ദോഹ: നാളെയുടെ താരങ്ങളുടെ പോരാട്ടഭൂമിയാണ് യൂത്ത് ചാമ്പ്യൻഷിപ്പുകൾ. വരും നാളുകളിൽ വൻകരയിലെ വിവിധ ടീമുകളും ലോകത്തെ വൻ ക്ലബുകളും വാഴാൻ പോകുന്നവരുടെ അന്താരാഷ്ട്ര പ്രദർശന വേദി. തിങ്കളാഴ്ച കിക്കോഫ് കുറിച്ച അണ്ടർ 23 ഏഷ്യൻ കപ്പ് ഫുട്ബാളും അങ്ങനെതന്നെയാണ്. മുൻകാല ടൂർണമെന്റുകളിൽ മിന്നിത്തിളങ്ങി ശ്രദ്ധേയരായ ചില സീനിയേഴ്സിനെ പരിചയപ്പെടാം. മുൻ ടൂർണമെന്റുകളിൽ മികവ് പുലർത്തി ദേശീയ സീനിയർ ടീമുകളിൽ ഇടംനേടിയവരും ഏഷ്യക്ക് പുറത്തുമുള്ള വമ്പൻ ക്ലബുകളിലെ നിർണായക സാന്നിധ്യവുമായി മാറിയവരുണ്ട്.
•4.00pm ജപ്പാൻ x ചൈന
(ജാസിം ബിൻ ഹമദ് സ്റ്റേഡിയം)
•6.30pm ദക്ഷിണ കൊറിയ x യു.എ.ഇ
(അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയം)
•6.30pm ഇറാഖ് x തായ്ലൻഡ്
(അൽ ജനൂബ് സ്റ്റേഡിയം)
•9.00pm സൗദി അറേബ്യ x തജികിസ്താൻ
(ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം)
ഖത്തർ ലോകകപ്പ് കണ്ട മുഹമ്മദ് അൽ ഉവൈസിനെ ആരും മറക്കാനിടയില്ല. അർജന്റീനയെ അട്ടിമറിച്ച സൗദി ടീമിന്റെ ഗോൾവല കാത്തത് അൽ ഉവൈസിയായിരുന്നു. മികച്ച പ്രകടനം പുറത്തെടുത്ത അൽ ഉവൈസ് തന്നെയായിരുന്നു അന്നത്തെ മാൻ ഓഫ് ദി മാച്ച്. 2013ൽ ഒമാനിൽ നടന്ന എ.എഫ്.സി അണ്ടർ-23 ഏഷ്യൻ കപ്പിൽ അസാമാന്യ പ്രകടനവുമായി അൽ ഉവൈസ് ടീമിനെ ഫൈനലിൽ വരെയെത്തിച്ചു. കലാശപ്പോരിൽ ഇറാഖിന് മുന്നിൽ അടിയറവ് പറയാനായിരുന്നു വിധി. 2018ലാണ് സൗദിയുടെ ഒന്നാം നമ്പർ ഗോൾകീപ്പറായി അൽ ഉവൈസ് മുന്നോട്ട് വരുന്നത്. അൽ അഹ്ലിയിൽ നൂറിലധികം മത്സരങ്ങളിൽ ഗോൾവല കാത്ത 32കാരൻ ഇപ്പോൾ അൽ ഹിലാലിന്റെ ഒന്നാം നമ്പർ കീപ്പറാണ്.
2016ലെ ചാമ്പ്യൻഷിപ്പിൽ ദക്ഷിണ കൊറിയയെ കീഴടക്കി ജപ്പാൻ കിരീടം നേടിയപ്പോൾ കലാശപ്പോരിൽ നിർണായകമായ രണ്ട് ഗോൾ നേടിയത് അസാനോയായിരുന്നു. പിന്നീട് സമനിലയാകുമായിരുന്ന മത്സരത്തിൽ ജപ്പാനെ വിജയത്തിലേക്ക് നയിച്ചത് അസാനോയുടെ 81ാം മിനിറ്റിലെ ഗോളായിരുന്നു. ജർമനിയിലും സെർബിയയിലുമായി ക്ലബ് തലത്തിൽ തിളങ്ങുന്ന അസാനോ, 2022ൽ ഖത്തറിൽ നടന്ന മത്സരത്തിൽ ജർമനിയെ തകർത്ത മത്സരത്തിലും നിർണായക ഗോൾ നേടി. സ്പെയിൻ, കോസ്റ്ററിക്ക, ജർമനി എന്നിവരുൾപ്പെടുന്ന ഗ്രൂപ്പിൽനിന്ന് ഗ്രൂപ് ജേതാക്കളായാണ് ജപ്പാൻ നോക്കൗട്ട് റൗണ്ടിലെത്തിയത്.
2018ലാണ് ഖത്തർ ദേശീയ ടീമിലെ നെടുംതൂണുകളായ അൽ മുഇസ് അലിയും അക്രം അഫീഫും വരവ് അറിയിച്ചത്. ആറ് ഗോളുമായി മുഇസ് അലി ടോപ്സ്കോററായപ്പോൾ ടൂർണമെന്റിൽ മൂന്നാമതെത്തിയ ഖത്തറിന്റെ നിർണായക ഘടകമായി മാറി. കൃത്യം ഒരുവർഷത്തിനിപ്പുറം ഖത്തർ തങ്ങളുടെ കന്നി ഏഷ്യൻ കിരീടം നേടിയപ്പോഴും 2023ൽ കിരീടം നിലനിർത്തിയപ്പോഴും ഇരുവരും തന്നെയായിരുന്നു പ്രധാന താരങ്ങൾ. 2019ൽ അൽ മുഇസ് അലി 9 ഗോൾ നേടി സർവകാല ടോപ് സ്കോറർ റെക്കോഡ് നേടിയപ്പോൾ 10 അസിസ്റ്റുമായി അഫീഫും കളം നിറഞ്ഞു. നാല് വർഷത്തിനുശേഷം എട്ട് ഗോളുമായി അഫീഫായിരുന്നു ടോപ് സ്കോറർ.
പാരിസ് സെന്റ് ജെർമെയ്നിൽ മെസ്സിക്കും നെയ്മറിനും എംബാപ്പെക്കും ഒപ്പം കളിച്ച കൊറിയയുടെ കുറിയ മനുഷ്യനെ ആരും മറക്കാനിടയില്ല. കൊറിയയുടെ മിഡ്ഫീൽഡ് ജനറൽ എന്നറിയപ്പെടുന്ന ലീ കാങ് ഇൻ ഫുട്ബാളിൽതന്നെ അടയാളപ്പെടുത്തിയത് എ.എഫ്.സി അണ്ടർ 23 ചാമ്പ്യൻഷിപ്പിലൂടെയായിരുന്നു. എന്നാൽ, 2019ൽ ഫിഫ അണ്ടർ 20 ലോകകപ്പിൽ മികച്ച പ്രകടനവുമായി കൊറിയയെ രണ്ടാം സ്ഥാനത്തെത്തിക്കാൻ ലീ കാങ്ങിന് വലിയ പങ്ക് വഹിക്കാൻ സാധിച്ചു. 2022ൽ ക്വാർട്ടറിൽ ടീം പുറത്താകുമ്പോൾ ഒരു അസിസ്റ്റ് നേടിയിരുന്നു താരം. ഏഷ്യൻ ഗെയിംസിൽ ഗോൾഡ് മെഡൽ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു. 2022 ലോകകപ്പിൽ കൊറിയയെ നോക്കൗട്ട് റൗണ്ടിലെത്തിക്കുന്നതിലും വലിയ പങ്ക് വഹിച്ചു. നിലവിൽ എംബാപ്പെക്കും ഉസ്മാൻ ഡെംബെലക്കുമൊപ്പം പി.എസ്.ജിയിലാണ് താരം പന്തുതട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.