ദോഹ: യൂത്ത് ഫുട്ബാളിന്റെ ഏഷ്യൻ ഫെസ്റ്റിവലായി മാറിയ അണ്ടർ 23 ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടറിൽ നിലവിലെ ചാമ്പ്യന്മാരായ സൗദിക്ക് മടക്ക ടിക്കറ്റ്. വെള്ളിയാഴ്ച വൈകുന്നേരം ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഉസ്ബെകിസ്താൻ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് സൗദിയെ വീഴ്ത്തിയത്. ഇതോടെ, ആതിഥേയരായ ഖത്തറിനു പിന്നാലെ, നിലവിലെ ജേതാക്കളും ഒളിമ്പിക്സ് ബർത്തും സെമി ഫൈനലുമില്ലാതെ മടങ്ങി. വ്യാഴാഴ്ച രാത്രിയിൽ നടന്ന മറ്റൊരു ക്വാർട്ടറിൽ കരുത്തരായ ദക്ഷിണ കൊറിയയെ അട്ടിമറിച്ച് ഇന്തോനേഷ്യയും സെമിയിൽ ഇടം പിടിച്ചു. ഫുൾടൈമും എക്സ്ട്രാടൈമും പെനാൽറ്റി ഷൂട്ടൗട്ടും കടന്ന് സഡൻ ഡെത്തിലും കൊണ്ടും കൊടുത്തും മുന്നേറിയ മത്സരത്തിനൊടുവിൽ 11-10 എന്ന സ്കോറിലായിരുന്നു ഇന്തോനേഷ്യൻ വിജയം. നിശ്ചിത സമയത്ത് ഇരുവരും 2-2ന് സമനില പാലിച്ചു. റാഫേൽ വില്യം സ്ട്രിക്കിന്റെ ഇരട്ട ഗോളിലൂടെയാണ് ഇന്തോനേഷ്യ കൊറിയക്കാരെ വിരട്ടിയത്.
രണ്ടു തവണ പിന്നിൽ നിന്ന ശേഷം, സമനില നേടി ആശ്വസിച്ചെങ്കിലും എക്സ്ട്രാ ടൈമിൽ പന്ത് ലക്ഷ്യത്തിലെത്തിക്കാൻ ആർക്കും കഴിഞ്ഞില്ല. ഒടുവിൽ ഷൂട്ടൗട്ടിൽ കളി വീണ്ടും മുറുകി. ആദ്യ അഞ്ച് കിക്കുകൾ ഇരുവരും ഒരു പോലെ വലയിലാക്കി. ശേഷം, സഡൻ ഡെത്തിലെ ഭാഗ്യ പരീക്ഷണം. ആദ്യം തന്നെ ഇരുവർക്കും ഒരുപോലെ പിഴച്ചു. പിന്നീട്, അഞ്ചു ഷോട്ടും ലക്ഷ്യത്തിൽ തന്നെ. 12ാമത്തെ കൊറിയൻ ഷോട്ട് ഇന്തോനേഷ്യൻ ഗോളി തട്ടിയകറ്റിയപ്പോൾ, ഇന്തോനേഷ്യക്ക് പിഴച്ചില്ല. ആവേശം അടിമുടി ത്രസിപ്പിച്ച അങ്കത്തിനൊടുവിൽ ഇന്തോനേഷ്യയുടെ സെമിഫൈനൽ ജൈത്രയാത്ര ഉറപ്പായി. 29ന് നടക്കുന്ന സെമിയിൽ ഇന്തോനേഷ്യയും ഉസ്ബെകിസ്താനും തമ്മിലാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.