ദോഹ: വൻകരയുടെ യുവതാരങ്ങൾ മാറ്റുരക്കുന്ന എ.എഫ്.സി അണ്ടർ 23 ഏഷ്യൻ കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ പോരാട്ടചിത്രം തെളിഞ്ഞു. അടുത്തവർഷം ഏപ്രിൽ 15 മുതൽ മേയ് മൂന്നു വരെ ഖത്തറിലെ നാലു വേദികളിലായി നടക്കുന്ന ടൂർണമെന്റിന്റെ മത്സര നറുക്കെടുപ്പ് വ്യാഴാഴ്ച ദോഹയിൽ പൂർത്തിയായി.
ഗ്രൂപ് ‘എ’യിൽ ആതിഥേയരായ ഖത്തറിന് കരുത്തരായ ആസ്ട്രേലിയ, ജോർഡൻ, ഇന്തോനേഷ്യ എന്നിവരാണ് എതിരാളികൾ. രണ്ടാം സീഡായ ജപ്പാന് ഗ്രൂപ് ‘ബി’യിൽ ദക്ഷിണ കൊറിയ, യു.എ.ഇ, ചൈന എന്നിവർ എതിരാളികളാകും. ഗൾഫ് മേഖലയിലെ പവർഹൗസും, നിലവിലെ ജേതാക്കളുമായ സൗദി അറേബ്യക്ക് മുൻ ചാമ്പ്യന്മാരായ ഇറാഖും, തായ്ലൻഡ്, തജികിസ്താൻ എന്നിവരാണ് എതിരാളികൾ. ഗ്രൂപ് ‘ഡി’യിൽ ഉസ്ബകിസ്താൻ, വിയറ്റ്നാം, കുവൈത്ത്, മലേഷ്യ ടീമുകളും മത്സരിക്കും. 2013ൽ ആരംഭിച്ച അണ്ടർ 23 ഏഷ്യൻ കപ്പിൽ ഇറാഖ് (2013), ജപ്പാൻ (2016), ഉസ്ബകിസ്താൻ (2018), ദക്ഷിണ കൊറിയ (2020), സൗദി (2022) എന്നിവരാണ് ഇതുവരെ ജേതാക്കളായത്.
ആരും ഒന്നിലേറെ തവണ കിരീടം ചൂടിയിട്ടില്ലെന്ന റെക്കോഡ് ദോഹയിൽ തിരുത്തിക്കുറിക്കുമോ അതോ, ആതിഥേയരായ ഖത്തർ ഉൾപ്പെടെ പുതു ചാമ്പ്യന്മാർ പിറക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. അണ്ടർ 23 ചാമ്പ്യൻഷിപ്പിലെ ആദ്യ മൂന്നു സ്ഥാനക്കാർക്ക് അടുത്ത വർഷത്തെ ഒളിമ്പിക്സിന് നേരിട്ട് യോഗ്യത നേടാൻ കഴിയും. നാലാം സ്ഥാനക്കാർക്ക് ആഫ്രിക്കൻ ടീമുമായി പ്ലേഓഫ് കളിച്ച് ഒളിമ്പിക് യോഗ്യത നേടാനുള്ള സാധ്യതയുമുണ്ട്. ജനുവരി-ഫെബ്രുവരി മാസത്തിലെ ഏഷ്യൻ കപ്പിനു പിന്നാലെ ഖത്തറിൽ നടക്കുന്ന ടൂർണമെന്റിന്റെ വേദികൾ വൈകാതെ പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.