ദോഹ: എക്സ്ട്രാ ടൈമിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിൽ ജപ്പാന് മുന്നിൽ കീഴടങ്ങി ആതിഥേയരായ ഖത്തർ അണ്ടർ 23 ഏഷ്യൻ കപ്പിൽ സെമി കാണാതെ പുറത്ത്. വ്യാഴാഴ്ച വൈകുന്നേരം നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ 4-2നായിരുന്നു ജപ്പാൻ ഖത്തറിനെ വീഴ്ത്തിയത്. കളിയുടെ 41ാം മിനിറ്റിൽ തന്നെ ഖത്തർ പത്തു പേരിലേക്ക് ചുരുങ്ങിയിരുന്നു. രണ്ടാം മിനിറ്റിൽ ഫുകി യമദയുടെ ഗോളിൽ ലീഡ് പിടിച്ച ജപ്പാനെതിരെ, 24ാം മിനിറ്റിൽ അഹ്മദ് അൽ റാവിയിലൂടെ ഖത്തർ ഒപ്പമെത്തി.
കളി ഇഞ്ചോടിഞ്ചായി മാറിയ നിമിഷങ്ങൾക്കിടയിലാണ് ഖത്തറിന്റെ ഗോൾകീപ്പർ യൂസുഫ് അബ്ദുല്ല ചുവപ്പുകാർഡുമായി പുറത്താകുന്നത്. ഇതോടെ, ടീമിന്റെ അംഗബലം പത്തിലേക്ക് ചുരുങ്ങി. മുന്നേറ്റത്തിലെ സബാഹിനെ വലിച്ച്, പുതിയ ഗോളിയെ ഇറക്കിയാണ് ഖത്തർ പിന്നീട് പന്തുതട്ടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ജാബിർ അബ്ദുൽ സലാമിലൂടെ ഖത്തർ രണ്ടാം ഗോളടിച്ച് ആരാധകരെ ആവേശത്തിലേക്ക് നയിച്ചു. എന്നാൽ, 67ാം മിനിറ്റിൽ സെയ്ജി കിമുറയുടെ ഗോളിലൂടെ എതിരാളികൾ തിരിച്ചടിച്ച് ഒപ്പമെത്തി. ശേഷം, കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയപ്പോൾ പ്രതിരോധത്തിലൂന്നിയായിരുന്നു ഖത്തറിന്റെ അങ്കം. പക്ഷേ, രണ്ട് ഗോളുകൾ കൂടി നേടിയ ജപ്പാൻ ആതിഥേയരുടെ ചാമ്പ്യൻ സ്വപ്നവും ഒളിമ്പിക്സ് യോഗ്യതയും തല്ലിക്കെടുത്തി ജൈത്രയാത്ര തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.