ദോഹ: ഗോളൊന്നും പിറക്കാതെ പൂർത്തിയായ 90 മിനിറ്റിനു ശേഷം, കളി അധികസമയത്തേക്കെന്നുറപ്പിച്ച നിമിഷങ്ങൾ. ഇരു പകുതികളിലുമായി മിന്നുന്ന നീക്കങ്ങളുമായി ജപ്പാനും ഉസ്ബകിസ്താനും കളം വാണെങ്കിലും ഗോൾ വിട്ടുനിന്ന ഫുൾ ടൈമിനൊടുവിൽ ഇഞ്ചുറി സമയം 11 മിനിറ്റ് എന്ന് ടൈം, ക്ലോക്കിൽ തെളിഞ്ഞപ്പോൾ എക്സ്ട്രാ ടൈമിലേക്കെന്ന് വ്യക്തമായിരുന്നു. എന്നാൽ, ഇതിനിടയിലാണ് ആദ്യ മിനിറ്റ് കളിയുടെ ഫലം കുറിച്ചത്. ബോക്സിനുള്ളിൽ നിന്നും ഫുകി യമാദ നേടിയ ഗോൾ ജപ്പാന് വിജയത്തിലേക്കുള്ള വഴി തുറന്നു. മധ്യനിര കടന്നെത്തിയ പന്തിനെ മൂന്നു പേരുടെ മനോഹരമായ ടച്ചുകളിലൂടെ ബോക്സിനുള്ളിലെത്തിയപ്പോഴാണ് യമാദ നിലംപറ്റെയുള്ള ഷോട്ടിലൂടെ ഗോളാക്കി മാറ്റിയത്.
എന്നാൽ വിജയ ഗോൾ കുറിച്ച യമാദയേക്കാൾ, അടുത്ത നിമിഷം ഉസ്ബകിസ്താന്റെ സമനില ഗോൾ അവസരം ഉജ്ജ്വലമായ സേവിലൂടെ തട്ടിയകറ്റിയ ലിയോ കോകുബോക്കായിരുന്നു ജപ്പാൻ കോച്ച് ഗോ ഒയ്വെയുടെ പ്രശംസകൾ മുഴുവൻ. ഫൈനലിൽ ടീമിനെ കിരീടത്തിലേക്ക് നയിച്ച കുകുബോയെ ജപ്പാന്റെ ഹീറോയെന്ന് കോച്ച് വിശേഷിപ്പിച്ചു. നിർണായക ഘട്ടത്തിൽ ടീമിനെതിരായി പെനാൽറ്റി വിധിച്ചപ്പോൾ എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. ഗോൾകീപ്പർ എന്ന നിലയിൽ കുകോബുവിലെ വിശ്വാസത്തിലായിരുന്നു ഞാൻ. അവൻ രക്ഷകനാവുമെന്ന ഉറപ്പ് തെറ്റിയില്ല -മത്സര ശേഷം നടന്ന വാർത്ത സമ്മേളനത്തിൽ കോച്ച് പറഞ്ഞ് ഇങ്ങനെയായിരുന്നു. ജപ്പാന്റെ അണ്ടർ 16, 18 ടീമുകളിൽ മികച്ച പ്രകടനം പുറത്തെടുത്ത 23കാരൻ നിലവിൽ ക്ലബ് ഫുട്ബാളിൽ പോർചുഗലിലെ ബെൻഫികയുടെ താരമാണ്. ബെൻഫിക ബി ടീമിൽ കളിച്ചശേഷം, കഴിഞ്ഞ സീസണിലാണ് സീനിയർ ടീമിൽ ഇടം നേടിയത്.
ഏഷ്യൻ ഫുട്ബാളിലെ ഭാവി ടീമുകളുടെ അങ്കം എന്ന നിലയിൽ ശ്രദ്ധേയമായ അണ്ടർ 23 ഏഷ്യൻ കപ്പ് ഫുട്ബാളിൽ ഇത്തവണ കൈയൊപ്പു ചാർത്തിയവർ ഇന്തോനേഷ്യയാണ്. അരങ്ങേറ്റക്കാരായ വൻകരയുടെ യൂത്ത് മേളയിൽ പന്തു തട്ടിയവർ സെമി ഫൈനലിസ്റ്റുകളായാണ് ഖത്തറിൽ നിന്നും മടങ്ങുന്നത്. ഗ്രൂപ്പ് റൗണ്ടിൽ മിന്നുന്ന ജയങ്ങളും വമ്പൻ അട്ടിമറികളുമായായിരുന്നു ഇന്തോനേഷ്യയുടെ ജൈത്രയാത്ര. കളി മികവുകൊണ്ട് ടീം ശ്രദ്ധേയമായി. നിറഞ്ഞ ആരാധക പിന്തുണയോടെ കളിച്ചവർ, ഏഷ്യൻ ഫുട്ബാളിലെ പുത്തൻ പടയെന്ന പേരുമായാണ് ഖത്തറിൽ നിന്നും മടങ്ങിയത്. മൂന്നാം സ്ഥാനം നേടി ഒളിമ്പിക്സ് യോഗ്യത കൂടി നേടാനുള്ള അവസരം, ഒരു ഗോൾ വ്യത്യാസത്തിൽ നഷ്ടപ്പെട്ടുവെങ്കിലും ലാസ്റ്റ് ചാൻസ് ഒരു കളി അകലെ കാത്തിരിപ്പുണ്ടെന്ന് ആശ്വസിക്കാം.
കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലമായി ഏഷ്യൻ ഫുട്ബാളിൽ സ്ഥിരതയാർന്ന പ്രകടനവുമായി ശ്രദ്ധേയമാകുന്ന ഉസ്ബകിസ്താനാണ് മറ്റൊരു കൂട്ടർ. നേരത്തേ ചാമ്പ്യന്മാരും തുടർച്ചയായി രണ്ടാം തവണ ഫൈനലിസ്റ്റുകളുമാണ് അവർ. ആദ്യമായി ഒളിമ്പിക്സിന് യോഗ്യത നേടി, അഭിമാനത്തോടെ മടങ്ങുമ്പോഴും കിരീടമില്ലെന്നത് വേദനയായി മാറുന്നു. സെമിഫൈനൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ സൂപ്പർതാരങ്ങളുണ്ടായിരുന്നെങ്കിൽ വെള്ളിയാഴ്ചയിലെ ഫൈനൽ റിസൽട്ട് മറ്റൊന്നാകുമായിരുന്നുവെന്ന് വിശ്വസിക്കുന്നവരാണ് ആരാധകർ. അണ്ടർ20 ഫുട്ബാളിൽ നിലവിലെ ഏഷ്യൻ ജേതാക്കളും കഴിഞ്ഞ ലോകകപ്പിലെ പ്രീക്വാർട്ടർ ഫൈനലിസ്റ്റുകളുമാണ് ഉസ്ബക്.
ടോപ് ഗോൾ സ്കോറർ:
അലി ജാസിം (ഇറാഖ്
മികച്ച താരം:
ജോയൽ ചിമ ഫുജിത (ജപ്പാൻ)
മികച്ച ഗോൾ കീപ്പർ:
അബ്ദുവാഹിദ് നെമതോവ് (ഉസ്ബകിസ്താൻ)
ഫെയർ േപ്ല അവാർഡ്:
ഉസ്ബകിസ്താൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.