ദോഹ: ഇന്തോനേഷ്യയുടെ അട്ടിമറി ഭീഷണികളെ ശക്തമായ പോരാട്ടത്തിലൂടെ അതിജീവിച്ച് ഉസ്ബെകിസ്താൻ അണ്ടർ 23 ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ കലാശപ്പോരാട്ടത്തിൽ ഇടം നേടി. ഒപ്പം, പാരീസ് ഒളിമ്പിക്സ് ഫുട്ബാളിലേക്കുള്ള ടിക്കറ്റും ഉറപ്പിച്ചു. ഉസ്ബെകിസ്താന്റെ ആദ്യ ഒളിമ്പിക്സ് യോഗ്യതയാണിത്. തിങ്കളാഴ്ച വൈകുന്നേരം അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിന്റെ മറുപടിയില്ലാത്ത രണ്ട് ഗോളിനായിരുന്നു അവർ ഇന്തോനേഷ്യൻ വെല്ലുവിളികളെ പിടിച്ചു കെട്ടിയത്. ഗാലറിയിൽ ആരവവുമായി ഇരു ടീമുകളുടെയും കാണികൾ നിറഞ്ഞപ്പോൾ ആവേശകരമായിരുന്നു മത്സരം.
ആദ്യ പകുതിയിൽ ഗോൾ രഹിതമായിരുന്നു അങ്കം. കൊണ്ടും, കൊടുത്തും 45 മിനിറ്റ് പിന്നിടുമ്പോൾ ഇരു ടീമുകളിലും മൂന്ന് മഞ്ഞ കാർഡുകൾ മാത്രമായിരുന്നു തെളിഞ്ഞത്. മികച്ച അവസരങ്ങളിലൂടെ ഉസ്ബെകിസ്താൻ എതിരാളികളെ പരീക്ഷിച്ചപ്പോൾ പ്രതിരോധമായിരുന്നു ഇന്തോനേഷ്യൻ ആയുധം. കളി രണ്ടാം പകുതിയിലെത്തിയപ്പോൾ ഉസ്ബെക് ആക്രമണത്തിന് മൂർച്ച കൂട്ടി. മൂന്ന് സബ്സ്റ്റിറ്റ്യൂഷനും വരുത്തിയിരുന്നു. അതിന് 68ാം മിനിറ്റിൽ തന്നെ ആദ്യ ഫലം കണ്ടു. പകരക്കാരനായിറങ്ങിയ ഹുസൈൻ നൊർചേവാണ് വലതു വിങ്ങിൽനിന്ന് അലിഷർ അദിലോവ് നൽകിയ ക്രോസിനെ മനോഹരമായ വലയിക്ക് തട്ടിയിട്ട് സ്കോർ ചെയ്തത്. 84ാം മിനിറ്റിൽ ഇന്തോനേഷ്യയുടെ പ്രതിരോധ താരം റികി റമദാനി ചുവപ്പുകാർഡുമായി പുറത്തായതോടെ അവർ പത്തിലേക്ക് ചുരുങ്ങി. അടുത്ത മിനിറ്റിൽ സെൽഫ് ഗോളിലൂടെ ഇന്തോനേഷ്യൻ താരം ഉസ്ബെകിന് രണ്ടാം ഗോളും സമ്മാനിച്ചതോടെ കളി തീർപ്പായി. ഇതിനിടെ, ഇന്തോനേഷ്യൻ താരം സ്കോർ ചെയ്തെങ്കിലും വാറിലൂടെ ഗോൾ നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.