തുക്കൾ കൂടിയായ സഹയാത്രികർ കന്യാകുമാരി സ്വദേശികളായ കിരൺ രമേശ്, ഹജൽ മാത്യു മോൻ ഹവിൻ മാരി എന്നിവർ പരിക്കില്ലാതെ രക്ഷപ്പെട്ടു.
ഖത്തറിൽ സ്വന്തമായി ബിസിനസ് നടത്തുന്ന അഗസ്റ്റിൻ കുടുംബസമേതം ദോഹയിൽ താമസമായിരുന്നു. 11ഉം ഏഴും വയസ്സുള്ള മക്കളെയും നെഞ്ചോടുചേർത്ത് പ്രിയതമന്റെ വേർപാടിൽ നൊമ്പരപ്പെടുന്ന ഭാര്യ ആശയെ ആശ്വസിപ്പിക്കാൻ സുഹൃത്തുക്കളും ഖത്തറിലെ പൊതു പ്രവർത്തകരുമെല്ലാം എത്തുന്നതിനിടയിലാണ് മറ്റൊരു അപകട വാർത്തയുമെത്തുന്നത്.
ബുധനാഴ്ച രാത്രി 9.30ഓടെ അൽ ഖോറിലെ മേൽപാലത്തിലുണ്ടായ വാഹനാപകടത്തിൽ അൽ തുമാമയിലെ താമസക്കാരും കൊല്ലം കരുനാഗപ്പള്ളി സ്വദേശികളുമായ റോഷിൻ ജോൺ (38), ഭാര്യ ആൻസി ഗോമസ് (29), ആൻസിയുടെ സഹോദരൻ ജിജോ ഗോമസ് (34), ഇവരുടെ സുഹൃത്തുക്കളായ തമിഴ്നാട് സ്വദേശി നാഗലക്ഷ്മി ചന്ദ്രശേഖരന് (33), ഭർത്താവ് പ്രവീണ്‍കുമാര്‍ ശങ്കര്‍ (38) എന്നിവരുടെ മരണം രാവിലെയോടെയാണ് മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും വഴി പ്രവാസികളിലെത്തുന്നത്. മലയാളി, തമിഴ് ദമ്പതികളുടെയും ബന്ധുവിന്റെയും മരണം നൊമ്പരമായപ്പോൾ മൂന്നു വയസ്സുകാരന്റെ അത്ഭുതകരമായ രക്ഷപ്പെടൽ ആശ്വാസമായി. അവനുവേണ്ടിയുള്ള പ്രാർഥനകളായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ പലരും പങ്കുവെച്ചത്. ഉയരമേറെയുള്ള മേൽപാലത്തിൽനിന്നും ഇവർ സഞ്ചരിച്ച ലാൻഡ് ക്രൂയിസർ നിലംപതിച്ചതിന്റെ ആഘാതത്തിൽ അഞ്ചുപേരും തൽക്ഷണം മരിച്ചു. ഗുരുതര പരിക്കേറ്റ മൂന്നുവയസ്സുകാരനെ എയർ ആംബുലൻസ് വഴിയാണ് സിദ്ര മെഡിസിനിലെത്തിച്ചത്.
വ്യാഴാഴ്ച തന്നെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ഏദൻ നിരീക്ഷണത്തിലാണെന്നും നില മെച്ചപ്പെടുന്നുവെന്നും ദോഹയിലുള്ള റോഷിന്റെ സുഹൃത്തുക്കൾ അറിയിച്ചു. മാതാപിതാക്കൾ മരിച്ച സാഹചര്യത്തിൽ കുട്ടിയുടെ അടുത്ത ബന്ധുക്കളെ ദോഹയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഖത്തറിലെ സാമൂഹിക പ്രവർത്തകർ. കുട്ടിയുടെ തുടർ ചികിത്സ സംബന്ധിച്ചും നാട്ടിലേക്ക് കൊണ്ടുപോകുന്നതിനും രക്തബന്ധമുള്ള ബന്ധുക്കളുടെ സാന്നിധ്യം നിർബന്ധമാണ്.
വെള്ളിയാഴ്ച ഉച്ചയോടെ മരിച്ച നാലു പേരുടെയും പൊലീസ് ക്ലിയറൻസ് ലഭിച്ചിട്ടുണ്ട്. ജിജോയുടെ മൃതദേഹത്തിന്റെ ക്ലിയറൻസ് കൂടി ലഭിക്കുന്നതോടെ ശനിയാഴ്ച മുതൽ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി സേവനങ്ങളിൽ സജീവമായുള്ള കെ.എം.സി.സി മയ്യിത്ത് പരിപാലന സമിതി പ്രവർത്തകരും, ഇന്ത്യൻ എംബസി അപെക്സ് ബോഡിയായ ഐ.സി.ബി.എഫ് ഭാരവാഹികളും. അപകട വാർത്തക്കുപിന്നാലെ, വ്യാഴാഴ്ച പകൽ അൽ ഖോറിലെ ആശുപത്രി മോർച്ചറിയിലും നിരവധി പേരാണ് എത്തിയത്.
എൻജിനീയറായി ജോലി ചെയ്യുന്ന റോഷിന്റെയും കൂട്ടുകാരന്റെയും കുടുംബങ്ങൾ അവധി ആഘോഷിക്കാൻ ഷമാലിൽ പോയി, ദോഹയിലേക്കുള്ള മടക്ക യാത്രയിലായിരുന്നുവെന്ന് ഇവരുടെ സുഹൃത്തുക്കൾ പറയുന്നു. തുടർച്ചയായ ദിവസങ്ങളിലെ അപകട മരണം തീരാവേദനയാക്കിയ പെരുന്നാളിലാണ് ഖത്തറിലെ മലയാളി പ്രവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.