ദോഹ: അനധികൃത കെട്ടിട നിർമാണങ്ങൾ തടയുന്നതിന്റെ ഭാഗമായി പരിശോധന ശക്തമാക്കി മുനിസിപ്പാലിറ്റി മന്ത്രാലയം. കെട്ടിടങ്ങൾ അനധികൃതമായി ഭാഗംതിരിച്ച് നിർമിക്കുന്നതും നിയമവിരുദ്ധ സംഭരണശാലകളുണ്ടാക്കുന്നതും തടയുന്നതിന്റെ ഭാഗമായി നടന്ന പരിശോധനയിൽ നിരവധി ഇടങ്ങളിൽ നടപടി സ്വീകരിച്ചു.
ദോഹ മുനിസിപ്പാലിറ്റി പരിധിയിൽ അഞ്ച് നിയമവിരുദ്ധ സംഭരണ ശാലകൾ പൂട്ടിയതായി അധികൃതർ അറിയിച്ചു. ഫരീജ് ബിൻ ദിർഹാമിലെ ഒരു പാർപ്പിട മേഖലയിൽ അനധികൃതമായി ഭാഗംതിരിച്ച് നിർമിച്ച താമസ സ്ഥലങ്ങൾ കണ്ടെത്തി നടപടി സ്വീകരിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പരിശോധനകളുടെ തുടർച്ചയായാണ് അനധികൃതർ നിർമാണങ്ങളും മറ്റും കണ്ടെത്തിയത്.
നജ്മയിൽ റെസിഡൻഷ്യൽ പാർക്കിങ് ഏരിയ ലൈസൻസില്ലാത്ത സൂപ്പർമാർക്കറ്റാക്കി മാറ്റി പ്രവർത്തിക്കുന്നുണ്ട്. നുഐജയിൽ ഫർണിച്ചറും കെട്ടിട നിർമാണ സാമഗ്രികളും സൂക്ഷിക്കാൻ ഉപയോഗിച്ച അനധികൃത സ്റ്റോറും മുനിസിപ്പാലിറ്റി അധികൃതർ പരിശോധനയിൽ കണ്ടെത്തി. നിയമലംഘകർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി മന്ത്രാലയം അറിയിച്ചു.
റിയൽ എസ്റ്റേറ്റ് ഉടമകളും വാടകക്കാരും കെട്ടിട ചട്ടങ്ങൾ പാലിക്കണമെന്നും മുനിസിപ്പാലിറ്റിയിൽനിന്ന് ആവശ്യമായ അനുമതിയില്ലാതെ ഒരു വസ്തുവിലും നിർമാണത്തിലും രൂപമാറ്റം വരുത്തരുതെന്നും ദോഹ മുനിസിപ്പാലിറ്റി നിർദേശിച്ചു.
നേരത്തേ നിശ്ചയിച്ച പ്ലാനുകൾ മാറ്റി, അനുമതിയില്ലാതെ പുതിയ നിർമാണങ്ങൾ നടത്തുന്നതും നിർമാണത്തിലെ കൂട്ടിച്ചേർക്കലുകളും സുരക്ഷക്ക് ഭീഷണിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.