ദോഹ: അഫ്ഗാൻ പ്രതിസന്ധിയെത്തുടർന്ന് അഭയാർഥികളായവർക്ക് മധ്യസ്ഥത വഹിക്കുന്നതിലും അവർക്ക് പിന്തുണ നൽകുന്നതിലും ഖത്തറിന്റെ വ്യക്തമായ പങ്കിനെ പ്രശംസിച്ച് യു.എൻ.എച്ച്.സി.ആർ ഏഷ്യ ആൻഡ് പസഫിക് റീജനൽ ബ്യൂറോ ഡയറക്ടർ ഇന്ദ്രിക രത്വാട്ടെ. അഫ്ഗാനിസ്താനിലെ മാനുഷിക സാഹചര്യവും റോഹിങ്ക്യൻ അഭയാർഥി പ്രതിസന്ധിയും എന്ന തലക്കെട്ടിൽ ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോൺഫ്ലിക്ട് ആൻഡ് ഹ്യൂമാനിറ്റേറിയൻ സ്റ്റഡീസ് സംഘടിപ്പിച്ച വട്ടമേശ ചർച്ചയോടനുബന്ധിച്ച് പ്രാദേശിക മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അവർ. താലിബാൻ സർക്കാറുമായി ആശയവിനിമയത്തിനുള്ള മാർഗങ്ങളുൾപ്പെടെ ദോഹയിലെ രാഷ്ട്രീയ സംവാദങ്ങൾ ഇന്ദ്രിക രത്വാട്ടെ ചൂണ്ടിക്കാട്ടി.
അഫ്ഗാൻ സാഹചര്യത്തിൽ അതിന്റെ ആരംഭം മുതൽ ഖത്തർ നിർണായക ഘടകമായി പ്രവർത്തിക്കുന്നുണ്ട്. അഫ്ഗാൻ സർക്കാറിനൊപ്പം തന്നെ പാകിസ്താൻ, ഇറാൻ എന്നീ രാജ്യങ്ങളുമായും (ഏറ്റവും കൂടുതൽ അഫ്ഗാൻ അഭയാർഥികളുള്ളത് ഈ രണ്ട് അതിർത്തി രാജ്യങ്ങളിലാണ്) ഖത്തർ അടുത്ത ഉഭയകക്ഷിബന്ധം നിലനിർത്തിപ്പോരുന്നുണ്ട്. അഫ്ഗാൻ അഭയാർഥികൾക്ക് യു.എൻ.എച്ച്.സി.ആറിനൊപ്പം ഖത്തർ ഉൾപ്പെടുന്ന അംഗരാജ്യങ്ങൾ സുപ്രധാന സംഘമാണ് -അവർ വിശദീകരിച്ചു.
അഫ്ഗാനിസ്താന്റെ മാനുഷിക പ്രതിസന്ധി പരിഹരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ ഖത്തർ, അഫ്ഗാനിസ്താനെ ഒറ്റപ്പെടുത്തരുതെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടിരുന്നു. ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കൽ പ്രവർത്തനങ്ങളിലൊന്നായി അറിയപ്പെടുന്ന അഫ്ഗാനിസ്താനിൽനിന്ന് ആളുകളെ സുരക്ഷിതമായി കുടിയൊഴിപ്പിക്കുന്ന പ്രക്രിയ ഖത്തർ സുഗമമാക്കിയിരുന്നു. 80,000 ആളുകളെ സുരക്ഷിതമായി രാജ്യത്തിന് പുറത്തെത്തിക്കുന്നതോടൊപ്പം ദോഹയിൽ അവർക്ക് അഭയവും ആരോഗ്യ സംരക്ഷണവും ഉറപ്പുനൽകുകയും ചെയ്തു.
രാഷ്ട്രീയ ഇടപെടലുകളിലും രാഷ്ട്രീയ ചർച്ചക്കുള്ള പിന്തുണയിലും മാനുഷിക വിഷയങ്ങളിൽ വാദിക്കുന്നതിലും ഖത്തറിന് ഈ മേഖലയിൽ നേതൃത്വം തുടരാനുള്ള അവസരമാണെന്നും റത്വാട്ടെ കൂട്ടിച്ചേർത്തു. ഒരു ഇസ്ലാമിക രാഷ്ട്രമെന്ന നിലയിൽ ഖത്തറിന്റെ പുരോഗമനപരമായ നിലപാട് അഫ്ഗാൻ വിഷയങ്ങളിൽ മധ്യസ്ഥത വഹിക്കാനും സംവാദത്തിന് മുന്നിൽ കൊണ്ടുവരാനും അവസരമൊരുക്കുന്നുവെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.