ദോഹ: ഖത്തറിലേക്ക് യാത്ര ചെയ്യുന്നതിന് കോവിഡ് -19 വാക്സിൻ സ്വീകരിച്ചിരിക്കണമെന്നത് നിർബന്ധമില്ല. എന്നാൽ, ഉംറ തീർഥാടനത്തിനായി സൗദി അറേബ്യയിലേക്ക് പോകുന്നവരടക്കമുള്ളവർ വാക്സിനെടുക്കേണ്ടി വരും.പൊതുജനാരോഗ്യ മന്ത്രാലയം വാക്സിൻ വിഭാഗം മേധാവി ഡോ. സുഹ അൽ ബയാത് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വാക്സിനുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം ഇൻസ്റ്റഗ്രാമിലൂടെ തുടരുന്ന ചോദ്യോത്തര പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
ഖത്തർ ഉപരോധം അവസാനിച്ച് സൗദി അതിർത്തി തുറന്നതിനാൽ ജനുവരി അവസാനത്തിൽതന്നെ ഖത്തറിലുള്ളവർക്ക് ഉംറ നിർവഹിക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. ഇത്തരത്തിലുള്ളവർ തീർഥാടനത്തിന് മുമ്പ് കുത്തിവെപ്പ് എടുേക്കണ്ടിവരും.
കോവിഡ് -19 ബാധിച്ചവർ രോഗം റിപ്പോർട്ട് ചെയ്ത് 90 ദിവസം കഴിഞ്ഞ് മാത്രമേ വാക്സിൻ സ്വീകരിക്കാൻ പാടുള്ളൂവെന്നും ഡോ. സുഹ അൽ ബയാത് പറഞ്ഞു. വൈറസ് ബാധയുണ്ടായതിെൻറ ഒന്നാം ദിനം മുതൽ 90 ദിവസം വരെ വാക്സിൻ സ്വീകരിക്കുന്നതിനായി കാത്തിരിക്കണം. രാജ്യത്ത് സന്ദർശക വിസയിലുള്ളവർക്ക് വാക്സിൻ നൽകുകയില്ല. നിലവിൽ സ്വദേശികൾക്കും താമസക്കാർക്കും മാത്രമായിരിക്കും വാക്സിന് യോഗ്യതയെന്നും അവർ പറഞ്ഞു. ഫൈസർ- ബയോടെക് വാക്സിനും മോഡേണ വാക്സിനും തമ്മിലുള്ള വ്യത്യാസം അത് സംഭരിക്കുന്നതുമായി ബന്ധപ്പെട്ടും രണ്ടാം ഡോസിെൻറ സമയവും മാത്രമാണ്.
രണ്ട് കമ്പനികളുമായും ഖത്തർ കരാർ ഒപ്പുവെച്ചിട്ടുണ്ട്. മോഡേണ വാക്സിൻ ആഴ്ചകൾക്കുള്ളിൽ ഖത്തറിലെത്തും. ഫൈസർ വാക്സിെൻറ രണ്ട് ഡോസിനിടയിലുള്ള സമയം 21 ദിവസമാണെങ്കിൽ മോഡേണക്ക് 28 ദിവസമാണെന്നും അവർ പറഞ്ഞു. വാക്സിൻ സ്വീകരിച്ചവരിൽ ഇതുവരെ ഗുരുതരായ ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മറ്റു വാക്സിനുകൾ സ്വീകരിക്കുമ്പോഴുള്ള ശാരീരിക അസ്വസ്ഥതകൾ മാത്രമാണ് ഇവയിലും സംഭവിക്കുന്നുള്ളൂ. ചെറിയ തലവേദന, പനി, വാക്സിനെടുത്ത ഭാഗത്ത് ചൊറിച്ചിലടക്കമുള്ള അസ്വസ്ഥതകൾ എന്നിവ ഇതിലുൾപ്പെടും.
കോവിഡ് -19 രോഗികൾക്കുള്ള ചികിത്സയുമായി ബന്ധപ്പെട്ട സൗകര്യങ്ങളിൽ ഇതുവരെ പ്രശ്നങ്ങളില്ല. രോഗവ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടതിെൻറ ആദ്യദിനം മുതൽ രോഗികളെ ചികിത്സിക്കുന്നതിനായി സർവ സന്നാഹങ്ങളും തയാറായിരുന്നു. ഇതിെൻറ ഭാഗമായി ആശുപത്രികളിലെ കിടക്കകളുടെ എണ്ണം കൂട്ടുകയും തീവ്ര പരിചരണ വിഭാഗം വികസിപ്പിക്കുകയും ചെയ്തതായും വാക്സിൻ വിഭാഗം മേധാവി വിശദീകരിച്ചു.
രാജ്യത്ത് കോവിഡ് വാക്സിൻ രണ്ടാം ഡോസ് വിതരണം ജനുവരി 13 മുതലാണ് തുടങ്ങിയത്. നേരത്തേ കുത്തിവെപ്പ് കാമ്പയിൻ തുടങ്ങിയ ഡിസംബർ 23 മുതൽ ആദ്യ ഡോസ് സ്വീകരിച്ചവർക്കാണിത്. ആദ്യത്തിൽ 70 വയസ്സും അതിനുമുകളിലും പ്രായമുള്ളവർ, ദീർഘകാലരോഗമുള്ളവർ, ആരോഗ്യപ്രവർത്തകർ എന്നിവർക്കാണ് കോവിഡ് കുത്തിവെപ്പ് നൽകിയിരുന്നത്. എന്നാൽ, പിന്നീട് 65 വയസ്സും അതിനു മുകളിലും പ്രായമുള്ളവർക്കും കുത്തിവെപ്പ് നൽകാൻ ആരോഗ്യമന്ത്രാലയം തീരുമാനിക്കുകയായിരുന്നു. കുത്തിവെപ്പിെൻറ ആദ്യഘട്ടം ജനുവരി 31ന് അവസാനിക്കും.
ഖത്തർ യൂനിവേഴ്സിറ്റി അൽവാബ് ഹെൽത്ത് സെൻറർ, അൽ ഖോർ ഹെൽത്ത് സെൻറർ, അൽവജ്ബ, ലിബൈബ്, അൽ റുവൈസ്, ഉംസലാൽ, റൗദത് അൽ ഖെയ്ൽ, അൽ തുമാമ, മുഐദർ എന്നീ ഏഴ് ഹെൽത്ത് സെൻററുകളിലാണ് കോവിഡ് കുത്തിവെപ്പ് സൗകര്യമുള്ളത്.
മുൻഗണന പട്ടികയിൽ ഉള്ളവർ ആരോഗ്യകേന്ദ്രങ്ങളിൽ നിന്ന് അറിയിപ്പ് വന്നതിന് ശേഷം നേരിട്ട് ആശുപത്രികളിൽ എത്തി കുത്തിവെപ്പ് എടുക്കുകയാണ് വേണ്ടത്. വാക്സിൻ സ്വീകരിക്കാനായി അറിയിപ്പ് ലഭിക്കാത്തവർ 40277077 എന്ന ഹോട്ട്ലൈൻ നമ്പറിൽ അപ്പോയൻറ്മെൻറിനായി ബന്ധപ്പെടണം. നിലവിൽ മുൻഗണന പട്ടികയിൽ ഉൾപ്പെടാത്ത മറ്റുള്ളവർക്ക് ഇപ്പോൾ വാക്സിൻ നൽകുന്നില്ല. അത്തരക്കാർ തങ്ങളുെട അവസരം വരുന്നതുവരെ കാത്തിരിക്കണം. ആദ്യ ഷോട്ട് ആദ്യ (ഇൻജക്ഷൻ) നൽകിയതിന് ശേഷം 21 ദിവസങ്ങൾ കഴിഞ്ഞതിന് ശേഷം മാത്രമേ കോവിഡ് വാക്സിെൻറ രണ്ടാമത്തെ ഷോട്ട് ഒരാൾക്ക് നൽകൂ.
രണ്ടാമത്തെ ഷോട്ട് നൽകുന്ന ദിവസം ആരോഗ്യപ്രവർത്തകർ ബുക്ക് ചെയ്യും. ഈ തീയതി ഓർത്തുവെച്ച് മുടക്കം വരാതെത്തന്നെ രണ്ടാമത്തെ ഷോട്ടിന് കൃത്യസമയത്തുതന്നെ എത്തി വാക്സിൻ സ്വീകരിക്കേണ്ടതുണ്ട്. ഇതിൽ വീഴ്ച വന്നാൽ വാക്സിെൻറ ഫലപ്രാപ്തിയെ ബാധിക്കാൻ സാധ്യതയുണ്ട്.
വാക്സിെൻറ രണ്ടാമത് ഡോസ് സ്വീകരിച്ചതിന് ശേഷം ഏകദേശം ഒരാഴ്ച കഴിഞ്ഞാണ് വാക്സിൻ ശരീരത്തിൽ കൊറോണ വൈറസിൽ നിന്ന് പൂർണമായ പ്രതിരോധ ശേഷി കൈവരിക്കുക. വാക്സിനുമായി ബന്ധെപ്പട്ട സംശയങ്ങൾക്ക് കോവിഡ് ഹെൽപ്ലൈൻ നമ്പറായ 16000ത്തിൽ വിളിക്കണം.
അഭ്യൂഹങ്ങളിൽ വിശ്വസിക്കരുത്. കൂടുതൽ വാക്സിൻ കൂടി രാജ്യത്ത് എത്തുന്ന മുറക്ക് കോവിഡ് വാക്സിൻ കുത്തിവെപ്പ് ഖത്തറിലെ എല്ലാവർക്കുമായി വികസിപ്പിക്കുമെന്ന് പൊതുജനാരോഗ്യ വിഭാഗം ഡയറക്ടർ ഡോ. ശൈഖ് മുഹമ്മദ് ആൽ ഥാനി അറിയിച്ചിരുന്നു. കൂടുതൽ വാക്സിൻ എത്തുന്നതോടെ എല്ലാവർക്കും കുത്തിവെപ്പ് ലഭ്യമാക്കും. എല്ലാവരും കുത്തിവെപ്പ് സ്വീകരിക്കാൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സ്വദേശികൾക്കും വിദേശികൾക്കും കോവിഡ് വാക്സിൻ സൗജന്യമായാണ് നൽകുന്നത്. ആദ്യഘട്ടത്തിൽ ആർക്കും വാക്സിൻ നിർബന്ധമാക്കിയിട്ടില്ല. എന്നാൽ, അടുത്തുതന്നെ എല്ലാവരും കോവിഡ് വാക്സിൻ സ്വീകരിക്കേണ്ടിവരുമെന്നാണ് ആരോഗ്യമന്ത്രലയം അധികൃതർ നൽകുന്ന സൂചനകൾ. ഡിസംബർ 23നാണ് രാജ്യത്ത് കോവിഡ് വാക്സിൻ കുത്തിവെപ്പ് കാമ്പയിൻ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.